Sorry, you need to enable JavaScript to visit this website.

ഊർജ്ജ പരിപാലന രംഗത്തെ ആഗോള മലയാളി സാന്നിധ്യം

അന്താരാഷ്ട്ര വ്യക്തിത്വങ്ങളും അതുല്യമായ ജീവിത മുഹൂർത്തങ്ങളും ഇബ്രാഹിം സുബ്ഹാന്റെ ഔദ്യോഗിക ജീവിതത്തിൽ മിഴിവേറ്റു നിൽക്കുന്നു. പരിചയവൃന്ദത്തിലെ വ്യക്തികളെല്ലാം രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും വർത്തമാന ചരിത്രഗതികളെ സ്വാധീനിച്ചവർ. മനുഷ്യാധ്വാനവും സംഘടനാ ബോധവും കൂട്ടിയിണക്കിക്കൊണ്ടുള്ള ചിന്താമുദ്ര പതിപ്പിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ക്ഷമയോടെയും കാര്യഗൗരവത്തോടെയും സ്ഥിരോത്സാഹത്തോടെയുമാണ്അഹന്തയുടെ സ്പർശമില്ലാത്ത ഈ പ്രതിഭ ശാസ്ത്ര നേട്ടത്തെ രാജ്യോപകാരത്തിനായി സമർപ്പിക്കുന്നത്. 

ലോകത്തെ ഊർജ മന്ത്രിമാരുടെ ഏറ്റവും വലിയ കൂട്ടായ്മ റിയാദ് അന്താരാഷ്ട്ര എനർജി ഫോറം ഉദ്യോഗസ്ഥനാണ് പെരിന്തൽമണ്ണ സ്വദേശിയായ ഇബ്രാഹിം  സുബ്ഹാൻ. പരേതനായ ജില്ലാ പഞ്ചായത്തംഗം ആർ.എം. അബ്ദുസുബ്ഹാൻ-ഖദീജ ദമ്പതികളുടെ ആറാമത്തെ മകൻ. കോൺഗ്രസ് നേതാവ് കെ.സാദിരിക്കോയയുടെ  മകൾ ഷാജിനയാണ് ഭാര്യ. മക്കൾ: അവൈസ്, അമൽ. പെരിന്തൽമണ്ണ ഹൈസ്‌കൂൾ, മണ്ണാർക്കാട് എം.ഇ.എസ്.കോളേജ് എന്നിവിടങ്ങളിൽ പഠനം. 
ഇറ്റലി, റഷ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ഊർജ ഉച്ചകോടികളിൽ പങ്കെടുത്തിട്ടുണ്ട്. കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഊർജ വിഷയം അവതരണത്തിന് ക്ഷണിക്കപ്പെടാറുണ്ട്. സമാധാന ജീവിത ശാസ്ത്രം ഭാവി സുരക്ഷക്ക് ആവശ്യമാണെന്നും ഇന്നത്തെ യുവാക്കളുടേയും കുട്ടികളുടേതുമാണ് നാളത്തെ കേരളമെന്നും ഇബ്രാഹിം സുബ്ഹാൻ നിരീക്ഷിക്കുന്നു. മുഖവുരകൾ ആവശ്യമില്ലാത്ത ഈ ധിഷണാശാലി നവലോകത്തെ ഊർജ ഉൽപാദന വിനിമയ രൂപത്തെ മുൻനിർത്തി മലയാളം ന്യൂസുമായി സംസാരിക്കുന്നു: 
ഊർജ വൈവിധ്യവൽക്കരണത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതാണ് ആധുനിക വികസിത രാജ്യങ്ങളിൽ പുരോഗതിയുടെ ഘടകം. സമഗ്രമായ ഒരു ഊർജ നയം ഇന്ത്യക്കുണ്ടാകണം. ഊർജത്തിന്റെ കാര്യത്തിൽ ആർക്കും തർക്കമില്ലാത്തൊരു കാര്യം ഇന്ന ത്തെ ഊർജ വ്യവസ്ഥ നാളേക്കു കൂടി സുസ്ഥിരമായിരിക്കില്ല എന്നതാണ്. ആധുനിക ലോകത്തെ ഊർജ നിക്ഷേപം തീർന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. ഊർജ സ്രോതസ്സുകളുടെയും വിഭവങ്ങളുടെയും വില ക്രമാതീതമായി വർധിക്കാൻ ഇടയുണ്ട്. ഈ ലഭ്യതക്കുറവ് കടുത്ത മത്സരത്തിലേക്കും ബലപ്രയോഗത്തിലേക്കും രാജ്യങ്ങളെ നയിക്കാൻ ഇടയുണ്ട്. രാജ്യത്തിന്റെ സിരകളിൽ ഊർജത്തിന്റെ പങ്ക് അനിഷേധ്യമാണ്. 


വിദ്യാർത്ഥിത്വത്തിൽ നിന്ന് ഉദ്യോഗത്തിലേക്ക് 1992 ലാണ് സുബ്ഹാൻ പ്രവാസത്തിലേക്ക് പറന്നത്. ആദ്യ ജോലി റിയാദിൽ ഇറ്റാലിയൻ കമ്പനിയിലെ അക്കൗണ്ടന്റ്. പിറന്ന നാടിന്റെ ഊഷ്മളതയെ താലോലിച്ചുകൊണ്ട് പ്രവാസം മൂന്നു പതിറ്റാണ്ടിനോടടുക്കുന്നു. മരുഭൂമിയുടെ ഊഷരതയിലും തെളിമയാർന്ന ഒരു ജീവിതം ഇവിടെയുണ്ട്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരെ വ്യത്യസ്ത രാജ്യക്കാരെ ആതിഥ്യം കൊണ്ട് എങ്ങനെ ചൈതന്യവത്താക്കാമെന്ന് സൗദികൾ കാണിച്ചു തരുന്നു. 
അന്താരാഷ്ട്ര വ്യക്തിത്വങ്ങളും അതുല്യമായ ജീവിത മുഹൂർത്തങ്ങളും ഇബ്രാഹിം  സുബ്ഹാന്റെ ഔദ്യോഗിക ജീവിതത്തിൽ മിഴിവേറ്റു നിൽക്കുന്നു. പരിചയ വൃന്ദത്തിലെ വ്യക്തികളെല്ലാം രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും വർത്തമാന ചരിത്ര ഗതികളെ സ്വാധീനിച്ചവർ. മനുഷ്യാധ്വാനവും സംഘടനാ ബോധവും കൂട്ടിയിണക്കിക്കൊണ്ടുള്ള ചിന്താമുദ്ര പതിപ്പിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ക്ഷമയോടെയും കാര്യ ഗൗരവത്തോടെയും സ്ഥിരോത്സാഹത്തോടെയുമാണ് അഹന്തയുടെ സ്പർശമില്ലാത്ത ഈ പ്രതിഭ ശാസ്ത്ര നേട്ടത്തെ രാജ്യോപകാരത്തിനായി സമർപ്പിക്കുന്നത്. 
സൗദി ഭരണ മന്ത്രാലയവും ജീവനക്കാരും തമ്മിലുളള ആത്മബന്ധമാണ് സൗദി ഊർജ മന്ത്രാലയത്തിന്റെ മികവ്. കമ്പനി സാരഥി മുതൽ താഴെ തട്ടിലുള്ള ജീവനക്കാർ വരെ പുതിയ ഗവേഷണത്തിലും പഠനത്തിലും മുഴുകുന്നു. ലോക ഊർജ സംവാദ പദ്ധതിയും പരസ്പര ആശ്രിതത്വത്തെ സംബന്ധിച്ച് ഈ രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദപൂർണമായ ധാരണയുമാണ് ഇന്റർനാഷണൽ എനർജി ഫോറത്തിൽ ഒപ്പിട്ടിട്ടുള്ള 72 അംഗ രാജ്യങ്ങളുടെ ഏകോപനം സൂചിപ്പിക്കുന്നത്. ഫോറത്തിലെ ഊർജ മന്ത്രിമാരുടെ ദ്വിവത്സര സമ്മേളനമാണ് ലോകത്തിലെ ഏറ്റവും മികച്ച ഊർജ സംഘാടനം. ഈ ഇടപെടലിന്റെ വ്യാപ്തിയും ശക്തിയും കാണിക്കുന്നത് സൗദി അന്താരാഷ്ട്ര എനർജി ഫോറത്തിന്റെ നിഷ്പക്ഷതക്ക് തെളിവാണ്. സൗദി തലസ്ഥാനമായ റിയാദിലെ ഒരു പ്രാദേശിക ആസൂത്രണ സ്ഥിരം സമിതിയാണ് അന്താരാഷ്ട്ര എനർജി ഫോറത്തെ പ്രോത്സാഹിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും.
സഹസ്രാബ്ദങ്ങളായി നാം പരിപാലിച്ചു വളർത്തിയ ഊർജ തനിമയുണ്ട് ഭാരതത്തിന്. കാലോചിതമായ അറിവും സാങ്കേതിക വിദ്യയും ഉൾക്കൊണ്ട് അതിനെ വികസിപ്പിക്കാനുള്ള ശ്രമം മാത്രമേ ഭരണാധികാരികൾ കാണിക്കേണ്ടതുള്ളൂ. കൃഷിയും പരിസ്ഥിതിയും സാമൂഹ്യ സംരംഭങ്ങളുടെ വിപുലമായ ശൃംഖലയും ഉപയോഗപ്പെടുത്തി ഊർജ വളർച്ചക്കായി കരുതൽ നിക്ഷേപം നടത്തണം. ഫലപ്രദമായ രീതിയിൽ ചർച്ചകളും പദ്ധതികളും മുന്നോട്ടു വെക്കുകയാണെങ്കിൽ ഇന്ത്യ ഏറ്റവും വലിയ ഊർജ സമ്പന്ന രാഷ്ട്രമാകും. ശക്തമായ ഇടപെടലുകൾക്കും ദീർഘ ദൃഷ്ടിയുളള ആശയങ്ങൾക്കും പ്രാധാന്യമുള്ള ഗൃഹപാഠം ഊർജ കാര്യത്തിൽ ആവശ്യമായി വരും.
സൗരോർജ മേഖല അനന്ത സാധ്യതയുള്ളതും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്തതുമാണ്. ഇതൊരു ദീർഘകാല സ്വപ്‌നമായിരിക്കണം. സുസ്ഥിര ഊർജ ഭാവിക്കുള്ള പ്രവർത്തനങ്ങൾ ഇപ്പോഴേ തുടങ്ങണം. ഏറ്റവും സമൃദ്ധമായി ഇവിടെ ഉള്ളത് സൗരോർജം തന്നെയാണ്.


അന്താരാഷ്ട്ര തലത്തിൽ ദ്രുതഗതിയിൽ മുന്നേറാൻ കഴിവുള്ള വിദ്യാർത്ഥി യുവജനങ്ങൾ കേരളത്തിലുണ്ട്. പക്ഷേ സാഹചര്യങ്ങൾക്കനുസരിച്ച് അവരെ രൂപപ്പെടുത്തുകയോ നയിക്കുകയോ ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. മനുഷ്യ വിഭവ ശേഷി ശരിയായ അർത്ഥത്തിൽ വിനിയോഗിക്കാൻ കിടയറ്റ നൈപുണ്യ നയം വേണം. വിചാരമതികൾക്കേ ഭാവി കേരളത്തെ രൂപവൽക്കരിക്കാനാകു. അതിശയകരമായ ബുദ്ധി ശക്തിയും ചടുലമായ വ്യക്തിത്വവുമുള്ളവരെയാണ് ഊർജ മേഖലക്കാവശ്യം. രാജ്യത്തിന്റെ സർവ പ്രതീക്ഷകളും വളർന്നുവരുന്ന വിദ്യാർത്ഥി യുവജനങ്ങളിലാണ്. വിദ്യാഭ്യാസ ആസൂത്രണത്തിലും പഠന നിലവാരത്തിലും ഇത് പ്രതിഫലിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.
നമ്മുടെ നാടിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന സാമൂഹിക നീതിയും വൈവിധ്യതയും ഉറപ്പാക്കുന്ന സുസ്ഥിരമായ ഒരു വികസന ക്രമത്തിനുള്ള അന്വേഷണങ്ങൾ പൊതുചർച്ചക്കും അവലോകനത്തിനുമായി സമർപ്പിക്കപ്പെടണം. 
നാം അഭിമുഖീകരിക്കുന്ന പ്രധാന വികസന വെല്ലുവിളി മാലിന്യ പ്രശ്‌നമാണ്. പൊതുശുചിത്വത്തിൽ കേരളം ലോകത്തിനു മുമ്പിൽ നാണിച്ചു നിൽക്കേണ്ട ഗതികേടാണ്. പ്രകൃതി ശോഷണത്തിന്റെയും മലിനീകരണത്തിന്റെയും സാംക്രമിക രോഗങ്ങളുടെയും അന്ധാളിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് നാം ഉള്ളത്. പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ഉയർന്ന ജീവിത നിലവാരം സാധ്യമാക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് മാലിന്യ സംസ്‌കരണം. ലോകത്തേക്ക് സമൂഹത്തെ നയിക്കാനുള്ള മാർഗങ്ങളും ഉപകരണങ്ങളും അനുദിനം കണ്ടുപിടിച്ചുകൊണ്ടേയിരിക്കുമ്പോഴും പ്രകൃതി പരിസ്ഥിതി പരിപാലനത്തിൽ നാം പരാജിതരാണ്. 
മാലിന്യം അസഹനീയമായി മാറുന്ന ഇന്ത്യയിൽ മാലിന്യം ഒരു സമ്പത്തായും ഊർജോൽപാദന സ്രോതസ്സായും മാറ്റണം. പല യൂറോപ്യൻ അറബ് രാജ്യങ്ങളിലും ഊർജ്ജ സംരക്ഷണ മേഖലയിൽ വിദഗ്ധ പഠനങ്ങൾ പുരോഗമിക്കുകയാണ്. ഊർജ പ്രതിസന്ധി വളരുന്നതോടൊപ്പം തന്നെ വളർന്നുകൊണ്ടിരിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും.
പ്രവാസം അതെത്ര പ്രയാസമുള്ളതാണെങ്കിലും നമ്മുടെ രാജ്യത്തിന്റെ പുരോഗതിയിലും വികാസത്തിലും പ്രവാസത്തിന്റെ സംഭാവന ചെറുതല്ല. കുടുംബത്തിനും നാടിനും വേണ്ടി കഷ്ടതയനുഭവിക്കുന്നവരാണ് പ്രവാസികൾ. ജീവിതത്തിന്റെ നല്ല നിമിഷങ്ങളാണ് പ്രവാസികൾ മരുഭൂമിയിൽ ഹോമിക്കുന്നത്. ഈ സമർപ്പണത്തിനിടക്ക് സമ്പാദ്യത്തിലെ വളരെ ചെറിയ വിഹിതമെങ്കിലും സ്വന്തത്തിനായി മാറ്റിവെക്കണം. വരവിനനുസരിച്ചു മാത്രം ചെലവു നിയന്ത്രിക്കാൻ കുടുംബത്തോടു പറയണം.
സ്വന്തം ജീവിതാനുഭവത്തെ മുൻനിർത്തി മനസ്സ് പാകപ്പെടുത്തിയവരാണ് പ്രവാസികൾ. എല്ലാ വിഭാഗം ജനങ്ങളുമായും ഇടപഴകി ഒരു ആഗോള വ്യക്തിത്വം നേടിയെടുക്കാനും ആർക്കും ദ്രോഹമുണ്ടാക്കാതെ സമാധാനപരമായി ജീവിക്കാനും ശീലിച്ചവരാണ് പ്രവാസികൾ. നല്ല കാഴ് ചകളും നല്ല സന്ദർഭങ്ങളും നിറഞ്ഞതാണ് പ്രവാസമെന്നും ഇബ്രാഹിം സുബ്ഹാൻ അടിവരയിടുന്നു. 


 

Latest News