Sorry, you need to enable JavaScript to visit this website.

കുഞ്ഞിനെ ക്രൂരമായി ശിക്ഷിച്ചയാള്‍ പിടിയില്‍; അറബ് ലോകത്ത് വലിയ ചര്‍ച്ച

റിയാദ് - നില്‍ക്കാനും നടക്കാനും നിര്‍ബന്ധിച്ച് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ച പിതാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. 40 കാരനായ ഫലസ്തീൻ വംശജനാണ് പിടിയിലായത്. 

പിഞ്ചു ബാലികയെ ക്രൂരമായി ശിക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ റിയാദിലെ ദാറുൽബൈദാ ഡിസ്ട്രിക്ടിൽ താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. 

ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പ്രതിയുടെ നാല് മക്കൾക്കും സംരക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് റിയാദ് പോലീസ് വ്യക്തമാക്കി. 

അതേസമയം, വീഡിയോ ദൃശ്യങ്ങൾക്ക് ഏറെ പഴക്കമുണ്ടെന്നും നാല് മക്കളെ തന്നെ ഏൽപിച്ച്, എവിടേക്കെന്ന് പോലും പറയാതെ ഭാര്യ വീടുവിട്ട് പോയ സമയത്താണ് ഈ സംഭവം നടന്നതെന്നും പിതാവ് വെളിപ്പെടുത്തി. നടക്കാൻ പഠിപ്പിക്കുന്ന വേളയിലാണ് കുട്ടിയെ താൻ ശിക്ഷിച്ചതെന്നും ഇതിൽ തനിക്ക് ഖേദമുണ്ടെന്നും ഫലസ്തീൻ വംശജൻ പറഞ്ഞു. എന്നാൽ ഇയാളുടെ വാദങ്ങൾ അസ്വീകാര്യമാണെന്നും കൊച്ചു കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത് ശിക്ഷാർഹമാണെന്നും പ്രമുഖ അഭിഭാഷകൻ സുൽത്താൻ അൽഹാരിസി വ്യക്തമാക്കി. 

പത്രങ്ങളും ടെലിവിഷനുകളും വലിയ വിഷയമാക്കിയെടുത്ത സംഭവത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം ആരംഭിച്ചു.

 

Latest News