Sorry, you need to enable JavaScript to visit this website.

അറാംകോ ആക്രമണം; സൗദി യു.എന്നിന്റെ സഹായം തേടി

റിയാദിൽ വിദേശ മന്ത്രാലയ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ.

റിയാദ് - ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച അന്വേഷണങ്ങൾ പൂർത്തിയായ ശേഷം സ്വീകരിക്കേണ്ട അടുത്ത ചുവടുവെപ്പുകളെ കുറിച്ച് സഖ്യരാജ്യങ്ങളുമായി സൗദി അറേബ്യ കൂടിയാലോചിച്ചു വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് റിയാദിൽ വിദേശ മന്ത്രാലയ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണങ്ങൾ നടത്തിയത് ഇറാൻ ആയുധങ്ങൾ ഉപയോഗിച്ചാണ്. അതുകൊണ്ടു തന്നെ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്വം ഇറാനാണ്. 
ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ പങ്കാളിത്തം വഹിക്കാൻ വിദഗ്ധരെ അയക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും ഏതാനും രാജ്യങ്ങളോടും സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക വിപണിയിലെ എണ്ണ വിതരണത്തിനെതിരായ ആക്രമണം എല്ലാ രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. ആക്രമണങ്ങളിലൂടെ ലോകത്തെ മൊത്തത്തിലാണ് ലക്ഷ്യമിട്ടത്. ശത്രുതാപരമായ പ്രവർത്തനങ്ങൾക്ക് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ഇറാൻ മുതലെടുക്കുകയാണ്. ലോകത്താകമാനമുള്ള ഊർജ സുരക്ഷയെയാണ് ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടത്. ആക്രമണങ്ങൾ യെമനിൽ നിന്നായിരുന്നില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ആക്രമണമുണ്ടായത് വടക്കു ഭാഗത്തു നിന്നാണെന്ന് ഇറാനെ സൂചിപ്പിച്ച് ആദിൽ അൽജുബൈർ പറഞ്ഞു. 
മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കുന്ന ഇറാന്റെ നയങ്ങൾക്ക് ലോകം തടയിടണം. യുറേനിയം സമ്പുഷ്ടീകരണം അടക്കം ഇറാൻ ആണവ കരാറിലെ വകുപ്പുകൾ പരിഷ്‌കരിക്കണം. വിപ്ലവ പ്രസ്ഥാനമാണോ അതല്ല ഒരു രാഷ്ട്രമാണോയെന്ന കാര്യം ഇറാൻ സ്വയം നിർണയിക്കണം. രാഷ്ട്രമാണെങ്കിൽ അന്താരാഷ്ട്ര നിയമങ്ങളും മറ്റു രാജ്യങ്ങളുടെ പരമാധികാരങ്ങളും ഇറാൻ മാനിക്കണം. ഭീകരതക്ക് പിന്തുണ നൽകുന്ന ശത്രുതാപരമായ പ്രവർത്തന ശൈലി തുടരുന്നതാണ് ലോകം ഇറാനെ ഒറ്റപ്പെടുത്താനും ഇറാനു മേൽ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനും കാരണം. ഇറാന് വിരുദ്ധമാണ് സൗദി അറേബ്യ. സൗദി അറേബ്യയുടെ ചരിത്രത്തിൽ ഇന്നു വരെ ഇറാനു നേരെ മിസൈലും ഡ്രോണും വെടിയുണ്ടയും തൊടുത്തുവിട്ടിട്ടില്ല. നശീകരണ പ്രവർത്തനങ്ങൾ നടത്തുന്ന മിലീഷ്യകളെ സൗദി അറേബ്യ പോറ്റിവളർത്തുന്നില്ല. ലോകത്ത് നന്മ പ്രചരിപ്പിക്കുന്നതിനാണ് സൗദി ശ്രമിക്കുന്നത്. ഇറാൻ ശ്രമിക്കുന്നത് തിന്മ പ്രചരിപ്പിക്കുന്നതിനാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 
 

Latest News