Sorry, you need to enable JavaScript to visit this website.

സർഗാത്മക കൗമാരം

ഫാത്തിമ ഷമൂല ശറാഫത്ത്

'ഫാത്തിമ ഷമൂല ശറാഫത്ത്' ഒരു കാവ്യം പോലെ മനോഹര പേരുള്ള ഈ കൗമാരക്കാരി നിരവധി മേഖലകളിൽ സർഗാത്മക കഴിവുകൾ തെളിയിച്ച അതുല്യ പ്രതിഭയാണ്. കവിതാ രചന, കവിതാലാപനം, പ്രസംഗം, പ്രോഗ്രാം അവതരണം തുടങ്ങി വിവിധ മേഖലകളിൽ ഇന്ന് പ്രവാസ ലോകത്തെ ശ്രദ്ധാ കേന്ദ്രമായ ശാലു എന്നറിയപ്പെടുന്ന ഫാത്തിമ ഷമൂല, ഡിയറസ്റ്റ് ഒഫ് ഡിയർ ടീച്ചേഴ്‌സ്, ഫെഡിങ് എവെ, ഡിമെൻഷൻ ഒഫ് ടൈം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പത്തിയഞ്ചിലധികം കവിതകൾ എഴുതിയിട്ടുണ്ട്. 
കല, ബിസിനസ്, പാചകം, മോട്ടിവേഷൻ ക്ലാസ്, കുടുംബ സദസ്സ് തുടങ്ങി നിരവധി മികച്ച ഇവന്റുകൾക്ക് ജിദ്ദയിലെ വേദികളിലെ അവതാരകയായെത്തുന്ന ശാലു കഴിഞ്ഞ ദിവസം ജിദ്ദ ആർട്ട് ലവേഴ്‌സ് സംഘടിപ്പിച്ച 'പ്രളയത്തിന് ഒരു സാന്ത്വനം' പരിപാടിയിൽ പ്രളയത്തെ കുറിച്ച് ഇംഗ്ലീഷിൽ തന്റെ കവിത ആലപിച്ച് കൊണ്ടെത്തിയത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഇവരുടെ അവതരണ മികവ് ഏറെ ഹൃദ്യമാണ്. വളരെ ചെറുപ്പത്തിൽ തന്നെ കവിതയിലും പ്രസംഗത്തിലും അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്ന ശാലു, പാചക കലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി കൂടിയാണ് ശാലു. പ്ലസ് വണിന് സയൻസ് ഗ്രൂപ്പ് എടുത്തു പഠിക്കുന്ന ഇവർക്ക് ഭാവിയിൽ ഇന്ത്യൻ സിവിൽ സർവീസിന് പോകാനാണ് താൽപര്യം. ഇതിനായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി പരിശീലനം നേടുന്നുണ്ട്.
ജിദ്ദയിൽ ട്രേഡിങ് ബിസിനസ് നടത്തുന്ന കാസർകോട് മൊഗ്രാൽ സ്വദേശി ലത്തീഫ് അബ്ദുൽഖാദറിന്റെയും, ലോകത്തെമ്പാടും വേരുകളുള്ള പാചക ഗ്രൂപ്പുകളിലൊന്നായ 'മലബാർ അടുക്കള'യുടെ ജിദ്ദാ കോ-ഓർഡിനേറ്റർ കുബ്‌റ ലത്തീഫിന്റെയും ആറു മക്കളിൽ രണ്ടാമത്തവളാണ്. റഷ്യയിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥി ഷനീൻ കാസിഫ്, ജിദ്ദ ഇന്ത്യൻ സ്‌കൂൾ എട്ടാം തരം വിദ്യാർഥി ഷഹീൻ ഷാൻ, രണ്ടാം തരം വിദ്യാർഥി മുഹമ്മദ് ഷീശ്, ഉമറുൽ ഫാറൂഖ് എന്നിവർ സഹോദരന്മാരും ആയിഷ ഷമീസ് സഹോദരിയുമാണ്.  ചെറുപ്രായത്തിൽ തന്നെ കവിതയും പ്രസംഗവും മറ്റുമായി പ്രവാസ ഇടവേളകളെ ധന്യമാക്കുന്ന ഈ വിദ്യാർഥിനി പ്രവാസി വിദ്യാർഥി സമൂഹത്തിന് മാതൃകയാണ്.
 

Latest News