Sorry, you need to enable JavaScript to visit this website.

നെയ്മാറിനോട് കാക്കക്ക് പറയാനുള്ളത് 


ലോകകപ്പ് ചാമ്പ്യൻ, ലോകത്തെ മികച്ച കളിക്കാരൻ... നെയ്മാർ സ്വപ്‌നം കാണുന്നതൊക്കെ നേടിയെടുത്ത കളിക്കാരനാണ് കാക്ക. കരിയറിൽ മറ്റൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന നെയ്മാറിന് കാക്ക എന്തു പറയുന്നു എന്നു ശ്രവിക്കുന്നത് ഗുണം ചെയ്‌തേക്കാം. നെയ്മാറിന് നിരവധി കോണുകളിൽ നിന്ന് ഉപദേശം കിട്ടുന്നുണ്ട് എന്ന് കാക്കക്ക് അറിയാം. എന്നാൽ മുൻ ബ്രസീൽ സ്‌ട്രൈക്കർക്ക് ഒന്നേ പറയാനുള്ളൂ -പി.എസ്.ജിയിൽ തുടരുക, ചാമ്പ്യൻസ് ലീഗ് നേടാൻ ശ്രമിക്കുക, അപ്പോൾ ലോക ഫുട്‌ബോളർ ദ ഇയർ പട്ടം താനെ വന്നുചേരും. കളിക്കാരനെന്ന നിലയിൽ പക്വതയാർജിച്ചു കൊണ്ടിരിക്കുമ്പോൾ ലോകകപ്പ് നേടാനായേക്കാം. എങ്കിൽ മഞ്ഞക്കുപ്പായത്തിൽ പരാജയമെന്ന ലേബൽ മാറിക്കിട്ടിയേക്കും. 
'എല്ലാവരും നെയ്മാറിനെ ഉപദേശിക്കുന്നുണ്ട്. അഭിപ്രായം പറയുന്നുണ്ട്. അയാൾ 27 വയസ്സുള്ള പയ്യനാണ്. ഈ പ്രായത്തിലുള്ളവരെല്ലാം പിഴവ് വരുത്താറുണ്ട്. ആ പിഴവിൽ നിന്ന് പാഠമുൾക്കൊള്ളാറുണ്ട്' -കാക്ക വിശദീകരിച്ചു. 
2007 ൽ ഫുട്‌ബോളിലെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതിക്കർഹനായ ആളാണ് കാക്ക. ആ വർഷം ഫിഫ ഫുട്‌ബോളർ ഓഫ് ദ ഇയറായി, ബാലൻഡോർ കരസ്ഥമാക്കി. എ.സി മിലാനുമൊത്ത് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി. 
എന്നാൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായ നെയ്മാർ ഇന്ന് സ്വന്തം ആരാധകരുടെ കൂക്കിവിളി നേരിടുകയാണ്. ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവാനുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായി സീസണിലെ ആദ്യ നാലു മത്സരങ്ങളിൽ വിട്ടുനിന്ന ശേഷം പി.എസ്.ജി ജഴ്‌സിയിൽ ഇറങ്ങിയപ്പോഴാണ് ആരാധകർ നെയ്മാറിനെ അപമാനിച്ചത്. സസ്‌പെൻഷൻ കാരണം ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു കളികളിൽ ഇറങ്ങാനും നെയ്മാറിന് സാധിക്കില്ല. 
'പി.എസ്.ജിയിൽ തുടരുന്നത് നെയ്മാറിനും ക്ലബ്ബിനും ഗുണമാണ്. ചാമ്പ്യൻസ് ലീഗ് നേടാനുള്ള മികച്ച ടീമിനെ ഒരുക്കുകയാണ് പി.എസ്.ജി. ആ പദ്ധതിയുടെ നായകനാവാൻ നെയ്മാറിന് സാധിക്കും. എങ്കിൽ ഈ വർഷം നെയ്മാറിന് ഏറ്റവും മികച്ചതാവും' -കാക്ക ചൂണ്ടിക്കാട്ടി. 
തിങ്കളാഴ്ച ഫിഫ ബഹുമതികൾ സമ്മാനിക്കുമ്പോൾ നെയ്മാർ ചിത്രത്തിലേയില്ല. ബാലൻഡോർ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു മുകളിലേക്കുയരാൻ ഇതുവരെ നെയ്മാറിന് സാധിച്ചിട്ടില്ല. 
ഇപ്പോഴും ലിയണൽ മെസ്സിയുടെയും ക്രിസ്റ്റിയാനൊ റൊണാൾഡോയുടെയും നിഴലിലാണ്. 
'ലോകത്തിലെ മികച്ച കളിക്കാരനാവുന്നതിൽനിന്ന് നെയ്മാറിനെ തടയുന്ന പ്രധാന ഘടകം വമ്പൻ ടീമുകളുമൊത്ത് ഒരു പ്രധാന കിരീടം ഇതുവരെ  നേടാത്തതാണ്. ഏതെങ്കിലും ടീമുമൊത്ത് നേട്ടത്തിന് ചുക്കാൻ പിടിക്കാൻ നെയ്മാറിന് സാധിച്ചാൽ ബഹുമതികൾ താനെ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്' - കാക്ക ചൂണ്ടിക്കാട്ടി. 


ലോക റെക്കോർഡായ 22.2 കോടി യൂറോക്ക് ബാഴ്‌സലോണയിൽ നിന്ന് കൂടുമാറിയ ശേഷം പി.എസ്.ജിയിൽ നെയ്മാറിന്റെ മൂന്നാം സീസണാണ് ഇത്. 'ഇരുപത്തേഴാം വയസ്സിൽ ഞാനും ഇതുപോലെ തെറ്റുകൾ വരുത്തിയിട്ടുണ്ടാവും. അതിനാൽ ഇത് നല്ലൊരവസരമാണ്, സ്വയം തിരുത്താനും മെച്ചപ്പെടാനും.'
പി.എസ്.ജിക്കൊപ്പം രണ്ടു തവണ നെയ്മാർ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്. എന്നാൽ പണം വെള്ളം പോലെ ഒഴുക്കുന്ന ടീമിന് അത് വലിയ നേട്ടമൊന്നുമല്ല. 
എന്നാൽ പി.എസ്.ജിക്കൊപ്പം യൂറോപ്യൻ മെഡൽ നേടാൻ നെയ്മാറിന് സാധിച്ചില്ല. 2015 ൽ ബാഴ്‌സലോണക്കൊപ്പം യൂറോപ്യൻ ചാമ്പ്യന്മാരായതാണ് നെയ്മാറിന്റെ നേട്ടം. ബ്രസീൽ ജഴ്‌സിയിൽ 2016 ലെ റിയൊ ഒളിംപിക്‌സ് സ്വർണവും 2013 ലെ കോൺഫെഡറേഷൻസ് കപ്പുമാണ് നെയ്മാർ ആകെ നേടിയത്. 
2014 ലെ ലോകകപ്പ് സെമിയിൽ ജർമനിയോട് 1-7 ന് തോറ്റ ബ്രസീലിന്റെ മത്സരം പരിക്കു കാരണം നെയ്മാറിന് നഷ്ടപ്പെട്ടു. 2018 ലെ ലോകകപ്പിൽ ബെൽജിയത്തോട് ക്വാർട്ടറിൽ തോറ്റ ടീമിന്റെ ഭാഗമായിരുന്നു. ഈ വർഷം പരിക്കേറ്റ നെയ്മാർ ഇല്ലാതെയാണ് ബ്രസീൽ കോൺഫെഡറേഷൻസ് കപ്പ് ചാമ്പ്യന്മാരായത്.
2002 ൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു കാക്ക. ബ്രസീൽ പിന്നീട് ഫൈനലിൽ പോലുമെത്തിയിട്ടില്ല. 'ബ്രസീൽ കളിക്കാരനാവുകയെന്നാൽ പിരിമുറുക്കമാണ്. അഞ്ച് തവണ ലോകകപ്പ് നേടിയ ടീമാണ് ബ്രസീൽ. അതിനാൽ എപ്പോഴും ലോകകപ്പ് നേടുമെന്ന് എല്ലാവരും കരുതുന്നു. അതിനാൽ ബ്രസീൽ ടീമിൽ എത്ര നന്നായി കളിച്ചിട്ടും കാര്യമില്ല. ലോകകപ്പ് നേടിയിട്ടില്ലെങ്കിൽ പരാജയമായാണ് വിലയിരുത്തപ്പെടുക. അത് ന്യായമല്ലെന്നറിയാം. പക്ഷെ അതാണ് യാഥാർഥ്യം. രണ്ട് ലോകകപ്പുകളിൽ നെയ്മാർ കളിച്ചു. രണ്ടിലും പരാജയപ്പെട്ടു. അടുത്ത ലോകകപ്പിൽ ബ്രസീലിന്റെ താരമാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അത് വലിയ വെല്ലുവിളിയാണ്. പക്ഷെ നെയ്മാർ പക്വതയാർജിക്കുകയാണ്. ദേശീയ ടീമിൽ തന്റെ ഉത്തരവാദിത്തമെന്താണെന്ന് നെയ്മാറിന് ബോധ്യമുണ്ട്. അതാണു കാര്യം'.
 

Latest News