Sorry, you need to enable JavaScript to visit this website.

മല്‍ബു കഥ വായിക്കാം: മൽബിയും ഞരമ്പ് രോഗിയും

കടൽ കടന്നെത്തിയ ഞരമ്പ് രോഗിയുടെ നമ്പർ മൽബി വാട്‌സാപ് വഴി മൽബുവിന് അയച്ചു കൊടുത്തു. മൽബുവിനെ അന്വേഷിച്ചാണ് ഫോൺ ചെയ്തതെങ്കിലും ആരാണെന്നു വെളിപ്പെടുത്താൻ തയാറാകാത്തതാണ് അയാൾ ഒരു പൂവാലനും ഞരമ്പ് രോഗിയുമാണെന്ന നിഗമനത്തിലെത്താൻ കാരണം. 
മൽബി അയച്ച നമ്പർ പ്രകാരം ഞരമ്പ് രോഗിയെ കണ്ടുപിടിക്കാനുള്ള ദൗത്യം ഏൽപിക്കുമ്പോൾ ഉസ്മാൻ മൽബുവിനോട് പറഞ്ഞു:
ഒന്നുകിൽ ഇവന് വരുംവരായ്കകളെ കുറിച്ച് പേടിയില്ല. അല്ലെങ്കിൽ ഇവനൊരു പൊട്ടൻ. ഇക്കാലത്ത് വിളിക്കുന്ന നമ്പർ കാണിക്കാതെ തന്നെ പൂവാലപ്പണിക്ക് എത്രയെത്ര മാർഗങ്ങൾ കിടക്കുന്നു. 
ദൗത്യം കുറച്ച് സോഫ്ടായിട്ട് മതീട്ടോ. എടുത്തുചാടി ഒന്നും ചെയ്‌തേക്കരുത്. അയാളുടെ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടെന്നാണ് മൽബി പറഞ്ഞത്. ചിലപ്പോൾ ഞങ്ങടെ പരിചയക്കാരനാണെങ്കിലോ? 
ചിലർക്കൊരു സ്വഭാവമുണ്ട്. എത്ര ചോദിച്ചാലും പേരു പറയില്ല. ഇത്ര വേഗം മറന്നുപോയോ, ആലോചിച്ച് കണ്ടുപിടിക്ക് എന്നൊക്കെ ആയിരിക്കും ഉത്തരം. 
മൽബു പേടിക്കേണ്ട. ആളെ പിടിച്ച് കൈയിൽ തരാം. സോഫ്റ്റാക്കണോ ഹാഡാക്കണോ എന്നതൊക്കെ നിങ്ങള് തീരുമാനിച്ചാ മതി: ഉസ്മാൻ പറഞ്ഞു. 
വലിയ ആത്മവിശ്വാസത്തിലാണ് ഉസ്്മാൻ. ഒന്നു രണ്ട് ടെലിഫോൺ കേസ് പിടിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഈ വീര്യം.
മൽബിയെ ശല്യം ചെയ്ത അജ്ഞാതന്റെ നമ്പർ കിട്ടിയ ഉടൻ കോളർ ഐ.ഡി വെച്ച് തപ്പുകയാണ് ഉസ്മാൻ ചെയ്തത്. ട്രൂ കോളർ കിട്ടാത്തതിനാൽ മറ്റു ചില ആപുകൾ വെച്ചായിരുന്നു ശ്രമം. 
ശ്രമം വിജയിച്ചപ്പോൾ ഉസ്മാൻ ആദ്യമൊന്ന് ഞെട്ടി. കിട്ടിയ പേര് ഉസ്മാൻ. അതോടൊപ്പം ബംഗാളി എന്നു കൂടി ഉണ്ടെന്നു മാത്രം. അറബിയിലും ഇംഗ്ലീഷിലുമായി ഉസ്മാൻ ബംഗാളിയെന്ന പേരിലാണ് നമ്പർ സേവ് ചെയ്തിരിക്കുന്നത്. 
ആകെ കൺഫ്യൂഷനായി. മൽബിയെ വിളിച്ചയാൾ മലയാളത്തിലാണ് സംസാരിച്ചത്. മലയാളം നന്നായി പറയുന്ന ബംഗാളികളുണ്ടെങ്കിലും മലയാളിയാണെന്ന കാര്യത്തിൽ മൽബിക്ക് ഒട്ടും സംശയമില്ല. 
മൊബൈൽ നമ്പറുകൾ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെടുത്തിയിരിക്കണമെന്ന നിബന്ധനയുള്ളതിനാൽ ആ വഴിക്കായി ഉസ്മാന്റെ അടുത്ത ശ്രമം. യഥാർഥത്തിൽ ആരാണ് ഈ ഉസ്മാൻ ബംഗാളി? പലരും തങ്ങളുടെ ഫോണുകളിൽ സേവ് ചെയ്തിരിക്കുന്ന ഈ പേരുകാരനുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട് അയാൾ ഫോൺ എടുക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. 
ഉസ്മാൻ അതു കണ്ടെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.  കാരണം ഈ നമ്പറിന്റെ ഉടമ ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് മടങ്ങിയിട്ട് ആറു മാസമായിരിക്കുന്നു. അതായത്, ജോലി നഷ്ടപ്പെട്ടോ, ഹുറൂബിലായോ രാജ്യം വിട്ട ബംഗാളിയുടെ തിരിച്ചറിയിൽ കാർഡിൽ എടുത്തിരിക്കുന്ന മൊബൈൽ നമ്പർ ഇപ്പോഴും ആരോ ഉപയോഗിക്കുന്നു. 
അയാൾ മലയാളിയാകൻ ചാൻസുണ്ട്. സ്വന്തം തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുകയോ വിരലടയാളം നൽകുകയോ ചെയ്യാതെ മൊബൈൽ നമ്പർ ഉപയോഗിക്കുന്ന എത്രയോ മലയാളികളുണ്ട്.  ഇത്തരം സിമ്മുകൾ സുലഭമാണുതാനും. 
നാടുവിട്ടവരുടെയും മരിച്ചവരുടെയും പേരിൽ മാത്രമല്ല, ഒരാളുടെ തിരിച്ചറിയൽ കാർഡിൽ അവരറിയാതെ പത്തും പതിനഞ്ചും സിമ്മുകളുണ്ടെന്നും പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും അധികൃതർ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വന്തം പേരിൽ മറ്റാരോ ഉപയോഗിച്ച ഫോണിന് ബില്ലടയ്‌ക്കേണ്ടി വന്നയാളാണ് ഉസമ്‌ന്റെ ചങ്ങാതി ഹമീദ്. ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോകാറായപ്പോഴാണ് തന്റെ പേരിലുള്ള പോസ്റ്റ് പെയ്ഡ് നമ്പറും കുടിശ്ശികയും അയാളുടെ ശ്രദ്ധയിൽ പെട്ടത്.
നാട്ടിൽ മൽബിയെ വിളിച്ചയാളെ കണ്ടെത്താനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ഉസ്മാനും മൽബുവും അടുത്ത നടപടിയെ കുറിച്ച് ആലോചിക്കുകയായിരുന്നു. പെട്ടെന്നാണ് ഉസ്മാന്റെ മൂന്നാമത്തെ ഫോൺ റിംഗ് ചെയ്തത്. ഈ ഫോൺ ആദ്യമായാണ് മൽബു കാണുന്നത്. ഒരാൾക്ക് മൂന്ന് ഫോണുകൾ എന്തിനാണെന്ന് മൽബു ആലോചിക്കുന്നതിനിടെ ഉസ്മാൻ വിളിച്ചകൂവി.
ദേ അയാൾ വിളിക്കുന്നു.
നിങ്ങൾ തന്നെ സംസാരിക്കൂ എന്നു പറഞ്ഞുകൊണ്ട് ഉസ്മാൻ ഫോൺ മൽബുവിന് കൈമാറി. 
പൊതുവെ ഇല്ലാത്ത ഗൗരവം സംസാരത്തിൽ വരുത്തിയ ശേഷം മൽബു ചോദിച്ചു.
നിങ്ങൾ ഈ ഫോണിൽനിന്ന് നാട്ടിൽ ഏതെങ്കിലും വീട്ടിലേക്ക് വിളിച്ചിരുന്നോ?
ഞാൻ നാട്ടിൽ പല വീടുകളിലേക്കും വിളിക്കാറുണ്ട്. അതറിഞ്ഞിട്ട് നിങ്ങൾക്കെന്താ കാര്യം?
നിങ്ങൾ ഒരു സ്ത്രീയെ വിളിച്ച് ശല്യം ചെയ്തുവെന്ന് പരാതിയുണ്ട്. സ്വന്തം ഭാര്യയെ വിളിച്ചാൽ പോരേ. മറ്റുള്ളവരുടെ ഭാര്യമാരെ എന്തിനു വിളിക്കണം. 
ഞാൻ മറ്റുള്ള സ്ത്രീകളെ വിളിക്കാറില്ല. നിങ്ങൾ കാര്യം പറ. ആരെ വിളിച്ചുവെന്നാണ് പറയുന്നത്. 
മൽബിയെ വിളിച്ചതും ശൃംഗരിച്ചതും ആരാണെന്നു പറയാത്തതുമൊക്കെ പറഞ്ഞപ്പോൾ അങ്ങേത്തലക്കൽ പൊട്ടിച്ചിരിയായിരുന്നു മറുപടി.
എടോ മൽബുവും മൽബിയും എന്റെ സുഹൃത്തുക്കളാണ്. ഇനിയും വിളിക്കും. 
ഇതു കൂടി കേട്ടപ്പോൾ മുമ്പ് കൂടെ ജോലി ചെയ്തിരുന്ന ഹംസയാണോ ഇതെന്ന് മൽബുവിന് ചെറിയൊരു സംശയം.
നിങ്ങൾ വി.പി. ഹംസയാണോ?
അതെ, ഹംസയാണ്. നിങ്ങളാരാ...
പഹയാ ഇത് മൽബുവാണ്. നീ എന്തിനാ വീട്ടിലേക്ക് വിളിച്ചത്.
മൽബുവോ.. നീ ബാത്ത് റൂമിൽനിന്നിറങ്ങി നേരെ വിമാനം കയറിയോ?
അതെന്താ?
വിളിച്ചപ്പോൾ ബാത്ത് റൂമിലുണ്ടെന്നാണല്ലോ മൽബി പറഞ്ഞത്.
അത് ആളെ പിടികിട്ടാതെ പറഞ്ഞതായിരിക്കും. ചുമ്മാ വിളിച്ചതാണോ, എന്തേലും വിശേഷമുണ്ടോ?
അതേയ് സ്‌പോൺസർ അലവി പുതിയൊരു സ്ഥാപനം തുടങ്ങുന്നുണ്ട്. അതിലേക്ക് നിനക്ക് വിസ അയക്കാനാണ് വിളിച്ചത്. ഇനീപ്പോ എതായാലും നീ ഇവിടെ എത്തിയല്ലോ..ജോലി എന്തെങ്കിലുമായോ?
ഇല്ല. നല്ലൊരു ജോലിക്കായി കാത്തിരിപ്പിലാണ്. 
എന്നാൽ വേഗം അലവിയെ വിളിച്ചിട്ട് വാ. നമുക്ക് അവിടെ വെച്ച് കാണാം. ഹംസ അലവിയുടെ നമ്പർ നൽകി.
 

Latest News