Sorry, you need to enable JavaScript to visit this website.

ഗൾഫിൽ അമേരിക്ക കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നു

റിയാദ് - ഒരാഴ്ച മുമ്പ് കിഴക്കൻ സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഗൾഫിലേക്ക് കൂടുതൽ സൈനിക സന്നാഹത്തെ അയക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ സ്വഭാവത്തോടെയുള്ള സൈനിക വിന്യാസമാണ് നടത്തുകയെന്ന് പ്രതിരോധ മന്ത്രി മാർക് എസ്പർ പറഞ്ഞു. വ്യോമ, മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് സൗദിയിലേക്ക് പ്രധാനമായും അയക്കുന്നത്. സ്വയം പ്രതിരോധത്തിന് സൗദി അറേബ്യയെ സഹായിക്കാൻ അനിവാര്യമായ എല്ലാ നടപടികളും അമേരിക്ക സ്വീകരിക്കുമെന്നും മേഖലയിൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 
മേഖലയിലെ പങ്കാളികളെ അമേരിക്ക പിന്തുണക്കുകയും സ്വതന്ത്ര വ്യാപാരം ഉറപ്പുവരുത്തുകയും ചെയ്യും. അന്താരാഷ്ട്ര നിയമം മാനിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കുന്ന പ്രവർത്തനങ്ങൾ ഇറാൻ നിർത്തിവെക്കണം. 
ഹൂത്തികൾക്ക് സൈനിക സഹായം നൽകി യെമനിൽ സംഘർഷം മൂർഛിപ്പിക്കുന്നതിനാണ് ഇറാന്റെ ശ്രമം. സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഇറാന് പങ്കുണ്ട്. ഹൂത്തികൾക്ക് സാമ്പത്തിക, ആയുധ സഹായങ്ങൾ നൽകി സംഘർഷത്തിന് എരിവ് പകരുകയാണ് ഇറാൻ ചെയ്യുന്നത്. അംഗീകരിക്കാൻ കഴിയാത്ത ഇത്തരം പ്രവർത്തനങ്ങൾക്കിടെയും ഇറാൻ സമാധാന പാതയിലേക്ക് നീങ്ങിയേക്കുമെന്നുള്ള പ്രത്യാശയിൽ നിരവധി രാജ്യങ്ങൾ ആത്മസംയമനം പാലിക്കുകയായിരുന്നു. 
എന്നാൽ ഈ മാസം പതിനാലിന് സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ ഇറാൻ ശത്രുതയുടെ നാടകീയമായ തീവ്രതയാണ് കാണിക്കുന്നത്. ഇറാൻ നിർമിത ആയുധങ്ങളാണ് ആക്രമണങ്ങൾക്ക് ഉപയോഗിച്ചത്. ആക്രമണങ്ങളുടെ ഉറവിടം യെമൻ അല്ല. സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇറാനാണെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നത്. 
ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇറാനു മാത്രമാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് അമേരിക്കൻ വിദേശ മന്ത്രി മൈക് പോംപിയോ പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള വില ഇറാൻ ഭരണകൂടം നൽകേണ്ടത് അനിവാര്യമാണ്. ഇതിന് ഇറാനു മേൽ സാമ്പത്തിക സമ്മർദം ശക്തമാക്കുകയും ഇറാനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്തുകയും വേണമെന്ന് മൈക് പോംപിയോ പറഞ്ഞു. 
ഇറാൻ കേന്ദ്ര ബാങ്കിനും നാഷണൽ ഡെവലപ്‌മെന്റ് ഫണ്ടിനുമെതിരെ കഴിഞ്ഞ ദിവസം അമേരിക്ക പുതിയ ഉപരോധങ്ങൾ ബാധകമാക്കിയിട്ടുണ്ട്. ചരിത്രത്തിൽ ഇതുവരെ ഇറാനെതിരെ സ്വീകരിച്ചതിൽ വെച്ച് ഏറ്റവും കടുത്ത ഉപരോധങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും ശക്തമായ സൈന്യമാണ് അമേരിക്കയുടെ പക്കലുള്ളത്. ഇറാനോട് അങ്ങേയറ്റത്തെ ആത്മസംയമനമാണ് താൻ പാലിക്കുന്നതെന്നും ട്രംപ് പറഞ്ഞു. 
ഏതു ഭീഷണിക്കുമെതിരെ സ്വയം പ്രതിരോധിക്കാൻ സൗദി അറേബ്യയുടെ ശേഷികൾ അമേരിക്ക ശക്തിപ്പെടുത്തുമെന്ന് അമേരിക്കൻ സായുധസേനാ മേധാവി ജനറൽ ജോസഫ് ഡൻഫോർഡ് പറഞ്ഞു. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സൗദി അറേബ്യക്കും യു.എ.ഇക്കും ആയുധങ്ങൾ നൽകുന്നതിനും അമേരിക്കക്ക് നീക്കമുണ്ട്.
 

Latest News