Sorry, you need to enable JavaScript to visit this website.

മഞ്ചേശ്വരത്ത് മുന്നണികൾ കച്ചമുറുക്കി

കാസർകോട്- ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെമഞ്ചേശ്വരം പിടിക്കാനും നിലനിർത്താനും മുന്നണികൾ കച്ചമുറുക്കി. മണ്ഡലം നിലനിർത്തുമെന്ന് യു.ഡി.എഫും പിടിച്ചെടുക്കുമെന്ന് ഇടതു മുന്നണിയും ബി.ജെ.പിയും പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ പോരാട്ടത്തിന് വീറും വാശിയും ഏറും. എൽ.ഡി.എഫും, യു.ഡി.എഫും മാറിമാറി വിജയിച്ചിട്ടുള്ള മഞ്ചേശ്വരം കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടതിന്റെ സങ്കടം മാറ്റാനാണ് ഇത്തവണ ബി.ജെ.പി പൊരുതുക. 
മഞ്ചേശ്വരം ആരുടെയും ഉരുക്കുകോട്ടയൊന്നുമല്ല. ഭാഷ ന്യൂനപക്ഷ വോട്ടുകൾ ആദ്യകാലങ്ങളിൽ വിജയങ്ങളെ സ്വാധീനിച്ചിരുന്നെങ്കിലും അടുത്ത കാലത്തെ തെരഞ്ഞെടുപ്പുകളിലൊന്നും അത് ബാധിച്ചിട്ടില്ല. ഈ വിഭാഗം പല മുന്നണികൾക്കും മാറിമാറി പിന്തുണ നൽകുന്നതാണ് സമീപകാല അനുഭവം. ഭാഷ ന്യൂനപക്ഷങ്ങൾ തന്നെയാണ് മണ്ഡലത്തിലെ ബി.ജെ.പി വോട്ട് ബാങ്കും. 
ഐക്യകേരള രൂപീകരണത്തിനു ശേഷം നടന്ന ആദ്യത്തെ നാല് തെരഞ്ഞെടുപ്പുകളിലും സ്വതന്ത്രരായി മത്സരിച്ച കന്നഡ സമിതി സ്ഥാനാർഥികളെ നിയമസഭയിൽ എത്തിച്ച മഞ്ചേശ്വരം, 1970 മുതലാണ് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ തുണച്ചു തുടങ്ങിയത്. എം. ഉമേഷ് റാവുവും കല്ലിഗേ മഹാബല ഭണ്ഡാരിയും രണ്ടു തവണയും കേരള നിയമസഭ കണ്ടത് കന്നഡ ഭാഷ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയായിരുന്നു. 1970 ലാണ് സി.പി.ഐയുടെ എം.രാമപ്പ മാസ്റ്റർ ഇവരിൽനിന്ന് മണ്ഡലം സ്വന്തമാക്കിയത്. കന്നഡ സമിതിയുടെ പിന്തുണയോടെ മത്സരിച്ച യു.പി.കുനിക്കുല്ലായയെ 1195 വോട്ടിന് മറികടന്ന് മഞ്ചേശ്വരം കമ്മ്യുണിസ്റ്റ് പാർട്ടി പിടിച്ചെടുത്തു. 77 ൽ ബി.എൽ.ഡി സ്ഥാനാർഥി എച്ച്.ശങ്കര ആൾവയെ 4,600 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപിച്ച് മണ്ഡലം രാമപ്പ മാസ്റ്റർ നിലനിർത്തി. തുടർന്നുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും ഡോ. എ.സുബ്ബറാവുവിലൂടെ സി.പി.ഐ മഞ്ചേശ്വരത്ത് വെന്നിക്കൊടി പറിച്ചു. 1980 ൽ ലീഗിന്റെ കന്നിക്കാരനായെത്തി കനത്ത ഭീഷണി ഉയർത്തിയചെർക്കളം അബ്ദുല്ലയെ കഷ്ടിച്ച്156 വോട്ടിനാണ് സുബ്ബറാവു തോൽപിച്ചത്. എന്നാൽ 1987 ൽ ഇവിടെ വിജയം കുറിച്ച ചെർക്കളം അബ്ദുല്ല തുടർച്ചയായി നാല് തവണ മഞ്ചേശ്വരം കുത്തകയാക്കി. 2006 ൽ ചെർക്കളം അബ്ദുല്ലയെ 4,829 വോട്ടിന്അട്ടിമറിച്ച് സി.പി.എമ്മിലെ സി.എച്ച്.കുഞ്ഞമ്പു നിയമസഭയിലെത്തി. 
കഴിഞ്ഞ ആറു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്താണ്. വെറും 89 വോട്ടിനാണ് കഴിഞ്ഞ തവണ ബി.ജെ.പിയുടെകെ.സുരേന്ദ്രൻ ലീഗിലെ പി.ബി.അബ്ദുൽ റസാഖിനോട് പരാജയപ്പെട്ടത്. അതാണ് നിയമ പോരാട്ടത്തിന് വഴിവെച്ചത്. 2011 ലും 2016 ലും മണ്ഡലത്തിൽനിന്ന് വിജയിച്ചത് പി.ബി.അബ്ദുൽ റസാഖ് ആയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരത്ത് നേടിയത് 11,000 വോട്ടിന്റെ ഭൂരിപക്ഷം. 
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർഥികൾ സംബന്ധിച്ച് മുന്നണികളൊന്നും ധാരണയിലെത്തിയിട്ടില്ല. അണിയറ ചർച്ചകൾ നടക്കുന്നതേയുള്ളൂ. സി.പി.എമ്മും ബി.ജെ.പിയും പ്രാദേശിക നേതാക്കളെ സ്ഥാനാർഥികളാക്കാനുള്ള നീക്കത്തിലാണ്. യു.ഡി.എഫിലാവട്ടെ സ്ഥാനാർഥിയാവാൻ ഏതാനും പേർ രംഗത്തുണ്ട്. 
2016 ലെ തെരഞ്ഞെടുപ്പിൽപി.ബി.അബ്ദുൽ റസാഖിന് 56,870വോട്ടാണ് ലഭിച്ചത്. കെ.സുരേന്ദ്രന് 56,781 വോട്ടും,എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പുവിന് 42,565വോട്ടും ലഭിച്ചു.


 

Latest News