Sorry, you need to enable JavaScript to visit this website.

പള്ളിയും ചര്‍ച്ചും സിനഗോഗും മുട്ടിയുരുമ്മി നില്‍ക്കും ഇവിടെ, സൗഹാര്‍ദത്തിന്റെ മറ്റൊരു യു.എ.ഇ മാതൃക

അബ്രഹാമിക് ഫാമിലി ഹൗസ് കലാകാരന്റെ ഭാവനയില്‍.

ന്യൂയോര്‍ക്ക്- മുസ്‌ലിം രാജ്യമാണെങ്കിലും മതസഹിഷ്ണുതയുടേയും സൗഹാര്‍ദത്തിന്റേയും കാര്യത്തില്‍ യു.എ.ഇയെ കവച്ചുവെക്കാന്‍ മറ്റൊരു രാജ്യമില്ല. ദേശീയതയുടെ അതിര്‍ത്തികള്‍ ഭേദിച്ച് മനുഷ്യര്‍ കൂട്ടത്തോടെയെത്തി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥലം. ആ സഹിഷ്ണുതാ പാരമ്പര്യത്തിന് മകുടം ചാര്‍ത്തുന്ന പുതിയൊരു നിര്‍മിതിയുടെ അരികിലാണ് യു.എ.ഇ.
ഒരുപക്ഷെ രാജ്യത്തിന്റെ പ്രതീകം തന്നെയായി മാറിയേക്കാവുന്ന പ്രോജക്ട്. പള്ളിയും ചര്‍ച്ചും സിനഗോഗുമടങ്ങുന്ന ഒരു ആരാധനാ സമുച്ചയം. അബ്രഹാമിക് ഫാമിലി ഹൗസ് എന്ന് നാമകരണം ചെയ്ത ഈ സ്വപ്ന പദ്ധതി 2022 ല്‍ അബുദാബിയില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
പദ്ധതിയുടെ ആദ്യചുവടുകള്‍ മാത്രമേ ആയിട്ടുള്ളു. മാനവസൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിന്റെ അവലോകനം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി.
അമ്പലവും പള്ളിയും മുട്ടിയുരുമ്മിനില്‍ക്കുന്ന സ്ഥലം എന്നൊക്കെ ആലങ്കാരികമായി പലപ്പോഴും പറയപ്പെടാറുണ്ടെങ്കിലും അത് കണ്‍മുന്നിലെ യാഥാര്‍ഥ്യമായി മാറ്റുകയാണ് യു.എ.ഇ. പരസ്പര ബഹുമാനത്തിന്റെ ലോക മാതൃകയായി ഇതിനെ മാറ്റണമെന്നാണ് സംഘാടകര്‍ കരുതുന്നത്. എല്ലാ വിശ്വാസങ്ങളും ദേശീയതകളും പരസ്പര സൗഹാര്‍ദത്തിലധിഷ്ഠിതമായ സംവാദത്തിനാണ് ഇവിടെ ഒത്തുചേരുക.
വിദേശമന്ത്രിയും രാജ്യാന്തര സഹകരണമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അടക്കമുള്ള ഉന്നതര്‍ ന്യൂയോര്‍ക്കിലെ യോഗത്തില്‍ പങ്കെടുത്തു.

 

Latest News