Sorry, you need to enable JavaScript to visit this website.

ലണ്ടൻ പോലീസും ഫേസ്ബുക്കും സഹകരിക്കുന്നു 

ന്യൂസിലാന്റ് പള്ളി കൂട്ടക്കൊല പോലുള്ള ഭീകരാക്രമണങ്ങളുടെ തത്സമയ സംപ്രേഷണം കണ്ടെത്തുന്നതിനും തടയുന്നതിനും കൃത്രിമ രഹസ്യാന്വേഷണ ഉപകരണങ്ങളെ സഹായിക്കാൻ ഫേസ്ബുക്കും ലണ്ടൻ പോലീസും സഹകരിക്കുന്നു. ഫേസ് ബുക്കിന്റെ നിർമിത ബുദ്ധി സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ ഇതുവഴി സാധിക്കും. 
കഴിഞ്ഞ മാർച്ചിൽ ക്രൈസ്റ്റ്ചർച്ച് നഗരത്തിലെ രണ്ട് പള്ളികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യാൻ വെള്ളക്കാരനായ വംശീയവാദി തലയിൽ ഘടിപ്പിച്ച ക്യാമറയാണ് ഉപയോഗിച്ചിരുന്നത്. തത്സമയ സംപ്രേഷണം തുടക്കത്തിൽതന്നെ കണ്ടെത്തി തടയുന്നതിൽ പരാജയപ്പെട്ട ഫേസ്ബുക്കും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളും രൂക്ഷ വിമർശനമാണ് നേരിട്ടത്. ഓൺലൈനിൽ വ്യാപിച്ച ദൃശ്യങ്ങൾ മാറ്റുന്നതിനും സമയമെടുത്തുവെന്ന്  വിമർശിക്കപ്പെട്ടിരുന്നു. 
ന്യൂസിലാന്റ് പ്രധാനമന്ത്രി  ജസീന്ദ ആർഡെനും മറ്റ് ലോക നേതാക്കളും ഓൺലൈൻ തീവ്രവാദത്തിനെതിരെ ആരംഭിച്ച ക്രൈസ്റ്റ്ചർച്ച് കോൾ ടു ആ ക്ഷൻ  എന്ന കാമ്പയിൻ പിന്നീട്  ഫേസ്ബുക്കും മറ്റ് പ്രധാന സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു. തീവ്രവാദവും ഓൺലൈൻ വിദ്വേഷവും തടയുന്നതിനായി തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുന്ന പ്രക്രിയയിലാണെന്ന് ഫേസ് ബുക്ക് അറിയിച്ചു. 
ഈ മാറ്റങ്ങളിൽ ചിലത് ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തിന് മുമ്പ് തന്നെ ആരംഭിച്ചതാണ്. എന്നാൽ പള്ളികളിൽ നടന്ന കൂട്ടക്കൊലകളും ക്രൈസ്റ്റ്ചർച്ച് കോൾ ടു ആക്ഷൻ പോലുള്ള കാമ്പയിനുകളും അവ നടപ്പിലാക്കുന്നത് ശക്തമാക്കി. 
തങ്ങളുടെ കമാൻഡ് യൂനിറ്റ് നടത്തുന്ന പരിശീലനങ്ങളുടെ വിഡിയോകൾ അടുത്ത മാസം മുതൽ  ഫേസ് ബുക്കിന് നൽകിത്തുടങ്ങുമെന്ന്  ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഫേസ് ബുക്ക് നൽകുന്ന ശരീര ക്യാമറകളാണ് ദൃശ്യങ്ങൾ പകർത്തുക. നിർമിത ബുദ്ധി സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഇത്തരത്തിലുള്ള ധാരാളക്കണക്കിന് ദൃശ്യങ്ങൾ ആവശ്യമാണെന്നും ലണ്ടൻ പോലീസുമായുള്ള സഹകരണം സഹായകമാകുമെന്നും ഫേസ് ബുക്ക് വ്യക്തമാക്കി. സംഭവങ്ങൾ ഷൂട്ട് ചെയ്യുന്നവരെ യഥാസമയം കണ്ടെത്തുന്നതിനും വളരെ വേഗം അവ നീക്കം ചെയ്യുന്നതിനും നിർമിത ബുദ്ധി ഉപകരണങ്ങൾക്ക് സാധിക്കും. 
അമേരിക്കയിലെ നിയമ നിർവഹണ ഏജൻസികളിൽനിന്ന് ഫേസ്ബുക്ക് ഇതിനകം ഉപയോഗിക്കുന്ന വിഡിയോകളോടൊപ്പമാണ് തങ്ങളുടെ ദൃശ്യങ്ങളും ഫേസ് ഉപയോഗിക്കുകയെന്ന് ലണ്ടൻ പോലീസ് പറഞ്ഞു.
ഭീകരാക്രമണങ്ങൾ പോലുള്ളവ മഹത്വവൽക്കരിക്കുന്നതും അതിനു പിന്നിലെ  പ്രത്യയശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും തടയാനും സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് ബ്രിട്ടനിലെ സ്‌പെഷ്യൽ ഓപ്പറേഷൻ അസിസ്റ്റന്റ് കമ്മീഷണർ നീൽ ബസു പറഞ്ഞു.
ഓൺലൈൻ വിദ്വേഷത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ലോകത്തെ ആദ്യത്തെ ഭീകരവാദ ഇന്റർനെറ്റ് പ്രതികരണ ടീമിനെ സൃഷ്ടിച്ചതിനാലാണ് ലണ്ടൻ പോലീസിന്റെ സഹായം തേടാൻ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചതെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.
വിഡിയോകൾ വ്യാപിച്ച വേഗതയും അവ  ട്രാക്കുചെയ്യുന്നതിന്  ഫെയ്സ്ബുക്കിന് സാധിക്കാതിരുന്നതും ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിക്കുമേൽ സർക്കാരുകളുടെ നിരീക്ഷണം ഇരട്ടിയാക്കിയിരുന്നു. ക്രൈസ്റ്റ്ചർച്ച് ദൃശ്യങ്ങൾ 17 മിനിറ്റ് തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. 12 മിനിറ്റ് കൂടി ഓൺലൈനിൽ ലഭ്യമായതിനു ശേഷം ഒരു യൂസർ വിവരം നൽകിയതിനെ തുടർന്നാണ്  അവ നീക്കം ചെയ്യാൻ ഫേസ് ബുക്കിന് സാധിച്ചത്.
തങ്ങളുടെ ട്രാക്ക് റെക്കോർഡ് മോശമല്ലെന്ന് ഫേസ് ബുക്ക് പറയുന്നുണ്ടെങ്കിലും ചിലർ  സമൂഹ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അവർ സമ്മതിക്കുന്നു. 
200 വെള്ള മേധാവിത്വ സംഘടനകളെ നിരോധിക്കുകയും  ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളുടെ 26 ദശലക്ഷം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും ഫേസ് ബുക്ക് അവകാശപ്പെടുന്നു. തീവ്രവാദ ഉള്ളടക്കം തിരയുന്ന ഉപയോക്താക്കളെ പ്രത്യേക സപ്പോർട്ട് ഗ്രൂപ്പിൽ എത്തിക്കുന്നതിനുള്ള യു.എസ് പദ്ധതി  ഓസ്ട്രേലിയയിലേക്കും ഇന്തോനേഷ്യയിലേക്കും വ്യാപിപ്പിക്കാനും ഫേസ് ബുക്കിന് പദ്ധതിയുണ്ട്. ബോധവൽക്കരണവും വിദ്യാഭ്യാസവും ലക്ഷ്യമിട്ട് മുൻ തീവ്രവാദികൾ രൂപം നൽകിയതാണ് ഈ സപ്പോർട്ട് ഗ്രൂപ്പ്. 


 

Latest News