Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് മോഡി വിമര്‍ശം കുറയ്ക്കും; മൃദുഹിന്ദുത്വം ഒഴിവാക്കും

ന്യൂദല്‍ഹി- മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കും 18 സംസ്ഥാനങ്ങളിലെ 64 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.  ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ അവസരമെന്ന നിലയില്‍ കാവിപ്പടയുടെ മുന്നേറ്റം തടയുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്. കോണ്‍ഗ്രസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കാനും സഖ്യകക്ഷികളെ ചേര്‍ത്തുനിര്‍ത്താനുമുള്ള തന്ത്രങ്ങള്‍ക്കാണ്  പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി രൂപം നല്‍കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നല്‍കിയ പാഠം കണക്കിലെടുത്ത് ഇത്തവണ മോഡി വിമര്‍ശം കുറയ്ക്കുമെന്നും മൃദുഹിന്ദുത്വ നിലപാടില്‍ മാറ്റം വരുത്തുമെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ആഘാതത്തില്‍ പതറിപ്പോയ കോണ്‍ഗ്രസ് നേതാക്കള്‍  കഴിഞ്ഞ നാല് മാസത്തോളം പാര്‍ട്ടി പ്രസിഡന്റായി തുടരാനുള്ള അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധിയുടെ പിറകിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് ഈ ശ്രമങ്ങള്‍ ഉപേക്ഷിച്ച് 72 കാരിയായ സോണിയാ ഗാന്ധിയുടെ ഇടക്കാല നേതൃത്വത്തില്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ഇതിനിടയില്‍, പല കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അസ്വസ്ഥരാവുകയും കൂടുതല്‍ പ്രായോഗികമായി ചിന്തിച്ച്  ബി.ജെ.പിയിലേക്ക് ചാടുകയും ചെയ്തു.
വോട്ടെടുപ്പ് പരാജയത്തിന്റെ സമ്മര്‍ദത്തിലകപ്പെട്ട് കോണ്‍ഗ്രസ് നട്ടംതിരിഞ്ഞപ്പോള്‍ മികച്ച ഭൂരിപക്ഷമുണ്ടായിട്ടും അടങ്ങിയിരിക്കാതെ, കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും. തീവ്രദേശീയതയും ഹിന്ദുത്വ ധ്രുവീകരണവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളും കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി അനുകൂലികളെ പുറത്തെത്തിക്കുന്നതിന് സഹായകമായിരുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നടപടിയും കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ നടപടിയും ബി.ജെ.പിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ സഹായകമായി. രണ്ടു വിഷയങ്ങളിലും കോണ്‍ഗ്രസിനെ ആശക്കുഴപ്പത്തിലാക്കുന്ന പ്രസ്താവനകളാണ് പാര്‍ട്ടി നേതാക്കളില്‍നിന്നുണ്ടായത്. ഇക്കാര്യങ്ങളില്‍ മോഡിയെ അനുകൂലിച്ച് പല നേതാക്കളും പരസ്യ പ്രസ്താവനകളിറക്കി. രണ്ടാം മോഡി സര്‍ക്കാര്‍ ആദ്യ മൂന്ന് മാസം കൈക്കൊണ്ട നടപടികളില്‍ പലതും ഹിന്ദു വോട്ടര്‍മാരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്തിയതോടൊപ്പം മറ്റു പാര്‍ട്ടികളില്‍നിന്ന് ഹിന്ദുക്കളെ ആകര്‍ഷിക്കാനും സഹായകമായി.
മഹാരാഷ്ട്രയിലും ഹരിയാനയിലും മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും എം.എല്‍ ഖട്ടാറും മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തരായ ഭടന്മാര്‍ എന്ന നിലയിലാണ് പരിചയപ്പെടുത്തുന്നത്.
രണ്ടിടത്തും ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും വലിയ വെല്ലുവിളികളില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ സോണിയാ ഗാന്ധിയും കോണ്‍ഗ്രസും പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുമെന്ന്  പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.  18 മാസത്തോളം അധ്യക്ഷ പദവിയിലിരുന്ന രാഹുല്‍ ഗാന്ധി സ്വീകരിച്ച തന്ത്രങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും  അടവുകള്‍.  
1996 മുതല്‍ ല്‍ 2004 വരെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി കഠിന യത്‌നം നടത്തിയ സോണിയ, കഴിഞ്ഞ 12 ന് വിളിച്ചു ചേര്‍ത്ത കേന്ദ്ര, സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും തെരുവുകളില്‍ പോരാടുന്നതിന് നിര്‍ഭയം മുന്നോട്ടു വരണമെന്നാണ് അവര്‍ പാര്‍ട്ടി നേതാക്കളെ ആഹ്വാനം ചെയ്തത്.  പാര്‍ട്ടി നേരിടുന്ന കടുത്ത പരീക്ഷണങ്ങള്‍ സമ്മതിച്ച സോണിയ  ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുവരാന്‍ ആഹ്വാനം ചെയ്തു. വിപ്ലവം സമൂഹ മാധ്യമങ്ങളില്‍ മാത്രം പോരെന്നുമാണ് മകന്‍ രാഹുല്‍ ഗാന്ധിയേയും മറ്റും നേതാക്കളേയും ലക്ഷ്യമിട്ട് സോണിയ സൂചിപ്പിച്ചത്. വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും കോണ്‍ഗ്രസ് അധ്യക്ഷ ചൂണ്ടിക്കാട്ടിയിരുന്നു.  
നിരവധി മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയില്‍ മികച്ച ഭാവി കണ്ട് മറുകണ്ടം ചാടിയെങ്കിലും കോണ്‍ഗ്രസില്‍ നിലവിലുള്ളവര്‍ അച്ചടക്കം പാലിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്ന് ഈ മാസം ആദ്യം ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയായി  ചുമതലയേറ്റ കുമാരി സെല്‍ജ അഭിപ്രായപ്പെട്ടു.  
ഹരിയാനയിലെ പാര്‍ട്ടിയുടെ ദളിത് മുഖമായ സെല്‍ജയും ജാട്ട് നേതാവായ ഹൂഡയും സംയുക്തമായി സംസ്ഥാനവ്യാപകമായി പ്രചാരണ പര്യടനം ആരംഭിച്ചിട്ടുണ്ട്. ജാട്ട്, ദളിത്, മുസ്്‌ലിം വോട്ടുകള്‍ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.  സെല്‍ജയുടെ നിയമനം ഹരിയാനയിലെ വനിതാ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന ഘടകമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്ത്രീകള്‍ക്കെതിരെ നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങള്‍ പലപ്പോഴും ഹരിയാനയില്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.   
മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന ജാര്‍ഖണ്ഡിലും പുതിയ പാര്‍ട്ടി ഭാരവാഹികളെ സോണിയ നിയോഗിച്ചിട്ടുണ്ട്.  മഹാരാഷ്ട്രയില്‍ അശോക് ചവാന് പകരം വിജയ് ബാലസാഹേബ് തോറാത്തും ജാര്‍ഖണ്ഡില്‍ അജോയ് കുമാറിനും പകരം രാമേശ്വര്‍ ഒറാവോനും പാര്‍ട്ടി അധ്യക്ഷന്മാരായി ചുമതലയേറ്റു.
സഖ്യകക്ഷികളോട് വല്യേട്ടന്‍ നയം തുടര്‍ന്നാല്‍ ഫലമില്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ പഠിപ്പിച്ചിട്ടുണ്ട്. ഈ തിരിച്ചറിവാണ് മഹാരാഷ്ട്രയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറുമായി വോട്ടെടുപ്പിന് മുമ്പുള്ള സഖ്യം അംഗീകരിക്കാന്‍ സോണിയയെ പ്രേരിപ്പിച്ചത്.  
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഡിയേയും കേന്ദ്രസര്‍ക്കാരിനേയും ആക്രമിക്കുന്നതിനുപകരം സംസ്ഥാനങ്ങളിലെ ഭരണപരാജയവും ജനവിരുദ്ധ നയങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാരെ ആക്രമിക്കുകയെന്ന നയമായിരിക്കും പാര്‍ട്ടി സ്വീകരിക്കുക. വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നരേന്ദ്ര മോഡിക്കെതിരായ ആക്രമണങ്ങള്‍ പരമാവധി കുറക്കുമെന്നും  പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ പോലും മോഡിയെ ലക്ഷ്യമിടുകയെന്ന നയമാണ്  രാഹുല്‍ സ്വീകരിച്ചിരുന്നത്. സംസ്ഥാനങ്ങളിലെ വിഷയങ്ങളില്‍  കേന്ദ്രീകരിക്കുന്നതിനുപകരം പലപ്പോഴും പ്രചാരണം റാഫേല്‍ വിവാദത്തില്‍ എത്തിക്കാനും മോഡിയെ തുറന്നുകാട്ടാനും രാഹുല്‍ ശ്രമിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളില്‍  സംസ്ഥാനങ്ങളിലെ കര്‍ഷക ദുരിതങ്ങളെക്കുറിച്ച് സംസാരിക്കുകയും വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും  മോഡിക്കെതിരെ തന്നെ ആയിരുന്നു മുഖ്യആരോപണം.
ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുഖ്യമന്ത്രിമാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി അധ്യക്ഷ സോണിയ നിര്‍ദേശിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ തനിക്ക് അനുകൂലമായി വളച്ചൊടിക്കുന്നതില്‍ മോഡി കാണിക്കുന്ന വൈദഗ്ധ്യമാണ് കോണ്‍ഗ്രസിന് തിരിച്ചറിവ് നല്‍കുന്നത്.
ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വര്‍ധിപ്പിച്ച് ബി.ജെ.പിയെ ചെറുക്കാനുള്ള ശ്രമം ഇക്കുറിയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മൃദുഹിന്ദുത്വം ഗുണം ചെയ്തില്ലെന്നും ന്യൂനപക്ഷങ്ങളും ദലിതരും ഗോത്രവര്‍ഗക്കാരും അകലുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു.

 

Latest News