Sorry, you need to enable JavaScript to visit this website.

കിസേക്ക വീണ്ടും, ഗോകുലം മുന്നില്‍

മഡ്ഗാവ് - ഐ-ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിലെ രണ്ടാമത്തെ മത്സരത്തിലും ഗോകുലം കേരളാ എഫ്.സിക്ക് ജയം. പത്തു പേരുമായാണ് മലബാരിയന്‍സ് 1-0 ന് ഇന്ത്യയുടെ യുവ ടീമായ ഇന്ത്യന്‍ ആരോസിനെ കീഴടക്കിയത്. തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും ഹെന്റി കിസേക്ക ലക്ഷ്യം കണ്ടു. നാല്‍പത്തൊമ്പതാം മിനിറ്റിലായിരുന്നു ഗോള്‍. നെരോക്ക എഫ്.സിയെയാണ് കോഴിക്കോട്ട് നടന്ന ഉദ്ഘാടന മത്സരത്തില്‍ ഗോകുലം തോല്‍പിച്ചത്. നോര്‍ത്ഈസ്റ്റ് ഡാര്‍ബിയില്‍ നെരോക്ക എഫ്.സി 1-0 ന് ഐസ്വാള്‍ എഫ്.സിയെ തോല്‍പിച്ചു. 
മാര്‍ക്കസ് ജോസഫും കിസേക്കയും ഗോകുലത്തിന്റെ ആക്രമണം നയിച്ചപ്പോള്‍ ആദ്യ പകുതി ആവേശകരമായിരുന്നു. ആരോസ് ഗോളി സമിക് മിത്ര പലതവണ ടീമിന്റെ രക്ഷക്കെത്തി. ഇന്ത്യന്‍ യുവനിര ഒപ്പത്തിനൊപ്പം പൊരുതി. ആരോസിന്റെ ഹര്‍മന്‍പ്രീത് സിംഗും അമന്‍ ഛേത്രിയും ഗോകുലം പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. ഇരു ടീമുകളും പലതവണ ഗോളിനടുത്തെത്തി. 
രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ഗോകുലം ലക്ഷ്യം കണ്ടു. ജസ്റ്റിന്‍ ജോര്‍ജിന്റെ ലോംഗ് പാസ് ബോക്‌സില്‍ സ്വീകരിച്ച കിസേക്ക ശക്തമായ വലങ്കാലനടിയോടെ വലയിട്ടു കുലുക്കി. 

Latest News