Sorry, you need to enable JavaScript to visit this website.

മല്‍ബുവിന് പണി ശരിയാകുന്നു; മല്‍ബു കഥ വായിക്കാം, അലിവിന്റെ പര്യായം അലവി 

മൽബുവിന്റെ കാര്യത്തിൽ നിരാശ എവറസ്റ്റ് കൊടുമുടി കയറിയിരിക്കുമ്പോഴാണ് പുതിയ സംഭവവികാസങ്ങൾ. വലിയ ആത്മവിശ്വാസത്തോടെയാണ് വിമാനം കയറി വന്നതെങ്കിലും മൂന്ന് മാസം അന്വേഷിച്ചിട്ടും ഒത്ത ഒരു പണി കണ്ടെത്താനായില്ല. രണ്ടാം പ്രവാസം അങ്ങനെ തികഞ്ഞ പരീക്ഷണമായി മാറിയിരിക്കുമ്പോഴാണ് പഴയ കഫീൽ തന്നെ അന്വേഷിക്കുകയും സുഹൃത്ത് ഹംസയെക്കൊണ്ട് നാട്ടിലേക്ക് വിളിപ്പിക്കുകയും ചെയ്തിരിക്കുന്നത്.
ഹംസയുടെ ഫോൺ ഒരു ഞരമ്പ് രോഗിയുടെ വിളിയായി മൽബിക്ക് തോന്നിയതും യഥാസമയം തന്നെ ആ വിവരം അറിയിച്ചതുമൊക്കെ ഒരു നിമിത്തമാണ്. പലരും ചെയ്യുന്നതു പോലെ ഏതോ ഒരു പിരാന്തൻ വിളിച്ചുവെന്ന് കരുതി അവൾ അവഗണിച്ചിരുന്നുവെങ്കിൽ ഇതൊന്നും അറിയില്ലായിരുന്നു.


കൂടുതല്‍ മല്‍ബു കഥകള്‍ക്ക് മല്‍ബു പേജ് ലൈക്ക് ചെയ്യാം


അലിവിന്റെ പര്യായമാണ് യഥാർഥത്തിൽ കഫീൽ അലവി. മൂന്ന് മാസമായി തൊട്ടുടുത്തുണ്ടായിട്ടും അദ്ദേഹത്തെ കുറിച്ച് ഓർക്കാത്തതിന് മൽബു സ്വയം പഴിച്ചു. 
എത്ര ക്രൂരനാണ് ഞാൻ: മൽബു സ്വയം പറഞ്ഞു.
ആദ്യ പ്രവാസത്തിൽ കഫീലായിട്ടും സ്വന്തക്കാരനെ പോലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും ആവശ്യം വന്നപ്പോഴൊക്കെ കൈയയച്ച് സഹായിക്കുകയും ചെയ്ത മഹാനായ കഫീൽ അലവിയെ മറന്നു പോയി. 
നാട്ടിൽനിന്ന് മടുത്ത് വീണ്ടും കടൽ കടന്ന് എത്തിയ ഉടൻ തന്നെ അദ്ദേഹത്തെ പോയി കാണണമായിരുന്നു. അക്കാര്യമൊക്കെ മറന്നതിലും എന്തെങ്കിലുമൊക്കെ നന്മ ഉണ്ടായിരിക്കും: മൽബു സ്വയം ആശ്വസിപ്പിച്ചു. 
നമ്മൾ ഒഴിഞ്ഞുമാറിയാലും ഒരു സംഭവം ജീവിതത്തിൽ നടക്കണമെന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഏതു വിധേനയും നടപ്പിലാകുമെന്ന വിശ്വാസം ഒന്നു കൂടി ഉറപ്പിക്കുന്നതായി മൽബുവിന് പുതിയ അനുഭവം. 
ശരിക്കും പറഞ്ഞാൽ കഫീൽ അലവി മനസ്സിൽനിന്ന് പുറത്താകാൻ പല കാരണങ്ങളുണ്ട്. ഒന്നാമതായി അയൾക്ക് ഇങ്ങനെയൊരു രണ്ടാം ജന്മം ഉണ്ടാകുമെന്നോ പുതിയ സംരംഭം തുടങ്ങുമെന്നോ വിചാരിക്കാൻ ഒരു കാരണവുണ്ടായിരുന്നില്ല. കാരണം അയാളുടെ ജീവിതം ഒരു ദുരന്തമായി പരിണമിച്ചതിനു സാക്ഷിയായിരുന്നു മൽബു.
അലിവിന്റെ പര്യായമാണ് അലവിയെന്ന് നേരത്തെ പറഞ്ഞല്ലോ. അതു കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളോട് മാത്രമായിരുന്നില്ല. പരിചയപ്പെടുന്ന ആരോടും അദ്ദേഹം സ്‌നേഹവും കാരുണ്യവും കാണിക്കുമായിരുന്നു. 
അങ്ങനെയാണ് അയാളുടെ ജീവിതത്തിലേക്ക് സുന്ദരിയായ ഒരു മിസ്‌രിപ്പെണ്ണ്  കയറിവന്നതും ഒടുവിൽ തേച്ചിട്ടു പോയതും. സ്വന്തം പേരിലുണ്ടായിരുന്ന സ്ഥാപനങ്ങൾ പോലും വിൽപന നടത്തി അവൾക്ക് നൽകാൻ അയാൾ  നിർബന്ധിതനായിരുന്നു. അവിശ്വസനീയമായിരുന്നു ആ മായികവലയം. വേറെ രണ്ടു ഭാര്യമാർ ഉണ്ടായിരുന്നിട്ടും മൂന്നാമത് കെട്ടിയ മിസ്‌രിപ്പെണ്ണിൽനിന്ന് അയാൾക്ക് മോചനമുണ്ടായിരുന്നില്ല.
എന്തായിരുന്നു ആ മിസ്‌രി മായാജാലമെന്ന് ആർക്കും പിടികിട്ടിയിട്ടില്ല. ഒരുപക്ഷേ അത് അലവിക്ക് മാത്രം അറിയാവുന്ന രഹസ്യമായിരിക്കാം. 
അലവിയുടെ ആദ്യ ഭാര്യ ഒരിക്കൽ മൽബുവിനോട് വിളിച്ചു ചോദിച്ചിരുന്നു. മിസ്‌രിപ്പെണ്ണ് എന്തോ കൂടോത്രം ചെയ്തുവെന്നാണ് അവർ ഉറച്ചുവിശ്വസിച്ചിരുന്നത്. മൽബു അലവിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്ന വിശ്വാസത്തിലായിരുന്നു അവരുടെ  അന്വേഷണം. ഒന്നും അറിയില്ലെന്ന് പറഞ്ഞപ്പോൾ കരഞ്ഞുകൊണ്ടാണ് അവർ ഫോൺ കട്ട് ചെയ്തിരുന്നത്. 
കഫീൽ അലവി എല്ലാം വിറ്റുപെറുക്കിയപ്പോൾ സൂപ്പർ മാർക്കറ്റിലും ബേക്കറിയിലും മീൻകടയിലുമൊക്കെ ജോലി ചെയ്തിരുന്നവർ വഴിയാധാരാമായി. പലരും പ്രവാസം ഉപേക്ഷിച്ച് നാട്ടുവാസികളാകാൻ നിർബന്ധിതരായി. ചിലൊരൊക്കെ ഇവിടെ പിടിച്ചുനിന്നു. അക്കൂട്ടത്തിലൊരാളായ ഹംസയാണ് കഫിൽ അലവി പുതിയ സംരംഭം തുടങ്ങുന്നുവെന്നും മൽബുവിനെ അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ചിരിക്കുന്നത്. 
ആദ്യ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ ഹംസ പലകുറി പറഞ്ഞതായിരുന്നു നാട്ടിൽ പോയൽ പെടുമെന്നും വീണ്ടും ആലോചിക്കണമെന്നും. പക്ഷേ കൈയിലുള്ള കാശിലും തൊഴിൽ പരിചയത്തിലുമായിരുന്നു മൽബുവിന് വിശ്വാസം. 
പരമാവധി പിടിച്ചുനിൽക്കണമെന്ന ഹംസയുടെ സിദ്ധാന്തമാണ് വിജയിച്ചത്. കഴിയും വേഗം നാടുപിടിക്കണമെന്ന മൽബുവിന്റെ ചിന്താഗതി അതേപോലെ തിരിച്ചടിക്കുകയും ചെയ്തു. 
പഴയ കഫീൽ പുതിയ സംരംഭം തുടങ്ങുന്നുവെന്ന കാര്യം മുറിയിലുള്ളവരെ അറിയിച്ചപ്പോൾ അവരും സന്തോഷത്തിൽ പങ്കുകൊണ്ടു. 
അവരുടെ സന്തോഷത്തിനു കാരണം മൽബുവിന് ജോലി കിട്ടുന്നതാണോ അതല്ല, ന്യൂ ജനറേഷൻ പിള്ളേരിൽനിന്ന് സീനിയർ മാൻ വിട പറയുന്നതാണോ എന്നു തീർത്തു പറയാൻ കഴിയില്ല. 
ഏതായാലും കഫീൽ അലവിയേയും അദ്ദേഹത്തിന്റെ സഹായി ഹംസയേയും പോയി കാണണം.
 അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നതിന് മൽബുവിന് ഒരു മടിയുമില്ല, ഇഷ്ടമാണുതാനും. 

Latest News