Sorry, you need to enable JavaScript to visit this website.

വി.സി. സജ്ജനാർ: ഏറ്റുമുട്ടൽ കൊലകളുടെ ആശാൻ

ഹൈദരാബാദ്- വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പ്രതികളെയും പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചു കൊന്നതോടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ. 1996 ബാച്ചിലെ ഐ.പി.എസ് ഓഫീസർ. കുറ്റവാളികൾക്ക് ഒട്ടും വൈകാതെ ശിക്ഷ നടപ്പാക്കണമെന്ന വിശ്വാസക്കാരൻ. 
ഹൈദരാബാദിലെ ഏറ്റുമുട്ടൽ കൊല, പോലീസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന സംശയം ബലപ്പെടുന്നത്, അതിന്റെ സൂത്രധാരൻ സജ്ജനാർ ആണെന്ന് വ്യക്തമായതോടെയാണ്. ഇതിനുമുമ്പും ഇദ്ദേഹം ഇത്തരത്തിൽ പല ഏറ്റുമുട്ടൽ കൊലകളും നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം 2008ൽ പെൺകുട്ടികൾക്കുമേൽ ആസിഡ് ആക്രമണം നടത്തിയ മൂന്ന് എൻജിനീയറിംഗ് വിദ്യാർഥികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണ്.  സജ്ജനാർ വാറങ്കൽ ജില്ലാ പോലീസ് മേധാവിയായിരിക്കേയായിരുന്നു സംഭവം. ഇന്ന് ഹൈദരാബാദ് പോലീസ് പറഞ്ഞ അതേ ന്യായീകരണമായിരുന്നു അന്ന് വാറംഗൽ പോലീസും പറഞ്ഞത്. പ്രതികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നീ മൂന്ന് വിദ്യാർഥികളെയും അന്ന് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് കൊണ്ടുപോയിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് ശ്രമിക്കുമ്പോഴായിരുന്നു സംഭവം. 
തെളിവെടുപ്പിനിടെ പ്രതികളിലൊരാൾ ഒരു നാടൻ തോക്ക് പുറത്തെടുത്ത് വെടിവെക്കുകയും, ഒരു പോലീസുകാരനു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് പോലീസ് അന്ന് പറഞ്ഞത്. സ്വരക്ഷക്കുവേണ്ടിയാണ് പോലീസ് തിരിച്ച് വെടിവെക്കുകയും മൂന്ന് പേരെയും കൊലപ്പെടുത്തുകയും ചെയ്തതെന്നാണ് അന്ന് സജ്ജനാർ പറഞ്ഞത്.
എന്നാൽ പോലീസ് ഭാഷ്യം വ്യാജമാണെന്ന് അന്ന് കൊല്ലപ്പെട്ട മൂന്ന് വിദ്യാർഥികളുടെയും ബന്ധുക്കൾ ആരോപിച്ചിരുന്നു. പോലീസ് തങ്ങളുടെ കുട്ടികളെ ആസൂത്രിതമായി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് അവർ ആരോപിച്ചത്.  മനുഷ്യാവകാശ പ്രവർത്തകരും ഇതേ വാദം ഉന്നയിച്ചിരുന്നു. 
എന്നാൽ ആ സംഭവത്തോടെ സജ്ജനാർ പൊതുജനങ്ങൾക്കിടയിൽ ഹീറോ ആയി ഉയർന്നു. അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുകയും, പലയിടത്തും ഇദ്ദേഹത്തിന് സ്വീകരണം ലഭിക്കുകയും ചെയ്തു. ഹൈദരാബാദ് സംഭവമുണ്ടായപ്പോൾ മുമ്പ് വാറങ്കലിൽ നടപ്പാക്കിയ പോലീസ് നടപടി ഇവിടെയും ആവർത്തിക്കണമെന്ന് സോഷ്യൽ മീഡിയയിൽ പലരും ആവശ്യപ്പെട്ടിരുന്നു. 
വാറംഗലിൽ മാത്രമല്ല, മുമ്പ് രഹസ്യാന്വേഷണ പോലീസ് തലവനായിരുന്നപ്പോഴും സജ്ജനാർ ഏറ്റുമുട്ടൽ കൊല നടത്തിയതായി ആരോപണമുണ്ട്. നക്‌സലൈറ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നടത്തിയിരുന്ന അദ്ദേഹം ഹൈദരാബാദിൽ നക്‌സലൈറ്റ് ആയിരുന്ന നയീമുദ്ദീൻ എന്നയാളെ ഏറ്റുമുട്ടലിൽ  വധിക്കുന്നതിനുള്ള പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതായും ആരോപണമുണ്ട്.
 

Tags

Latest News