Sorry, you need to enable JavaScript to visit this website.

പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് മേധാ പട്കര്‍

മുംബൈ- ഗുജറാത്തിലെ നര്‍മദ ബചാവോ ആന്ദോളന്‍ സമര നായികയും പ്രമുഖ പൗരാവകാശ പ്രവര്‍ത്തകയുമായ മേധാ പട്കറുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ക്രിമിനല്‍ കേസുകളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി മുംബൈ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസ് മേധയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മേധയ്‌ക്കെതിരെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പാസ്‌പോര്‍ട്ട് പിന്‍വലിക്കാതിരിക്കണമെങ്കില്‍ എന്തുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 18ന് വന്ന ഈ കാരണം കാണിക്കല്‍ നോട്ടീസിന് രേഖാ മൂലം മറുപടി നല്‍കിയതാണെന്ന് മേധ പറഞ്ഞു. 

ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇത് പരിശോധിക്കേണ്ടതുണ്ട്. പൊതുജന പ്രസ്ഥാനങ്ങളേയും മുന്നേറ്റങ്ങളേയും അപകീര്‍ത്തിപ്പെടുത്താന്‍ ഇപ്പോള്‍ കുത്സിത താല്‍പര്യക്കാര്‍ സജീവമായി രംഗത്തുണ്ട്. അവകാശ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ എന്തെങ്കിലും കാരണമുണ്ടാക്കാനുള്ള തിരക്കിലാണിവര്‍- മേധ പറഞ്ഞു.

പാസ്‌പോര്‍ട്ട് ഓഫീസിന്റെ നോട്ടീസില്‍ പറയുന്ന, മധ്യപ്രദേശിലെ ബര്‍വാനി, അലിരാജ്പൂര്‍, ഖണ്ഡ്‌വ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തുവെന്ന് പറയുന്ന ഒമ്പത് കേസുകളില്‍ മൂന്നിലും എന്നെ കുറ്റവിമുക്തയാക്കിയിട്ടുള്ളതാണ്. മറ്റൊരു കേസ് മൗന പ്രതിഷേധ റാലി നടത്തിയതിന് ബര്‍വാനിയില്‍ 2017 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തതാണ് എന്നിരിക്കെ ഈ കേസ് വിവരം 2017 മാര്‍ച്ചില്‍ എങ്ങനെ പാസ്പാര്‍ട്ട് ഓഫീസിനെ അറിയിക്കും- കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ മറുപടിയില്‍ മേധ പറയുന്നു. 

ഖണ്ഡ്‌വയില്‍ കേസുള്ളതായി താന്‍ ഓര്‍ക്കുന്നില്ലെന്നും മേധ പറഞ്ഞു. ഈ കേസുകളില്‍ സമന്‍സ് ലഭിക്കുകയോ അറസ്റ്റിലാകുകയോ ഓര്‍ക്കുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ടതായി അറിയില്ലെന്നും അവര്‍ പറഞ്ഞു. തന്റെ പാസ്‌പോര്‍ട്ട് അപേക്ഷയുടെ തീയതിയായ 2017 മാര്‍ച്ച് 30 വരെയുള്ള എല്ലാ കേസുകളിലും കോടതി തന്നെ കുറ്റവിമുക്തയാക്കിയതാണെന്നും മറുപടിയില്‍  മേധ വ്യക്തമാക്കുന്നു.

Latest News