Sorry, you need to enable JavaScript to visit this website.

ബാങ്കിംഗ് നിയമനങ്ങൾക്ക് നിർമിത ബുദ്ധിയുമായി

ഫെഡറൽ ബാങ്ക്  ബാങ്കിംഗ് നിയമന രംഗത്ത് നിർമിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഫെഡറൽ ബാങ്ക് ചരിത്രം സൃഷ്ടിച്ചു. ഫെഡ് റിക്രൂട്ട് എന്ന പുതിയ സാങ്കേതിക വിദ്യയിലൂടെ ഫെഡറൽ ബാങ്ക് പരമ്പരാഗത നിയമന സമ്പ്രദായം തിരുത്തിയെഴുതുകയാണ്. ഇതുവരെ 350 പേരെ ഫെഡ് റിക്രൂട്ടിലൂടെ തെരഞ്ഞെടുത്തതായി ഫെഡറൽ ബാങ്ക് ചീഫ് ഹ്യൂമൻ റിസോഴ്‌സസ്  ഓഫീസർ കെ.കെ അജിത് കുമാർ പറഞ്ഞു. 
ഈ സാങ്കേതിക വിദ്യക്ക് ടെക്‌നോളജി ആക്‌സിലറേഷൻ വിഭാഗത്തിൽ ഇന്റർനാഷണൽ ഡാറ്റ കോർപറേഷന്റെ 2019 ലെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 
ഫെഡ് റിക്രൂട്ടിലൂടെ ആദ്യമായി നടത്തിയത് കാമ്പസ് റിക്രൂട്ട്‌മെന്റാണ്. ഈ സാമ്പത്തിക വർഷം 700 പേരെ ഇങ്ങനെ നിയമിക്കാനാണ് ബാങ്ക് തീരുമാനിച്ചിട്ടുള്ളത്. 
ഫെഡ് റിക്രൂട്ടിലൂടെയുള്ള നടപടി ക്രമങ്ങൾ പൂർണമായും കടലാസ് രഹിതമാണ് എന്നതാണ് പ്രത്യേകത. ബയോഡാറ്റ പരിശോധിച്ച് ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കുന്ന രീതി ഇതോടെ കാലഹരണപ്പെടുകയാണ്. ഓരോ അപേക്ഷകനേയും കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പുതിയ സംവിധാനം തീർത്തും ഫല പ്രദമാണ്. 
ആപ് ഇൻസ്റ്റാൾ ചെയ്ത് ഉദ്യോഗാർഥികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതിൽ നൽകുന്നതോടെയാണ് നിയമന പ്രക്രിയ ആരംഭിക്കുന്നത്. തുടർന്ന് ഉദ്യോഗാർഥികളുടെ പെരുമാറ്റവും കഴിവും മാനസിക ശേഷിയുമെല്ലാം നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നീ സാങ്കേതിക വിദ്യകളിലൂടെ വിശകലനം ചെയ്യും. 
ഗ്രൂപ്പ് ചർച്ചയുടെ വിഷയങ്ങളും ആപിലൂടെയാണ് നൽകുക. വെർച്വൽ ഓഫീസ് അന്തരീക്ഷത്തിലുള്ള റോബോട്ടിക് അഭിമുഖം, ബുദ്ധി വിശകലനം ചെയ്യുന്ന ഗെയിമുകൾ എന്നിവയാണ് അടുത്ത ഘട്ടം. ഇതിനു ശേഷം മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തുന്ന അഭിമുഖം മാത്രമാണ് നേർക്കു നേർ നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ രക്ഷിതാക്കൾക്ക് എസ്എംഎസ് സന്ദേശം ലഭിക്കുന്നതോടെ ഈ പ്രക്രിയ അവസാനിക്കും. 
ചീഫ് ഹ്യൂമൻ റിസോഴ്‌സസ്  ഓഫീസർ കെ.കെ അജിത് കുമാറിന്റെ അഭിപ്രായത്തിൽ ഉദ്യോഗാർഥികളുടെ പെരുമാറ്റ രീതി, നേട്ടങ്ങൾ, അവരെക്കുറിച്ച് ബാങ്കിനുള്ള പ്രതീക്ഷകൾ, കാര്യങ്ങൾ പഠിക്കുവാനുള്ള അവരുടെ കഴിവ് എന്നിവയെല്ലാം വിശകലനം ചെയ്‌പ്പെടുന്നതിലൂടെ നേരിട്ടുള്ള അഭിമുഖത്തിലും തെരഞ്ഞെടുപ്പിലും കൂടുതൽ കൃത്യത ഉറപ്പാക്കാൻ കഴിയും. അഭിമുഖത്തിൽ കഴിവ് പൂർണമായും പുറത്തെടുക്കാൻ കഴിയാത്ത ചില ഉദ്യോഗാർഥികൾക്ക് ഒറ്റക്കിരിക്കുമ്പോൾ കൂടുതൽ മികവു കാട്ടാൻ കഴിഞ്ഞേക്കും. ഇതിലൂടെ അർഹരെ കൃത്യമായി കണ്ടെത്താനാകുമെന്നും അജിത് കുമാർ പറഞ്ഞു.

 

Latest News