Sorry, you need to enable JavaScript to visit this website.

ആക്രമണങ്ങൾ സൗദി അറേബ്യയുടെ പ്രാധാന്യം ഉറപ്പിച്ചു - അമീൻ അൽനാസിർ

അമീൻ അൽനാസിർ 

റിയാദ് - കിഴക്കൻ സൗദിയിൽ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ സൗദി അറേബ്യയുടെയും സൗദി എണ്ണ വ്യവസായ മേഖലയുടെയും പ്രാധാന്യം ലോകത്തിനു മുന്നിൽ കൂടുതൽ അരക്കിട്ടുറപ്പിച്ചതായി സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ അമീൻ അൽനാസിർ പറഞ്ഞു.

ലോകത്തെ ഒരു ഉപയോക്താവിനോടുമുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിൽ നിന്ന് ആക്രമണങ്ങൾ സൗദി അറേബ്യക്കു മുന്നിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചില്ല. 1939 മെയ് ആദ്യത്തിൽ കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറ തുറമുഖത്തു നിന്ന് ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് സൗദിയിൽ നിന്നുള്ള ആദ്യ എണ്ണ ലോഡ് കയറ്റി അയച്ചതിലൂടെ ആരംഭിച്ച സുവർണ നേട്ടങ്ങൾ രാജ്യം തുടരും. 


ദിവസങ്ങൾക്കു മുമ്പ് ബഖീഖിലും ഖുറൈസിലുമുണ്ടായ വിനാശകരമായ ആക്രമണങ്ങളിലുണ്ടായ കെടുതികൾ പരിഹരിക്കുകയും ചെറുക്കുകയും ചെയ്യുന്ന കാര്യത്തിൽ സിവിൽ ഡിഫൻസ് അധികൃതർക്കൊപ്പം സൗദി അറാംകൊ ജീവനക്കാർ നടത്തിയ ശ്രമങ്ങൾ നിസ്തുല നേട്ടങ്ങളാണ്. ഇതിനു ശേഷം നടത്തിയ അഭംഗുര പ്രവർത്തനങ്ങളും കഠിനാധ്വാനങ്ങളും സൃഷ്ടിപരമായ ചിന്തകളും പ്രായോഗികവൽക്കരണങ്ങളും വഴി ആക്രമണങ്ങളിലൂടെ നഷ്ടപ്പെട്ട ഉൽപാദന ശേഷിയുടെ വലിയൊരു ശതമാനം റെക്കോർഡ് സമയത്തിനുള്ളിൽ വീണ്ടെടുക്കുന്നതിന് സാധിച്ചു. ഈ മാസാവസാനത്തിനു മുമ്പായി അവശേഷിക്കുന്ന ഉൽപാദന ശേഷി കൂടി വീണ്ടെടുക്കുന്നതിന് രാപകൽ ശ്രമങ്ങൾ തുടരുകയാണ്. 


ഈ സംഭവങ്ങൾ സൗദി അറാംകൊയുടെ വിശ്വാസ്യത ലോകത്തിനു മുന്നിൽ തെളിയിച്ചു. ഏറ്റവും മികച്ച മാനവശേഷി, ഭീമമായ എണ്ണ കരുതൽ ശേഖരം, ബൃഹത്തായ പശ്ചാത്തല സൗകര്യങ്ങൾ എന്നീ മൂന്നു ഘടകങ്ങൾ ഏതു പ്രതിസന്ധിയും വേഗത്തിൽ അതിജീവിക്കുന്നതിന് കമ്പനിയെ പ്രാപ്തമാക്കുന്നു. രൂക്ഷമായ ആക്രമണമായിരുന്നിട്ടും പശ്ചാത്തല സൗകര്യങ്ങളുടെ വളരെ ചെറിയ ഒരു ഭാഗത്തിന് മാത്രമാണ് കേടുപാടുകൾ സംഭവിച്ചത്. എണ്ണ കരുതൽ ശേഖരത്തെ ആക്രമണം ബാധിച്ചില്ല. സൗദി അറാംകൊ ജീവനക്കാരിൽ ആർക്കും തന്നെ ജീവഹാനിയോ പരിക്കോ നേരിട്ടില്ല എന്നത് ഇതിനേക്കാളെല്ലാം പ്രധാനമാണ്. 
ലോക സമ്പദ്‌വ്യവസ്ഥക്ക് ക്ഷതമേൽപിക്കുന്നതിനും സൗദി എണ്ണ വ്യവസായ മേഖല തകർക്കുന്നതിനും ലക്ഷ്യമിട്ടാണ് ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ ഇത് അനുകൂല ഫലമാണ് നൽകിയത്. ഇത് ആക്രമണങ്ങൾ നടത്തിയവർ കണക്കുകൂട്ടിയതല്ല. സൗദി അറേബ്യയുടെയും രാജ്യത്തിന്റെ എണ്ണ വ്യവസായത്തിന്റെയും അതിപ്രാധാന്യം ലോകത്തിന്റെ മനസ്സിൽ അരക്കിട്ടുറപ്പിക്കുകയാണ് ആക്രമണങ്ങൾ ചെയ്തത്. സൗദി അറാംകൊ കമ്പനി ജീവനക്കാരുടെ നിശ്ചദാർഢ്യവും ആക്രമണങ്ങൾ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി. കമ്പനിയിലെ 70,00 ഓളം വരുന്ന ജീവനക്കാർ മുമ്പത്തെക്കാൾ കൂടുതൽ ശക്തരായി മാറിയതായും അമീൻ അൽനാസിർ പറഞ്ഞു.

Latest News