Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രീ, താങ്കൾ ഇത് പറയാൻ പാടില്ലായിരുന്നു

തെരഞ്ഞെടുപ്പിന്റെ പാലം കടക്കുന്നതുവരെ പറയുന്നതും എടുക്കുന്നതുമായ നിലപാടുകൾ  കടന്നുകഴിയുമ്പോൾ എല്ലാവരും മറക്കും.  പാലാ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും നിലവിലുള്ള 4703  വോട്ടിന്റെ വ്യത്യാസം തങ്ങൾക്കനുകൂലമാക്കാൻ ഇടതുമുന്നണിയും യു.ഡി.എഫും പരസ്പരം മത്സരിച്ച് നടത്തുന്ന പ്രചാരണങ്ങൾക്ക് അത്രയേ കഴമ്പുള്ളൂ.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അവിടെചെന്നു പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു:
'മര്യാദക്കാണെങ്കിൽ സർക്കാറിന്റെ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു ജീവിക്കാം.  അഴിമതി നടത്തുന്നത് എത്ര ഉന്നതനായാലും രക്ഷപ്പെടില്ല. ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്.  അയാൾ അനുഭവിക്കാൻ പോകുകയാണ്' 
മുഖ്യമന്ത്രിക്ക് അണികളിൽനിന്ന് നീണ്ട കയ്യടി കിട്ടിക്കാണും, തീർച്ച. ഇതിന്റെ പേരിൽ എത്ര വോട്ട്  കിട്ടുമെന്നത് പറയാനാകില്ല. പാലാരിവട്ടം മേൽപാലം നിർമ്മിതിയിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച ഉന്നതൻ ആരെന്ന് പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി.  ആഭ്യന്തര വകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് വിഭാഗത്തിന്റെ ഈ കഥയ്ക്ക് മുഖ്യമന്ത്രിതന്നെ ടിപ്പണി ചേർക്കുമ്പോൾ അന്വേഷണ ഏജൻസിയുടെയും കേസന്വേഷണത്തിന്റെയും വിശ്വാസ്യതയിലും നിഷ്പക്ഷതയിലും കരിപുരളുകയാണ്.  
അതിരിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് പറയേണ്ട മുഖ്യമന്ത്രി  തെരഞ്ഞെടുപ്പു പ്രചാരണവേദികളിൽ സർക്കാർ പ്രോസിക്യൂട്ടറായി പ്രത്യക്ഷപ്പെടുന്നതിന്റെ പരിഹാസ്യതയുമിരിക്കട്ടെ. തെരഞ്ഞെടുപ്പു വേളകളിൽ തന്നെയും പാർട്ടിയേയും തകർക്കാൻ കൊണ്ടുവരുന്നതാണ് ലാവ്‌ലിൻകേസ് എന്ന് നീണ്ടകാലം ജനങ്ങളുടെ മുമ്പിൽ വിലപിച്ചുപോന്ന ഒരാളാണ് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ.  തന്റെ പാർട്ടിക്ക് സമാഹരിക്കാൻ കഴിയാവുന്നത്ര രാഷ്ട്രീയ - സാമ്പത്തിക പിൻബലവും നിയമസഹായവും ഭരണ സ്വാധീനവുമൊക്കെ ഉപയോഗിച്ച് അഴിമതിക്കുറ്റത്തിന്റെ പ്രതിപ്പട്ടികയിൽനിന്ന് വിചാരണകൂടാതെ ഒഴിവാക്കപ്പെട്ട ആളും. തന്നെ വിട്ടയച്ചത്  റദ്ദാക്കണമെന്ന സി.ബി.ഐ അപ്പീൽ സുപ്രിംകോടതിയിൽ വാദം നടത്താതെ നീട്ടിക്കൊണ്ടു പോകുകയാണെന്നകാര്യം മലയാളികളാരും മറന്നിട്ടില്ലെന്നും അദ്ദേഹത്തിന് നന്നായറിയാം. 
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ചില  മാധ്യമങ്ങൾക്കെത്തിച്ചു കൊടുത്ത ഫയലിൽ പ്രസ്തുത മന്ത്രിയുടെ കയ്യൊപ്പുള്ളതുകൊണ്ട് ആ 'മുൻമന്ത്രി അനുഭവിക്കാൻ പോകുകയാണെന്ന്' മുഖ്യമന്ത്രി  പിണറായി തെരുവു യോഗങ്ങളിൽ നടന്നു പ്രസംഗിക്കുകയോ? സുപ്രിംകോടതിയിൽ നിലനിൽക്കുന്ന അഴിമതികേസിൽ അദ്ദേഹത്തെ ഒഴിവാക്കി എടുത്തുകൊള്ളാമെന്ന് ആരെങ്കിലും ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണോ അറസ്റ്റു ചെയ്യുകയോ പ്രതിയാക്കുകയോ ചെയ്തിട്ടില്ലാത്ത  മുൻമന്ത്രി 'അനുഭവിക്കുമെന്ന്' മുന്നറിയിപ്പ് നൽകുന്നത്?  അങ്ങനെ സംശയിച്ചുപോയാൽ തെറ്റാവില്ല. 
അഴിമതി നടത്തുന്നത് എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അതാണിപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പാലായിൽ പറഞ്ഞതായും വായിച്ചു. അഴിമതികേസിൽ ഒരുവർഷത്തെ കഠിനതടവിന് സുപ്രിംകോടതി ശിക്ഷിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ കിടത്തിയ ഒരു നേതാവിന്റെ കാര്യം കേരളം ഇപ്പോൾ കാണുന്നുണ്ട്. 
പിണറായിയുടെ പാർട്ടിക്കാരായ രണ്ടു പ്രതിപക്ഷ നേതാക്കൾ- പിന്നീട് മുഖ്യമന്ത്രിമാരായവർ കേസു നടത്തിയാണ് ഇടമലയാർ കേസിൽ ആ നേതാവ് വർഷങ്ങൾക്കുശേഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നത്. ഇടതുപക്ഷ  സർക്കാറിന്റെ ഭക്ഷണംതന്നെയാണ് അദ്ദേഹത്തിന് കഴിക്കേണ്ടി വന്നത്.  ആ ഉന്നതന് ക്യാബിനറ്റ് പദവിയും പരിവാരങ്ങളും നൽകി മുഖ്യമന്ത്രിതന്നെ നാടാകെ എഴുന്നള്ളിക്കുന്ന കാഴ്ചയാണ് അത്. തന്റെ വാക്കിലും പ്രവൃത്തിയിലും ധ്രുവങ്ങളുടെ അന്തരമുണ്ടെന്ന് മുഖ്യമന്ത്രിയെപ്പോലൊരാൾ ഈ തെരഞ്ഞെടുപ്പുചൂടിൽ മറന്നതുപോലെ.
ഏതു മുന്നണിയുടെ ഭരണത്തിലായാലും അഴിമതി നടന്നെന്ന് വസ്തുതാപരമായി ആരോപണമുണ്ടായാൽ സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷണം നടത്തി എത്ര ഉന്നതരായാലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. വിചാരണചെയ്ത് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതികൾ തെറ്റുചെയ്തവരെ ശിക്ഷിക്കേണ്ടതുമുണ്ട്. അത്രയുംവരെ അവരെ നിരപരാധികളായി കാണണമെന്നത് നീതിനിർവ്വഹണത്തിന്റെ ധാർമ്മികമായ അടിസ്ഥാനശിലയാണ്. ഇത് പിണറായി വിജയനും സി.ബി.ഐയുടെയും പൊലീസിന്റെയും കേസുകളിൽ പ്രതികളായി തുടരുകയും വിചാരണ നേരിടുകയും ചെയ്യുന്ന മറ്റു സി.പി.എം നേതാക്കൾക്കും ബാധകമല്ലെന്നും മറ്റു രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ഉൾപ്പെട്ട കേസുകൾക്കുമാത്രം ബാധകമാണെന്നുമുള്ള ഇരട്ടത്താപ്പ് ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ല.  തന്നെയുമല്ല തെരഞ്ഞെടുപ്പ് ആവശ്യത്തിന് അഴിമതി കേസുകൾ കുത്തിപ്പൊക്കുന്ന വ്യാപകമായ പ്രവണത  കേരളത്തിലും ആവർത്തിക്കുന്നത് പിന്തുണയ്ക്കാനാവില്ല.  തെരഞ്ഞെടുപ്പു കഴിഞ്ഞാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ട  നിലപാട് ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഒരുപോലെ രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കേണ്ടതുണ്ട്. 
എന്നാൽ കേരളത്തിന്റെ അനുഭവം വെച്ചുനോക്കിയാൽ ഭൂരിഭാഗം അഴിമതികേസുകളും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ നിൽക്കുന്ന പാർട്ടികളോ കക്ഷികളോ മുന്നണികളോ ഉന്നയിക്കുന്നത് എതിരാളികളുടെ രാഷ്ട്രീയതകർച്ച ഉറപ്പുവരുത്താനാണെന്ന് കാണുന്നു. അതുകൊണ്ട് അഴിമതി ആരോപണങ്ങളെ സംബന്ധിച്ച് അത് സത്യസന്ധവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ആണെങ്കിൽപോലും ജനങ്ങൾക്കതിൽ വിശ്വാസം ഇടിഞ്ഞിടിഞ്ഞുവരുന്ന സ്ഥിതിയുണ്ട്. 
ഇതു സംബന്ധിച്ച കേരളത്തിന്റെ ആദ്യകാല അവസ്ഥ വേറിട്ടതായിരുന്നു. 1957ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റു മന്ത്രിസഭയ്‌ക്കെതിരെ രാഷ്ട്രീയായുധമെന്ന നിലയ്ക്ക് മുണ്ടറ അഴിമതിയാരോപണം ഉന്നയിക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ഗവണ്മെന്റിലെ അഴിമതിക്കെതിരെ കമ്മ്യൂണിസ്റ്റു പാർട്ടിയടക്കമുള്ള പ്രതിപക്ഷം തെളിവുകളുടെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന അഴിമതിയാരോപണങ്ങളെ നേരിടാനുള്ള രാഷ്ട്രീയ ഇടപെടലായിരുന്നു അത്. 
1967ൽ ഇ.എം.എസ് നേതൃത്വം നൽകിയ സപ്തകക്ഷിമുന്നണി ഗവണ്മെന്റിലെ മന്ത്രി വെല്ലിംഗ്ടനെതിരെ മുന്നണിക്കകത്തുനിന്നുതന്നെ  ആരോപണമുയർന്നു. 1969 ആയപ്പോഴേക്കും സപ്തകക്ഷി മുന്നണിക്കകത്തു രൂപംകൊണ്ട കുറുമുന്നണിയുടെ ഭാഗമായി സി.പി.ഐയും ആർ.എസ്.പിയും ചേർന്ന് കോൺഗ്രസ് പ്രയോഗിച്ച രാഷ്ട്രീയായുധം സി.പി.എമ്മിനെതിരെ അഴിമതിയുടെ പേരിൽ പ്രയോഗിക്കുകയായിരുന്നു. പകരം സി.പി.എം സി.പി.ഐ മന്ത്രിമാർക്കെതിരെയും ആരോപണമുയർത്തി.
വെല്ലിംഗ്ടണിന്റെയും സി.പി.എം മന്ത്രിമാരുടെയും പേരിലുള്ള അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന് സി.പി.ഐയും ആർ.എസ്.പിയും കോൺഗ്രസ് നിയമസഭാകക്ഷിയുടെ പിന്തുണയോടെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. യഥാർത്ഥത്തിൽ മന്ത്രിമാർ അഴിമതി നടത്തിയെന്ന് വിശ്വസിച്ചല്ല, സപ്തകക്ഷി മുന്നണിയും മന്ത്രിസഭയും പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ മേൽ സമ്മർദ്ദം ചെലുത്താനായിരുന്നു ആരോപണം. എന്നാൽ അന്വേഷണത്തിനു കമ്മീഷനെ വെക്കണമെന്ന പ്രമേയത്തിനു നിയമസഭയിൽ മറുപടി പറഞ്ഞ ഇ.എം.എസ് സി.പി.ഐ മന്ത്രിമാരടക്കം ആരോപണത്തിനു വിധേയരായ എല്ലാ മന്ത്രിമാരുടെയും പേരിൽ അന്വേഷണം നടത്താൻ താൻ ഉത്തരവിടുന്നു എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. 
പ്രമേയം സഭ പാസാക്കിയതോടെ ഗവർണറെ കണ്ട് മുന്നണി മന്ത്രിസഭയുടെ രാജി ഇ.എം.എസ് ഗവർണർക്ക് സമർപ്പിച്ചു. ഇതേതുടർന്നാണ് ഇ.എം.എസ് മന്ത്രിസഭ തകർന്നതും സപ്തമുന്നണിയിൽ കുറുമുന്നണിയായി പ്രവർത്തിച്ച സി.പി.ഐയും ആർ.എസ്.പിയും മറ്റും കോൺഗ്രസുമായി ചേർന്ന് അച്യുതമേനോന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭയും രാഷ്ട്രീയ മുന്നണിയും രൂപീകരിച്ചതും. അതിനുശേഷം അച്യുതമേനോൻ ഗവണ്മെന്റിൽ അദ്ദേഹത്തിനെതിരെയും മറ്റു മന്ത്രിമാർക്കെതിരെയും സി.പി.എം തുടർന്നും  അഴിമതിയാരോപണങ്ങൾ ഉന്നയിച്ചു.  
പക്ഷെ ഈ അഴിമതി ആരോപണങ്ങൾ സത്യസന്ധമായിരുന്നില്ലെന്നും താന്താങ്കളുടെ രാഷ്ട്രീയ നിലപാടുകൾക്കുവേണ്ടി ഉന്നയിച്ചതായിരുന്നെന്നും വർഷങ്ങൾക്കുശേഷം  ബന്ധപ്പെട്ടവർതന്നെ വെളിപ്പെടുത്തി. ഇരുപത്തിമൂന്ന് വർഷങ്ങൾക്കുശേഷം ഇ.എം.എസ് തന്നെ ഇങ്ങനെ രേഖപ്പെടുത്തി: 
'ആദ്യം അവിഭക്ത കമ്മ്യൂണിസ്റ്റു പാർട്ടിക്കെതിരെ കോൺഗ്രസും പിന്നീട് സി.പി.ഐ.എമ്മിനെതിരെ സി.പി.ഐയും ഉപയോഗിച്ച രാഷ്ട്രീയായുധം (അഴിമതിയാരോപണം) തന്നെയാണ് സി.പി.ഐയ്‌ക്കെതിരെ ഞങ്ങൾ ഉപയോഗിച്ചത്. പിന്നീട് അതിന്റെ ഭാഗമായാണ് നിയമം, സ്ഥലമെടുപ്പ് തുടങ്ങിയ കാര്യങ്ങളിൽ അച്യുതമേനോനും അദ്ദേഹത്തിന്റെ പാർട്ടിക്കുമെതിരായി ഞങ്ങൾ ആരോപണം ഉന്നയിച്ചത്.  കോൺഗ്രസ് മന്ത്രിമാരുടെമേൽ ഉണ്ടെന്ന് മഹാത്മാഗാന്ധിക്കും ജവഹർലാലിനും ബോധ്യപ്പെട്ട അഴിമതികുറ്റം അച്യുതമേനോനും സഖാക്കൾക്കുമുണ്ടെന്ന് ഞങ്ങൾ കരുതിയിട്ടേയില്ല.... ' 
സി.പി.ഐ മന്ത്രിമാരായ എം.എൻ ഗോവിന്ദൻനായർക്കും ടി.വി തോമസിനുമെതിരെ സി.പി.എമ്മും, സി.പി.എം മന്ത്രിമാർക്കെതിരെ സി.പി.ഐയും ഉന്നയിച്ച അഴിമതിയാരോപണങ്ങൾ  കേവലം രാഷ്ട്രീയ ആയുധങ്ങളായിരുന്നു എന്നാണ് അച്യുതമേനോനും ഇ.എം.എസും പല ഘട്ടങ്ങളിലായി  വെളിപ്പെടുത്തിയത്. എന്നാൽ പിന്നീട് അധികാരം ഇടതുപാർട്ടികൾക്കടക്കം വന്നുംപോയുമിരുന്ന ഒരു തുടർപ്രക്രിയയെന്ന നില കേരളത്തിലും ബംഗാളിലും വന്നതോടെ ഇടതുമുന്നണി മന്ത്രിമാരിൽ ചിലരും അഴിമതിയും പൊതുപ്രവർത്തനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന നിലയിലെത്തി. ആഗോളവത്ക്കരണവും ഉദാരീകരണ നയങ്ങളും ഇടതുസർക്കാറുകളെയും അഴിമതികളോട് കൂടുതൽ അടുപ്പിച്ചു.  ലാവ്‌ലിൻകേസിൽ സംഭവിച്ചതുപോലെ സി.ബി.ഐയെ ഏല്പിച്ചാലും കോടികളുടെ അഴിമതി നടത്തിയ മന്ത്രിമാരെയും സ്ഥാപനങ്ങളെയും  നിയമത്തിനുമുമ്പിൽ കൊണ്ടുവരാനോ വിചാരണചെയ്യാനോ സാധ്യമല്ലാത്ത അവസ്ഥയും വന്നു. 
കോർപ്പറേറ്റുകൾക്കുവേണ്ടിയും കോർപ്പറേറ്റുകളാലും നയിക്കപ്പെടുന്ന ഭരണകൂടങ്ങൾ ആഗോളതലത്തിൽ യാഥാർത്ഥ്യമായതിന്റെ മാറ്റവും ദേശീയതലത്തിലും സംസ്ഥാന സർക്കാറുകളിലും അഴിമതി സാധ്യത കയ്യെത്താത്ത, കണ്ണെത്താത്ത നിലയിലാക്കി. കേരളത്തിൽ കിഫ്ബി പോലുള്ള ബജറ്റിനോടും നിയമസഭയോടും സി.എ.ജി ഓഡിറ്റിനോടും ബാധ്യതയില്ലാത്ത സമാന്തര- സാമ്പത്തിക സംവിധാനങ്ങൾ അഴിമതിയും സമാന്തര-സാമ്പത്തിക ഭരണവും കേരളത്തിൽ സൃഷ്ടിക്കുന്നു. ലോക പാർലമെന്റുപോലുള്ള പുതിയ സംരംഭങ്ങൾ ഇടതുഗവണ്മെന്റിന്റെ 'ഹൗഡിമോഡി'പോലുള്ള  പരീക്ഷണങ്ങളാകുന്നു. 
ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രഖ്യാപനം തല്ക്കാലത്തേക്കുള്ള ഒരു രാഷ്ട്രീയായുധ പ്രയോഗം മാത്രമാണ്. 
ഭരണാധികാരം കൈയിൽവെച്ചുള്ള രാഷ്ട്രീയ ഭീഷണിയും. പ്രത്യേകിച്ചും അഴിമതിയുടെ പേരിൽ മോഡി ഗവണ്മെന്റ് വഴങ്ങാത്ത പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടക്കാനും അഴിമതി വിരുദ്ധ നടപടിയുടെ പേരിൽ പ്രതിപക്ഷപാർട്ടികളെ തകർക്കാനും നടത്തുന്ന നീക്കങ്ങൾ വ്യാപകമാകുകയാണ്. അതിന്റെ  പൂരകപ്രക്രിയയാണ് മുഖ്യമന്ത്രി പിണറായിയും പ്രയോഗിക്കുന്നതെന്നേ വിലയിരുത്താനാകൂ.
 

Latest News