Sorry, you need to enable JavaScript to visit this website.

നമ്മൾ കപടന്മാർ, തോറ്റ ജനത

കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ അരുംകൊലകൾ നടക്കുന്ന പ്രദേശമാണ് കേരളം. പാർട്ടി മാറിയാൽ പോലും കൊല ചെയ്യപ്പെടുന്നു. രാജ്യത്തെ പല കലാലയങ്ങളിലും യൂനിവേഴ്‌സിറ്റികളിലും ശക്തമായ വിദ്യാർത്ഥി സമരങ്ങൾ നടക്കുമ്പോൾ ഇവിടെ നടക്കുന്നത് ഗുണ്ടായിസമാണ്. നമുക്കു ജാതിയില്ല എന്നു പറയുമ്പോഴും എവിടെയെങ്കിലും വല്ല പ്രണയ വിവാഹങ്ങളൊഴികെ ജാതിയെ മറികടക്കുന്ന വിവാഹങ്ങൾ നടക്കുന്നില്ല. അപ്പോഴും കെവിനെ പോലുള്ളവർ ധാരാളം. ലൗവ് ജിഹാദ് ആരോപണങ്ങളും സദാചാര പോലീസിംഗും വർധിക്കുന്നു. 

ഏറ്റവും ആധുനികരാണെന്നു ഒരു വശത്ത് അഹങ്കരിക്കുന്നവരാണല്ലോ മലയാളികൾ. എന്നാൽ വാസ്തവമെന്താണ്? ഏറ്റവും പ്രാകൃതരാണ് നമ്മളെന്നതല്ലേ യാഥാർഥ്യം? ഒപ്പം ഏറ്റവും കാപട്യം ഉള്ളിൽ കൊണ്ടുനടക്കുന്നവരും. പണ്ട് ആത്മഹത്യക്കുമുന്നെ സുബ്രഹ്മണ്യദാസ് എന്ന യുവാവ് എഴുതിവെച്ച പോലെ മലയാളികൾ തോറ്റ ജനതയല്ലാതെ മറ്റെന്ത്? എന്തിനെയും കക്ഷി രാഷ്ട്രീയ കണ്ണടയിലൂടെ മാത്രം കാണുക,  നിഷ്ഠുരമായ കൊലപാതകങ്ങളെയും അഴിമതികളെയും ഏതു ജനവിരുദ്ധ നയങ്ങളെയും പോലും ന്യായീകരിക്കുക, ജാതി - ജെന്റർ - മതം പോലുള്ള വിഷയങ്ങളിൽ തികഞ്ഞ കാപട്യവും കാലഹരണപ്പെട്ട നിലപാടുകളും കൈക്കൊള്ളുക, ഘോരഘോരം പുരോഗമനം പ്രസംഗിക്കുകയും അതൊന്നും ജീവിതത്തിൽ പ്രയോഗിക്കാതിരിക്കുകയും ചെയ്യുക, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെയെല്ലാം അധിക്ഷേപിച്ച് നമ്പർ വൺ എന്നഹങ്കരിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ സൂചനയല്ലാതെ മറ്റെന്താണ്?
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായ സംഭവം തന്നെ നോക്കൂ. ഏഴു വർഷം കൊണ്ട് ആറു കുട്ടികളെ പ്രസവിച്ച്, ഭർത്താവിന്റെ പീഡനങ്ങളെല്ലാം സഹിച്ച്, തികഞ്ഞ ദാരിദ്ര്യത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയുടെ ജീവിതം വാർത്തയായപ്പോഴും കുഞ്ഞ് മണ്ണുമാന്തിത്തിന്നോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. തിന്നെന്ന് ഒരു വിഭാഗം രാഷ്ട്രീയക്കാരും മാധ്യമങ്ങളും വാദിച്ചു. മറുവശത്ത് അത്തരം ദാരിദ്ര്യം കേരളത്തിലില്ലെന്നും നമ്മൾ നമ്പർ വൺ ജനതയാണെന്നും അതിനെ അധിക്ഷേപിക്കാനാണ് ഇത്തരം വാർത്തകളെന്നും മറ്റൊരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയക്കാരും വാദിച്ചു. എന്തർത്ഥമാണ് ഇതിലെല്ലാം ഉള്ളത്? അവരുടെ അവസ്ഥ മനസ്സിലാക്കി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക എന്നതിൽപരം മറ്റെന്തിന് എന്താണ് പ്രസക്തി? നമ്പർ വൺ എന്ന അവകാശവാദം തന്നെ നോക്കുക. ചരിത്രപരമായി ഒരിക്കലും ഒരു രാഷ്ട്രമായിരുന്നിട്ടില്ലാത്ത ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ വളർച്ച ചരിത്രപരമായി തന്നെ വളരെ വ്യത്യസ്തമാണ്. അത് സ്വാഭാവികമാണ്. പല വിഷയങ്ങളിലും നമ്മൾ മുന്നിലാണ്. എത്രയോ വിഷയങ്ങളിൽ പിന്നിലുമാണ്. ഉദാഹരണമായി പ്രാഥമിക വിദ്യാഭ്യാസത്തിൽ മുന്നിലായിരിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിൽ പിറകിലാണ്. പ്രാഥമിക ആരോഗ്യ മേഖലയിൽ മുന്നിലായിരിക്കുമ്പോൾ ജീവിത ശൈലി രോഗങ്ങലളിലും ആത്മഹത്യയിലും മദ്യപാനത്തിലുമൊക്കെയും മുന്നിലാണ്. സ്ത്രീവിദ്യാഭ്യാസത്തിൽ മുന്നിലാണെങ്കിലും ഒന്നിരുട്ടിയാൽ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. രാഷ്ട്രീയ രംഗത്തും അധികാരത്തിലുമൊക്കെ സ്ത്രീകൾ എത്രയോ പിറകിലാണ്. ലിംഗ നീതിയെ കുറിച്ചു പറയുമ്പോഴും ആരാധനാലയങ്ങളിൽ പോലും സ്ത്രീകൾക്ക് വിലക്കു നിലനിൽക്കുന്നു.

അതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ ആൾക്കൂട്ട ആക്രമണം നടക്കുന്നു. ട്രാൻസ്‌ജെന്ററുകളുടെ ജീവിതത്തിൽ അയൽ സംസ്ഥാനങ്ങളേക്കാൾ എത്രയോ പിറകിലാണ് നാം. കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ അരുംകൊലകൾ നടക്കുന്ന പ്രദേശമാണ് കേരളം. പാർട്ടി മാറിയാൽ പോലും കൊല ചെയ്യപ്പെടുന്നു. രാജ്യത്തെ പല കലാലയങ്ങളിലും യൂനിവേഴ്‌സിറ്റികളിലും ശക്തമായ വിദ്യാർത്ഥി സമരങ്ങൾ നടക്കുമ്പോൾ ഇവിടെ നടക്കുന്നത് ഗുണ്ടായിസമാണ്. നമുക്കു ജാതിയില്ല എന്നു പറയുമ്പോഴും എവിടെയെങ്കിലും വല്ല പ്രണയ വിവാഹങ്ങളൊഴികെ ജാതിയെ മറികടക്കുന്ന വിവാഹങ്ങൾ നടക്കുന്നില്ല. അപ്പോഴും കെവിനെ പോലുള്ളവർ ധാരാളം. ലൗവ് ജിഹാദ് ആരോപണങ്ങളും സദാചാര പോലീസിംഗും വർധിക്കുന്നു. പ്രത്യക്ഷത്തിൽ എന്തു തോന്നിയാലും മിക്കവാറും പേരുടെ ദൈനംദിന ജീവിതത്തിൽ ജാതിബോധം ശക്തമായി നിലനിൽക്കുന്നു. സവർണ വാലുള്ളവരുടെയും അതിനെ ന്യായീകരിക്കുന്നവരുടെയും എണ്ണം കൂടിവരുന്നു. വിനായകനും മധുവും ജിഷയും ഹാദിയയും മദനിയും വാളയാർ സഹോദരിമാരുമൊക്കെ നമ്മുടെ കാപട്യത്തിനു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. പോലീസതിക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ലോക്കപ്പ് മർദനങ്ങൾ മുതൽ വ്യാജ ഏറ്റുമുട്ടൽ കൊലകൾ വരെ ആവർത്തിക്കുന്നു. നയമല്ല എന്നു പറയുമ്പോഴും ഭീകര നിയമങ്ങളുടെ ഉപയോഗം വർധിക്കുന്നു. ജനകീയ സമരങ്ങളെ മുഴുവൻ അടിച്ചമർത്തുന്നു. പ്രതികരിക്കുന്നവരെ മാവോയിസ്റ്റും മുസ്‌ലിം ഭീകരരുമാക്കി മുദ്രയടിക്കുന്നു. മറുവശത്ത് സമ്മർദങ്ങൾ താങ്ങാനാവാതെ പോലീസിൽ പോലും ആത്മഹത്യകൾ പെരുകുന്നു. എവിടെയും ഉപയോഗിക്കുന്ന ഒന്നായി ഇസ്‌ലാമോഫോബിയയെ ഉപയോഗിക്കുന്നു. ആദിവാസികളുടെ അവസ്ഥയിൽ നാം എത്രയോ പിറകിൽ. 

മറുവശത്ത് കാർഷിക, വ്യവസായിക മേഖലകളെല്ലാം തകർന്നു തരിപ്പണമായിരിക്കുന്നു. പ്രവാസി പണവും ടൂറിസവും ഭാഗ്യക്കുറിയും മദ്യവുമില്ലെങ്കിൽ മാത്രമല്ല, ലോറികൾ പണി മുടക്കിയാൽ പോലും എല്ലാവരും പട്ടിണി കിടക്കുന്ന അവസ്ഥ. എന്തിനും കേന്ദ്രത്തോട് യാചിക്കേണ്ട ദുരന്തം. പരിസ്ഥിതി നശീകരണത്തിൽ മുന്നിലായ നമ്മൾ മാലിന്യസംസ്‌കരണത്തിൽ ഏറ്റവും പിറകിൽ. സ്വന്തം ഇടങ്ങൾ വൃത്തിയാക്കി പൊതുയിടങ്ങൾ നശിപ്പിക്കുന്നു. ഇല്ലാതാകുന്ന പാടങ്ങളും പെരുകുന്ന ക്വാറികളും നശിക്കുന്ന ജലാശയങ്ങളും തകരുന്ന പശ്ചിമഘട്ടവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ നാം നേരിടാൻ പോകുന്ന ദുരന്തങ്ങളുടെ നേർക്കാഴ്ചകളാകുന്നു. പ്രളയം പോലും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. ഏതു ജനകീയ വിഷയത്തെ പോലും കാണുന്നത് കക്ഷി രാഷ്ട്രീയ താൽപര്യത്തിൽ. പൊതുമേഖലയെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുമ്പോഴും സ്വകാര്യ ആശുപത്രികളും അൺഎയ്ഡഡ്് വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ കാറുകളും സ്വകാര്യ മൊബൈൽ കമ്പനികളും വൻകിട മാളുകളും മാത്രം മതി നമുക്ക്. ഫാസിസത്തെ കുറിച്ചൊക്കെ പ്രസംഗിക്കുമ്പോഴും അടിയന്തരാവസ്ഥയെ അനുകൂലിച്ച ജനത. സാമൂഹ്യ നീതിയെ കുറിച്ച് പ്രസംഗിക്കുമ്പോഴും മണ്ഡലിനും അംബേദ്കർക്കും നേരെ മുഖം തിരിച്ച ജനത. ഇപ്പോഴും ജാതി സംവരണത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാത്ത വലിയൊരു സമൂഹം. 

ആരംഭത്തിൽ സൂചിപ്പിച്ച പോലെ ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിലെ വളർച്ച വ്യത്യസ്തമാണ്. അത്തരം സാഹചര്യത്തിൽ ഇല്ലാത്ത അവകാശവാദങ്ങൾ അവസാനിപ്പിച്ച് യാഥാർത്ഥ്യത്തെ യാഥാർത്ഥ്യമായി കാണാനാണ് ശ്രമിക്കേണ്ടത്. മാത്രമല്ല, കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ - അതു ഗുണകരമായാലും മോശമായാലും - മാറിമാറി ഭരിച്ച ഇരുമുന്നണികൾക്കും മാത്രമല്ല, നവോത്ഥാന - ദേശീയ പ്രസ്ഥാനങ്ങൾക്കും മിഷനറി പ്രവർത്തനങ്ങൾക്കുമൊക്കെ പങ്കുണ്ട്. അതു മറച്ചുവെച്ച് എല്ലാറ്റിനേയും കക്ഷി രാഷ്ട്രീയ താൽപര്യത്തിൽ കാണുന്നതു തന്നെ പ്രാകൃതാവസ്ഥയുടെയും കാപട്യത്തിന്റെയും ഉദാഹരണമാണ്. സമീപകാലത്തെ നമ്മുടെ പിറകോട്ടുപോക്കിനും എല്ലാവരും ഉത്തരവാദികളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പറയാനാകുക നമ്മൾ ഒരു തോറ്റ ജനത തന്നെയാണെന്നാണ്. അതു മറച്ചുവെക്കാൻ ഭംഗിയായി മറ്റു ജനവിഭാഗങ്ങളെ അധിക്ഷേപിക്കുന്നു എന്നു മാത്രം.
 

Latest News