Sorry, you need to enable JavaScript to visit this website.

ഈ ഹെഡ്‌ഫോണ്‍ വാങ്ങണമെങ്കില്‍ കിഡ്‌നി വില്‍ക്കേണ്ടി വരും; ട്രോളിനിരയായ കിടിലന്‍ സാധനമിതാ

ഓരോ തവണയും പുതിയ ഐഫോണ്‍ വില കമ്പനി വെളിപ്പെടുത്തുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു തമാശയാണ് കിഡ്‌നി വില്‍പ്പന. അതായത് ഐഫോണ്‍ വാങ്ങണമെങ്കില്‍ കിഡ്‌നി വില്‍ക്കേണ്ടി വരുമെന്ന്. ഇതിപ്പോള്‍ ഐഫോണിന്റെ കാര്യത്തില്‍ മാത്രമല്ല. ഹെഡ്‌ഫോണ്‍ വില കേട്ടാലും ഈ തമാശയാണ് ഇപ്പോള്‍ അടിച്ചിറക്കുന്നത്. സെന്‍ഹൈസറിന്റെ പുതിയൊരു കിടിലന്‍ ഹെഡ്‌ഫോണ്‍ ആണ് താരം. ഇതു വാങ്ങണമെങ്കില്‍ കിഡ്‌നി മാത്രമല്ല, വീടും പറമ്പും വരെ വില്‍ക്കേണ്ടി വരുമെന്നാണ് ആമസോണിലെ ഇതിന്റെ വില കണ്ടവര്‍ പറയുന്നത്. എത്ര കിടിലന്‍ ആയാലും ഒരു ഹെഡ്‌ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ എത്ര വരെ പണം മുടക്കാന്‍ തയാറാകും? സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു പരിധി ഉണ്ടല്ലോ. എന്നാല്‍ സെന്‍ഹൈസര്‍ എച്ച്ഡി 820 ഹെഡ്‌ഫോണ്‍ വില കേട്ടാല്‍ ആരും ഞെട്ടും. 1,89,990 രൂപയാണ് ആമസോണിലെ വില. ഒരു ശല്യവുമില്ലാതെ സ്വാഭാവിക ശബ്ദാനുഭവം നല്‍കാന്‍ ശേഷിയുള്ള മികച്ച കേള്‍വി ഉപകരണമെന്നാണ് ഇതിനെ കമ്പനി പരിചയപ്പെടുത്തുന്നത്. രണ്ടു വര്‍ഷ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്.

ഇനി ആമസോണിലെ ഈ ഹെഡ്‌ഫോണിന്റെ പ്രൊഡക്ട് റിവ്യൂ കൂടി ഒന്നു വായിക്കണം. ചിരിയടക്കാനാവില്ല. പ്രസന്‍ജിത്ത് എന്നയാള്‍ എഴുതിയിരിക്കുന്നത് മികച്ച സാധനം എന്നാണ്. ഫൈവ് സ്റ്റാര്‍ റേറ്റിങും നല്‍കിയിരിക്കുന്നു. തുടര്‍ന്ന് പ്രസന്‍ജിത്ത് എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണിപ്പോള്‍. ആ റിവ്യൂ ഇങ്ങനെ: 'ഈ ഉല്‍പ്പന്നം അമ്പരപ്പുകള്‍ക്കും അപ്പുറത്താണ്. ഇതു വാങ്ങാന്‍ എനിക്കും എന്റെ മൊത്തം സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ കിഡ്‌നി വില്‍ക്കേണ്ടി വന്നു. ഇതൊരു സ്റ്റുഡിയോ ഹെഡ്‌ഫോണ്‍ ആണെങ്കിലും ഞാനിത് എന്റെ പിസിയില്‍ ഉപയോഗിച്ചു. ഓഡിയോ ഫയലുകളെല്ലാം സ്വമേധയാ എഡിറ്റ് ചെയ്യപ്പെട്ടു. എല്ലാ ദിവസവും രാവിലെ ഇതുപയോഗിച്ചാണ് ഞാന്‍ ഓള്‍മൈറ്റി എഫ് എം കേള്‍ക്കുന്നതും ദൈവത്തില്‍ നിന്നും ഉപദേശങ്ങള്‍ നേരിട്ട് കേള്‍ക്കുന്നത്. ഇതു ചെവിയില്‍ വച്ച് പുറത്തിറങ്ങിയാല്‍ സുന്ദരികള്‍ നിങ്ങളെ വളയും. ആമേസോണ് പ്രൈം ഇല്ലാതിരുന്നിട്ടും എനിക്കിതും ഫ്രീ ഡെലിവറിയായി കിട്ടി. പിന്നെ ഇതു പൊതിഞ്ഞിരിക്കുന്നത് ബബ്ള്‍ കവര്‍ ഉപയോഗിച്ചാണ്. ഇതുപയോഗിച്ച് എന്താണ് ചെയ്യുക എന്ന് നിള്‍ക്കറിയാമല്ലോ അല്ലെ.'

Latest News