Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി കേരളവും; സംയുക്ത സത്യഗ്രഹം തുടങ്ങി

തിരുവനന്തപുരം- പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് സംയുക്ത സത്യഗ്രഹം ആരംഭിച്ചു. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സത്യഗ്രഹം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിരിക്കെയാണ് കേരളവും ഒറ്റക്കെട്ടായി പങ്കാളികളാകുന്നത്.  പിണറായി സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതു-ഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍ഡിഎഫ്., യുഡിഎഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നു.

ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിച്ചുവിടാന്‍ നീക്കം നടക്കുന്നുവെന്നും ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന ഒരു നിയമത്തേയും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാ, സാഹിത്യ, സാസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലുമുള്ളവര്‍, നവോത്ഥാനസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രി സത്യഗ്രഹമിരിക്കുന്ന സാഹചര്യത്തില്‍ രക്തസാക്ഷി മണ്ഡപത്തിനുചുറ്റും പോലീസ് സുരക്ഷ കര്‍ശനമാക്കി.

 

Latest News