Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്‌പോണ്‍സര്‍ വട്ടം കറക്കിയ സുരേന്ദ്രന്‍ ഒടുവില്‍ നാടണഞ്ഞു; തുണച്ചത് പ്ലീസ് ഇന്ത്യ

സുരേന്ദ്രന്‍ പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ക്കൊപ്പം

റിയാദ്- ജോലി മതിയാക്കി നാട്ടില്‍ പോകാന്‍ അനുമതി ചോദിച്ചിട്ടും ഫൈനല്‍ എക്‌സിറ്റ് ലഭിക്കാതിരുന്ന പാലക്കാട് പണ്ടംകോഡ് സ്വദേശി സുരേന്ദ്രന്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തി.

പതിനേഴ് വര്‍ഷമായി നദ്‌വയിലെ ബഖാലയില്‍ ജോലി ചെയ്തു വരുന്നതിനിടെ മാസങ്ങളോളം ശമ്പളം ലഭിക്കാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയും ദുരിതത്തിലായ ഇദ്ദേഹത്തിന് പ്ലീസ് ഇന്ത്യ പ്രവര്‍ത്തകരുടെ ഇടപെടലിലാണ് നാട്ടിലെത്താനായത്.

സ്വദേശി പൗരന്റെ ബഖാലയില്‍ ജോലി ചെയ്തു വരുന്നതിനിടെ അദ്ദേഹം ഒരു യെമനി പൗരന് ബഖാല കൈമാറുകയായിരുന്നു. യെമനിയുടെ കീഴില്‍ ജോലി ചെയ്യണമെന്നും ഇല്ലെങ്കില്‍ റൂമില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തു. ശമ്പളം നല്‍കാനോ നാട്ടിലേക്ക് വിടാനോ തയാറാവാത്തതിനാല്‍ ജോലിയില്‍നിന്ന് മാറി നിന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളുടെ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു.

തുടര്‍ന്ന് സുഹൃത്തും പ്ലീസ് ഇന്ത്യ പ്രവര്‍ത്തകനുമായ സുരേഷ് കുളത്തുപ്പുഴ വഴി പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചിയുമായി ബന്ധപ്പെട്ടു. സുരേന്ദ്രനെ നേരിട്ട് സന്ദര്‍ശിച്ച ലത്തീഫ് തെച്ചി കേസ് ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ലത്തീഫ് തെച്ചിയുടെ പേരില്‍ എംബസിയില്‍നിന്ന് അനുമതി പത്രം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്ലീസ് ഇന്ത്യ നേതൃത്വം നിരന്തരമായി സ്‌പോണ്‍സറെ ബന്ധപ്പെട്ടു. പക്ഷേ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം വഴങ്ങാതിരുന്നതോടെ ഇന്ത്യന്‍ എംബസിയില്‍നിന്ന് ഔട്ട് പാസ് സംഘടിപ്പിച്ച് പ്ലീസ് ഇന്ത്യ നല്‍കിയ ടിക്കറ്റില്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

പ്ലീസ് ഇന്ത്യ ജനറല്‍ സെക്രട്ടറി സജീര്‍ വള്ളിയോത്ത്, റഹീസ് വളാഞ്ചേരി, ബഷീര്‍ പാലക്കുറ്റി, എന്‍ജിനീയര്‍ ശ്രീകുമാര്‍, രബീഷ് കോക്കല്ലൂര്‍, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാര്‍ക്കാട് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സുരേന്ദ്രന് സഹായവുമായി ഉണ്ടായിരുന്നു.

 

 

Latest News