Sorry, you need to enable JavaScript to visit this website.

ആഗോള ആഘോഷമാകുന്ന യു.എ.ഇ ദേശീയ ദിനം

അറിയാതെയാണെങ്കിൽ പോലും ഭരണകർത്താക്കൾ കൊച്ചുകുട്ടി യോടു പോലും വിവേചനം കാണിക്കരുതെന്ന വലിയൊരു സന്ദേശം കൂടി ദേശീയ ദിനാഘോഷ വേളയിൽ ലോകത്തിന് നൽകാനായതും ആഗോള ശ്രദ്ധ നേടുന്നതായി. 

ലോക ഭൂപടത്തിൽ ഒരു പൊട്ടിന്റെ സ്ഥാനമേ യു.എ.ഇക്കുള്ളൂവെങ്കിലും ആഗോള ഗ്രാമമായി ഇന്ന് യു.എ.ഇ മാറിയിരിക്കുന്നു. ലോകം ഉറ്റുനോക്കുന്ന സംസ്‌കാര സമ്പന്നതയുടെ, വികസനത്തിന്റെ പൂങ്കാവനമായി ഈ കൊച്ചു രാജ്യത്തിനു 48 വർഷം കൊണ്ട് മാറാനായത് ഭരണകർത്താക്കളുടെ ദീർഘവീക്ഷണവും മാനവ കുലത്തോടുള്ള സഹിഷ്ണുതയും സ്‌നേഹ സമ്പന്നതയുമാണ്. പിന്നിട്ട വഴികൾ മറക്കാതെ സാംസ്‌കാരിക പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ടു തന്നെ  കാലത്തിനനുസരിച്ച മാറ്റം പൈതൃക ശേഷിപ്പുകളിൽ ലയിപ്പിച്ചുകൊണ്ട് മണലാരണ്യത്തെ അത്യാധുനിക സാങ്കേതിക വികസനത്തിന്റെ കളിത്തൊട്ടിലാക്കി ലോക നെറുകയിലേക്ക് ഉയർത്താൻ യു.എ.ഇ ഭരണകർത്താക്കൾക്കായി എന്നതാണ് യു.എ.ഇയെ മറ്റു രാഷ്ട്രങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ലോക നേതാക്കൾക്ക് മാതൃകയാക്കാവുന്ന കനിവിന്റെയും കരുതലിന്റെയും ഉടമകളാണ് യു.എ.ഇ ഭരണകർത്താക്കൾ. 48 ാം ദേശീയ ദിനാഘോഷം ലോകത്തിന്റെ തന്നെ ആഘോഷമായി മാറിയതും ഒരുപക്ഷേ ഈ ഭരണകർത്താക്കളുടെ ഉദാര സമീപനമാകാം. യു.എ.ഇയിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന  ദേശീയ ദിനാഘോഷം കൊച്ചു കേരളത്തിൽ വരെ പ്രതിഫലിക്കാൻ കാരണം ആർക്കും സ്വാഗതമോതിയുള്ള അവരുടെ വിശാല മനസ്‌കത തന്നെയാണ്. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ദേശീയ ദിനാഘോഷ സമ്മാനമായി ഇന്ത്യ പുറത്തിറക്കിയ പോസ്റ്റൽ കവർ. ഇരു രാജ്യങ്ങളുടെയും രാഷ്ട്രപിതാക്കന്മാരും സഹിഷ്ണുതയുടെ വക്താക്കളുമായ മഹാത്മാ ഗാന്ധിയുടെയും ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത കവർ പുറത്തിറക്കിക്കൊണ്ടാണ് ഇന്ത്യ ആഘോഷത്തിൽ പങ്കാളിയായത്. 
ദേശീയ ദിനാഘോഷം തങ്ങളുടെ പൗരന്മാർ മാത്രം ആഘോഷിക്കേണ്ട ഒന്നല്ലെന്ന കാഴ്ചപ്പാടോടു കൂടിയായിരുന്നു ദേശീയ ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച ഓരോ പരിപാടികളും. അതോടൊപ്പം തന്നെ കഷ്ടപ്പാടിന്റെ ഇന്നലെകളെ വിസ്മരിക്കരുതെന്ന ഓർമപ്പെടുത്തലുകളും വർണാഭമായ പരിപാടികളിൽ നിഴലിച്ചിരുന്നു. മീൻപിടിത്തവും മുത്തുവാരലും ഉപജീവനമായിരുന്ന, മരുഭൂമിയും കടലും മാത്രം സ്വന്തമായുണ്ടായിരുന്ന ഏഴ് എമിറേറ്റുകൾ ശൈഖ് സായിദിന്റെ നേതൃത്വത്തിൽ യു.എ.ഇ എന്ന രാജ്യത്തിനു കീഴിൽ അണിനിരന്നതു മുതൽ ഇന്നു വരെയുള്ളതും വരാനിക്കുന്നതും രാജ്യത്തിന്റെ സ്വപ്‌നങ്ങളും ചേർത്തുവെച്ചുകൊണ്ട് സായിദ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ അവതരിപ്പിച്ച ലഗസി ഓഫ് ആൻസെസ്റ്റേഴ്‌സ് മാത്രം മതി, യു.എ.ഇയെ മനസ്സിലാക്കാൻ. ഐക്യത്തിന്റെ കരുത്തിൽ ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്ന യു.എ.ഇയുടെ ഭൂതവും വർത്തമാനവും ഭാവിയും വിളിച്ചറിയിക്കുന്ന പരിപാടിക്കു സാക്ഷ്യം വഹിക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വിശിഷ്ടാതിഥികളും സാധാരണക്കാരുമായ ആയിരങ്ങളാണ് എത്തിയത്.  
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, അബുദാബി കിരീടാവാകശിയും യു.എ.ഇ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, സുപ്രീം കൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി തുടങ്ങിയ ഭരണകർത്താക്കളും മന്ത്രിമാരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമടക്കം എണ്ണിയാൽ ഒടുങ്ങാത്തത്ര പേരാണ് സ്റ്റേഡിയത്തിൽ മാത്രം എത്തിയത്. അതുപോലെ വിവിധയിടങ്ങളിൽ നടന്ന വ്യത്യസ്തതയാർന്ന പരിപാടികളിൽ പതിനായിരങ്ങളാണ് അണിനിരന്നത്. അന്നം നൽകുന്ന രാജ്യത്തോടുള്ള കൂറ് പ്രകടമാക്കാൻ ഏതൊക്കെ രീതിയിലുള്ള ആഘോഷമാണോ സംഘടിപ്പിക്കാൻ കഴിയുന്നത് അതെല്ലാം ചെയ്ത് സ്വദേശികൾക്കൊപ്പം വിദേശികളും കൂടിയപ്പോൾ രാജ്യമെങ്ങും വിസ്മയ കാഴ്ചകളാണ് പൊട്ടിവിടർന്നത്. 
ലോക ജനതയെ ഒരു വേർതിരിവുമില്ലാതെ മാടിവിളിക്കുന്ന യു.എ.ഇ റെക്കോർഡ് സൃഷ്ടിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. ദേശീയ ദിനാഘോഷ വേളയിലും അതിനു വഴിയൊരുക്കിയായിരുന്നു സഹിഷ്ണുതയുടെ സന്ദേശവുമായി യു.എ.ഇയുടെ സ്വന്തം വിമാനമായ എമിറേറ്റ്‌സ് നടത്തിയ ആകാശ യാത്ര. 145 രാജ്യങ്ങളിലെ 500 യാത്രക്കാരുമായി യു.എ.ഇക്കു മീതെ വട്ടമിട്ടു പറന്നുകൊണ്ട് ഗിന്നസ് ലോക റെക്കോർഡിൽ പുതിയ അധ്യായം രചിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ രാജ്യങ്ങളിലെ പൗരൻമാരുമായി നടത്തിയ ആദ്യ യാത്രയെന്ന പേരിൽ ഈ റെക്കോർഡ് ഇനി എന്നും യു.എ.ഇക്ക് സ്വന്തമായിരിക്കും. സഹിഷ്ണുതയുടെ സന്ദേശം വിളിച്ചോതി വിവിധ രാജ്യക്കാർ അവരുടെ പരമ്പരാഗത വേഷത്തിൽ കൊകോർത്തു നിൽക്കുന്ന ചിത്രം വിമാനത്തിൽ ആലേഖനം ചെയ്തുകൊണ്ടു നടത്തിയ യാത്ര വിളിച്ചറിയിക്കുന്നതും വിവേചനമില്ലാത്ത സ്‌നേഹത്തിന്റെ സന്ദേശമാണ്. 
അറിയാതെയാണെങ്കിൽ പോലും ഭരണകർത്താക്കൾ കൊച്ചുകുട്ടിയോടു പോലും വിവേചനം കാണിക്കരുതെന്ന വലിയൊരു സന്ദേശം കൂടി ദേശീയ ദിനാഘോഷ വേളയിൽ ലോകത്തിന് നൽകാനായതും ലോക ശ്രദ്ധ നേടുന്നതായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് യു.എ.ഇയിൽ നൽകിയ സ്വീകരണത്തിനിടെ അശ്രദ്ധ മൂലം കൈകൊടുക്കാൻ കഴിയാതെ പോയ, സ്വീകരിക്കാൻ നിന്ന ബാലികമാർക്കിടയിലെ ഒരു ബാലികയായ ആയിഷക്ക്  അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ കുട്ടിയുടെ വീട്ടിലെത്തി ഒത്തിരി തവണ സ്‌നേഹ ചുംബനം നൽകിയാണ് അറിയാതെ സംഭവിച്ചു പോയ പോരായ്മക്ക് പരിഹാരം കണ്ടത്. ആയിഷക്ക് ശൈഖ് മുഹമ്മദ് നൽകിയ സ്‌നേഹ ചുംബനം മാത്രം മതി യു.എ.ഇയുടെ സഹിഷ്ണുതയും സ്‌നേഹ സമ്പന്നതയും മനസ്സിലാക്കാൻ. അതുകൊണ്ടു തന്നെയാണ് യു.എ.ഇ ദേശീയ ദിനാഘോഷം ആഗോള ആഘോഷമായി മാറുന്നതും. 


 

Latest News