Sorry, you need to enable JavaScript to visit this website.

തുള്ളിക്കൊരു കുടം പേമാരി..

കേരളത്തിൽ തുടർച്ചയായ രണ്ടാം വർഷവും പ്രളയ ദുരന്തമുണ്ടായി. വർഷാവർഷം ഇതിങ്ങനെ ആവർത്തിക്കുന്ന പക്ഷം, മലയാളികൾ കൂട്ടത്തോടെ ചൊവ്വയിലേക്കോ മറ്റോ മാറിത്താമസിക്കുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്. ഓഗസ്റ്റിലാണ് മഴ തകർത്തു പെയ്തത്. കണ്ണൂർ ജില്ലയെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി. തീയതികളിൽ പോലും കാര്യമായ മാറ്റമില്ല. അഴിമതി വിരുദ്ധ യുവ ഐ.എ.എസുകാരന് അംനീഷ്യ ബാധിക്കുന്ന കാലത്താണ് തീയതിയും സ്ഥലവും സമയവും തെറ്റിക്കാതെ തുള്ളിക്കൊരു കുടം പേമാരി എത്തിയത്. ഓഗസ്റ്റ് ആദ്യത്തിൽ കോഴിക്കോട് നഗരത്തിൽ പലേടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്രക്കാർ എല്ലാ മഴക്കാലത്തും പൂരിപ്പിക്കാറുള്ളത് പോലെ സ്ഥലപ്പേരുകൾ. സ്റ്റേഡിയം, അരയിടത്ത് പാലം, മാവൂർ റോഡ്, ജവഹർ നഗർ കോളനി.. എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗതം ദുഷ്‌കരമായി. 
നാല് ദശകങ്ങളായി ഒരേ കക്ഷി ഭരിക്കുന്ന നഗരത്തിന്റെ ദുരിതത്തിന് ശാശ്വത പരിഹാരമെന്നുണ്ടാവാൻ? 
ബക്രീദിന് മൂന്ന് നാൾ മുമ്പ് സാമൂതിരിയുടെ തട്ടകത്തിൽ തുടർച്ചയായി മഴ പെയ്തു. മൂന്ന് മണിക്കൂർ നഗരത്തിൽ പെയ്തിറങ്ങിയ മഴ മൂന്ന് മാസം ലഭിക്കുന്നതിന് തുല്യമെന്ന് ന്യൂസ് 18 ടിവി റിപ്പോർട്ട് ചെയ്തു. ഇതേ ദിവസം ഉച്ച നേരത്താണ് കല്ലായ് പാലത്തിന് സമീപം റോഡരികിലെ വലിയ മരം മുറിഞ്ഞ് വീണ് സ്‌കൂട്ടർ യാത്രക്കാരായ അഛനും മകളും അപകടത്തിൽപെടുന്നത്. അഛൻ തൽക്ഷണം മരിച്ചു. ഇവരുടെ വാഹനത്തിന് തൊട്ടു മുമ്പിൽ  കടന്നുവന്ന ഓട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞത് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്റെ വാഹനത്തിലെ യാത്രക്കാരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. 
കല്ലായിയിൽ റോഡരികിൽ വൻ മരങ്ങളുള്ളത് പോലെ നഗരത്തിന്റെ പല ഭാഗങ്ങളിലായി തെരുവോരത്ത് നാൽപതിലേറെ വലിയ മരങ്ങളുണ്ട്. ഇതെല്ലാം ഉടൻ മുറിച്ചു മാറ്റാൻ ഭരണാധികാരികൾ തയാറാവണം. ഓട്ടോക്കാരന്റെ ദീർഘ വീക്ഷണം എല്ലാവർക്കുമുണ്ടാവണമെന്നില്ലല്ലോ. 

   ***           ***        ***
കഴിഞ്ഞ വർഷത്തെ പോലെ പെരുമഴയെ തുടർന്ന് റെയിൽ ഗതാഗതം കുഴപ്പത്തിലായി. അന്ന് ചാലക്കുടിയിലായിരുന്നു പ്രശ്‌നമെങ്കിൽ ഇത്തവണ തിരുനാവായയിൽ ചെറുതായി വെള്ളം കയറിയതാണ് ഗതാഗതത്തെ ബാധിച്ചത്. ഓഗസ്റ്റ് അവസാനമായപ്പോഴേക്ക് കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളും മുടങ്ങി. മംഗലാപുരത്തിനടുത്ത് കുന്നിടിഞ്ഞതാണ് തടസ്സമുണ്ടാക്കിയത്. റെയിൽ ഗതാഗതം മുടങ്ങിയത് ഒരാഴ്ചയിലേറെ തുടർന്നു. ഇതും ഇന്ത്യക്കാർക്ക് പുതിയ അനുഭവമാണ്. അതും ഒരു റെയിൽവേ സ്റ്റേഷനിലെ ഒരു മുൻ ചായക്കടക്കാരൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ. 
ആദ്യം റെയിൽ ബജറ്റ് ഇല്ലാതായി, റെയിൽവേയ്ക്ക് പ്രത്യേക മന്ത്രിയും ഓർമയായി. 

 ***           ***        ***
മനുഷ്യന്റെ വലിയ കണ്ടുപിടിത്തത്തിലൊന്നാണ് ചലച്ചിത്രങ്ങളെന്ന് സഫാരി ടിവിയിൽ പ്രശസ്ത സംവിധായകൻ ജോൺ പോൾ. മഴയത്ത് എങ്ങും പോകാനാവാതെ കുടുങ്ങിയാൽ ആളുകൾ ഏത് സിനിമയ്ക്കും തല വെച്ചു കൊടുക്കും. പെരുന്നാൾ തിരക്കിൽ സജീവമാകേണ്ടിയിരുന്ന ദിവസം മിഠായിത്തെരുവ് ശൂന്യം. ചരിത്ര സ്മാരകം പോലെ നിലകൊള്ളുന്ന രാധ തിയേറ്ററിനെ ആധുനികവൽക്കരിച്ചിട്ടുണ്ട്. 11.30ന് തുടങ്ങേണ്ട മാർഗം കളി സിനിമയുടെ ഷോ 11.40നും ആരംഭിച്ചിട്ടില്ല. നാലാളെത്തി അഞ്ചാമനും കൂടി വരുന്നത് കാത്തിരിക്കുകയാണവർ. നിരക്ക് കൂട്ടിയതിനാൽ അഞ്ചാൾ തന്നെ ധാരാളം. മറ്റൊരു മാർഗവുമില്ലാതെ ചിത്രീകരിക്കുന്ന സെല്ലുലോയ്ഡ് വേസ്റ്റായ  ഇത്തരം മാർഗം കളികളാണ് മലയാള സിനിമയുടെ ശവക്കുഴി തോണ്ടുന്നത്. സീസണിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ തണ്ണീർമത്തൻ ദിനങ്ങൾ മാത്രമായിരുന്നു അൽപം ഭേദം. പ്ലസ് ടു ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം സിനിമകൾ ഉടൻ പ്രതീക്ഷിക്കാം. 
എഴുപതുകളിലും എൺപതുകളിലും ഹിറ്റ് മേക്കറായി അറിയപ്പെട്ടിരുന്ന ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ പഴയത് പോലെ രക്തരൂഷിത സംഘട്ടനങ്ങളില്ലെന്ന് മാത്രമാണ് ആശ്വാസം. ദുബായിലെ റേഡിയോ അവതാരക നൈലാ ഉഷ ശക്തമായ സ്ത്രീ കഥാപാത്രമായി ഇതിലുണ്ട്. 

 ***           ***        ***
കേരളത്തിന് പുതിയ ഗവർണറെ കിട്ടി. മുൻ ഡി.ജി.പി, മുൻ നാഗലാന്റ് ഗവർണർ എന്നിവരിലാരെങ്കിലും വരുമെന്നായിരുന്നു കരുതിയിരുന്നത്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സുപരിചിതനായ ആരിഫ് മുഹമ്മദ് ഖാനാണ് നറുക്ക് വീണത്. അദ്ദേഹത്തിന്റെ കോഴിക്കോട് സന്ദർശനം ദൃശ്യ മാധ്യമങ്ങൾ ഉത്സവമാക്കി. കാൽ നൂറ്റാണ്ടിലേറെ കാലം വടകര എംപിയും കേന്ദ്ര മന്ത്രിയുമായിരുന്ന കെ.പി ഉണ്ണികൃഷ്ണനെ കാണാനാണ് ഗവർണർ പന്നിയങ്കരയിലെത്തിയത്. ഇന്ദിരാഗാന്ധി വടകര പാർലമെന്റ് സീറ്റിൽ മത്സരിക്കാനയച്ച ഉണ്ണികൃഷ്ണനെ പുതിയ തലമുറയ്ക്ക് അടുത്തറിയാൻ ഈ സന്ദർശനം നിമിത്തമായി. സി.പി.എമ്മിന്റെ സ്വാധീനത്തിൽ അദ്ദേഹം എം.പിയായത് കൊണ്ടാണ് വടകരയിലെ ചോറോട് മേൽപാലവും തലശ്ശേരിയിലെ ഓവർ ബ്രിഡ്ജ് നിർമാണവും ഇത്രയേറെ വൈകിയത്. സി.പി.എമ്മിന്റെ തന്നെ പ്രൊഫ. പ്രേമജവും അഡ്വ. സതീദേവിയും എം.പിമാരാകേണ്ടി വന്നു ഈ രണ്ട് പദ്ധതികളും പിൽക്കാലത്ത് യാഥാർഥ്യമാവാൻ. 

 ***           ***        ***
കേരളത്തിൽ  ഉപ തെരഞ്ഞെടുപ്പുകളുടെ സീസണാണ്. പാലായിൽ ഇബ്രാഹിം കുഞ്ഞിനെ കൂട്ടിലടക്കാതെയും  മാന്യമായി തോൽക്കാമെന്നായിട്ടുണ്ട്. ഒക്‌ടോബറിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപ തെരഞ്ഞെടുപ്പുണ്ടാകുമെന്ന് ശനിയാഴ്ച കാലത്ത് മാതൃഭൂമി  ന്യൂസിൽ വാർത്ത. തുടർന്ന് രാഷ്ട്രീയ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള ചർച്ച. ഇതിൽ മാധ്യമ പ്രവർത്തകൻ എൻ.പി ചെക്കുട്ടിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിച്ചു കയറാമെന്ന ധാരണ ഇനിയാർക്കും വേണ്ട. ജനം എല്ലാം വിലയിരുത്തിയാണ് വോട്ട് ചെയ്യുക. ആളുകളോട് ഇടപഴകുന്ന രീതി, മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ ഇടപെടൽ എന്നിവയെല്ലാം വിഷയമാകും. ഈ ഇഫക്ടാണല്ലോ മലപ്പുറത്തേയും വടക്കേ മലബാറിലേയും ശക്തി കേന്ദ്രങ്ങളിൽ അടുത്ത കാലത്തായി കണ്ടത്.  

 ***           ***        ***
ഓണക്കാലത്ത് കോഴിക്കോട് ബീച്ചിൽ കുട്ടികളേയും കുടുംബങ്ങളേയും ലക്ഷ്യമാക്കി രണ്ട് എക്‌സിബിഷനുകൾ സംഘടിപ്പിക്കപ്പെട്ടു. 
യന്ത്ര ഊഞ്ഞാലും അക്വേറിയവുമെല്ലാം ഉൾപ്പെടുത്തിയത്. നല്ലൊരു തുക നഗരസഭയിൽ കെട്ടി വെച്ചായിരിക്കും സംഘാടകർ ഇതിനിറങ്ങിയത്. രണ്ടിടത്തും നൂറിൽ താഴെ ആളുകളാണ് നിത്യേന സന്ദർശകരായെത്തിയത്. അതേസമയം, അകലെ തൊണ്ടയാട് മാളിലെ ഫുഡ് കോർട്ടിലും മഞ്ഞു മലകളിലും തിക്കിത്തിരക്കി കറങ്ങാൻ സാമ്പത്തിക മാന്ദ്യമൊന്നും ആളുകൾക്ക് വിഷയമല്ല. 

 ***           ***        ***
വാട്ട്‌സാപ്പിൽ കണ്ടത്-നാട്ടിൽ അവധിക്കെത്തിയ ബംഗാളി ഗ്രാമവാസികളോട് പറഞ്ഞുവത്രെ. ഈ കൊച്ചിക്കാർക്ക് ആകെ പ്രാന്താണ്. 
ഫഌറ്റുണ്ടാക്കും, പൊളിക്കും. മേൽപ്പാലം നിർമിക്കും, തകർക്കും. കായലോരത്തെ അതിമനോഹര ലൊക്കേഷനിലെ ഹോളിഫെയ്ത്തിനെയൊക്കെ ഇടിച്ചു നിരപ്പാക്കാൻ കണ്ണിൽ ചോരയില്ലാത്തവർക്കേ കഴിയൂ. വെറുതെയല്ല മുഖ്യമന്ത്രി മുൻകൈയെടുത്ത് സർവ കക്ഷി യോഗം വിളിച്ചു ചേർത്തത്. 

 

Latest News