Sorry, you need to enable JavaScript to visit this website.

മെസ്സിയോ ക്രിസ്റ്റിയാനോയോ, ബോള്‍ടിന്റെ ഇഷ്ടം അറിയാം

ലണ്ടന്‍ - ലിയണല്‍ മെസ്സി അതുല്യ പ്രതിഭയാണെങ്കിലും തന്റെ ഇഷ്ട ഫുട്‌ബോളര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയാണെന്ന് സൂപ്പര്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്. ഫിഫ വെബ്‌സൈറ്റുമായുള്ള അഭിമുഖത്തിലാണ് ഏതാനും മാസം പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിച്ച ബോള്‍ട് തന്റെ നിലപാട് വ്യക്തമാക്കിയത്. 
മെസ്സിയുടെയോ ക്രിസ്റ്റിയാനോയുടെയോ, ആരുടെ കരിയറാണ് മികച്ചത് എന്നായിരുന്നു ചോദ്യം. ഇരുവരുടെയും എന്നായിരുന്നു മറുപടി. 'പലരും ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇരുവരും ജീനിയസ് കളിക്കാരാണ്. എന്നാല്‍ ഞാന്‍ ക്രിസ്റ്റിയാനോയുടെ വലിയ ആരാധകനാണ്. വ്യത്യസ്ത ലീഗുകളില്‍ കഴിവ് തെളിയിക്കാനുള്ള ക്രിസ്റ്റിയാനോയുടെ കഴിവിനെ ഞാന്‍ വിലമതിക്കുന്നു. ഇംഗ്ലണ്ടിലും സ്‌പെയിനിലും കളിച്ച ക്രിസ്റ്റ്യാനൊ ഇപ്പോള്‍ ഇറ്റലിയാണ് പൊരുതുന്നത്' -ബോള്‍ട് പറഞ്ഞു.
മെസ്സി, ക്രിസ്റ്റ്യാനൊ, വിര്‍ജില്‍ വാന്‍ഡെക് എന്നിവരില്‍ ആര്‍ക്ക് ഫിഫയുടെ ബെസ്റ്റ് ബഹുമതി കിട്ടണമെന്നാണ് അഭിപ്രായമെന്നു ചോദിച്ചപ്പോള്‍ ബോള്‍ടിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'മികച്ച കളിക്കാരാണ് മൂവരും. ക്രിസ്റ്റ്യാനോയും മെസ്സിയും അഞ്ചു തവണ വീതം അവാര്‍ഡ് നേടിക്കഴിഞ്ഞു. വാന്‍ഡെക് ആവട്ടെ ഇത്തവണ യുവേഫയുടെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലിവര്‍പൂളിലെ കഴിഞ്ഞ സീസണ്‍ പരിഗണിക്കുമ്പോള്‍ വാന്‍ഡെക്കിന്റെ സമയം ആയിക്കഴിഞ്ഞുവെന്നു തോന്നുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആരാധകനെന്ന നിലയില്‍ ലിവര്‍പൂള്‍ താരത്തെ പിന്തുണക്കാന്‍ എനിക്കാവില്ല. അതിനാല്‍ ക്രിസ്റ്റ്യാനോക്കായിരിക്കും എന്റെ വോട്ട്'.
തന്നോടൊപ്പം 4-100 റിലേ ഓടാന്‍ പറ്റിയ കളിക്കാരായി ബോള്‍ട് തെരഞ്ഞെടുത്തത് ക്രിസ്റ്റിയാനൊ, കീലിയന്‍ എംബാപ്പെ, ഗാരെത് ബെയ്ല്‍ എന്നിവരെയാണ്.

Latest News