Sorry, you need to enable JavaScript to visit this website.

ഡി.കെ ശിവകുമാറിനെ സോണിയ തിഹാർ ജയിലിൽ സന്ദർശിച്ചു

ന്യൂദൽഹി- തിഹാർ ജയിലിൽ കഴിയുന്ന മുൻ കർണാടക മന്ത്രി ഡി.കെ ശിവകുമാറിനെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി സന്ദർശിച്ചു. സോണിയക്കൊപ്പം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഉണ്ടായിരുന്നു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുൻ ജലവിഭവശേഷി മന്ത്രി ഒരു മാസത്തിലധികമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ശിവകുമാറും സോണിയയും തമ്മിലുള്ള കൂടിക്കാഴ്ച 30 മിനിട്ടുകളോളം നീണ്ടു. ഇത് രണ്ടാം തവണയാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ സോണിയ ഗാന്ധി തിഹാർ സന്ദർശിക്കുന്നത്. ഐഎൻഎക്‌സ് മീഡിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സെപ്തംബറിൽ സോണിയ സന്ദർശിച്ചിരുന്നു.
ഇന്ന് ദൽഹി ഹൈക്കോടതി ഡികെ ശിവകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഡികെയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് സോണിയ അദ്ദേഹത്തെ കണ്ടത്. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും പാർട്ടി അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നാണ് സോണിയയുടെ സന്ദർശനം വ്യക്തമാക്കുന്നത്. പാർട്ടിയിലെ മറ്റ് നേതാക്കൻമാർക്കും കർണാടകയിലെ ശിവകുമാറിന്റെ എതിരാളികൾക്കുമുള്ള സന്ദേശം കൂടെയാണിത്. സെപ്തംബർ 3നാണ് ഡികെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
 

Latest News