Sorry, you need to enable JavaScript to visit this website.

മൊബൈൽ ഫോൺ മോഷണം കൊണ്ട് ഇനി കാര്യമില്ല

പലപ്പോഴും ഫോൺ നഷ്ടപ്പെട്ടാൽ അത് തിരിച്ച് കിട്ടുക അത്ര എളുപ്പമല്ല. പരാതി നൽകാമെങ്കിലും കളഞ്ഞുപോയ ഫോൺ കണ്ടെത്തി കിട്ടണമെങ്കിൽ കാലതാമസമെടുക്കും. എന്നാൽ ഇനി മൊബൈൽ ഫോൺ നഷ്ടമായാൽ  പേടിയോ ആശങ്കയോ വേണ്ട.  മോഷണം പോയതോ കളഞ്ഞു പോയതോ ആയ മൊബൈൽ ഫോൺ കണ്ടെത്താനുളള സംവിധാനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ടെലികോം വകുപ്പ്.  ഫോണിലെ  ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) നമ്പറുകൾ ശേഖരിച്ചാണ് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്  ( ഓരോ മൊബൈലിലെ പതിനഞ്ചക്ക തിരിച്ചറിയൽ നമ്പരാണ് ഐഎംഇഎ) . 
രാജ്യത്തു മൊബൈൽഫോൺ മോഷണവും അതു വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങളും  കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഫോണുകൾ നഷ്ടപ്പെടുന്നതിലൂടെ ധനനഷ്ടം മാത്രമല്ല, വ്യക്തികളുടെ ജീവനും രാജ്യസുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്നുണ്ട്. ചിലർ ഐഎംഇഎ നമ്പറുകൾ റീപ്രോഗ്രാം ചെയ്യാറുണ്ട്. ഇത് ഒരേ നമ്പറിലെ ഒന്നിൽ അധികം മൊബൈൽ സർവീസുകളുണ്ടാകാൻ കാരണമാകും. ഇങ്ങനെ വ്യാജ ഐഎംഇഐ നമ്പറും  സിം കാർഡുകളും ഉപയോഗിച്ചാലും  ഫോൺ എവിടെയെന്നു കണ്ടെത്താമെന്നതാണു സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ഒരുക്കിയ സംവിധാനത്തിന്റെ പ്രത്യേകത.
ഐ.എം.ഇ.ഐ. നമ്പറുകളുടെ പട്ടിക ഉൾപ്പെടുന്ന സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) പദ്ധതി 2017 ജൂലൈയിലാണു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയും ചെയ്തു. നഷ്ടപ്പെട്ട ഫോണിൽ നിന്നുളള നെറ്റ് വർക്ക് ബ്ലോക്ക് ചെയ്യുക, മോഷണം കുറക്കുക, ഫോണുകൾ കണ്ടെത്താൻ സഹായിക്കുക എന്നിങ്ങനെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . അതിനാൽ, ഇനി മുതൽ രാജ്യത്തെ എല്ലാ മൊബൈൽ സേവനദാതാക്കളും ഐഎംഇഎ നമ്പറുകൾ കേന്ദ്ര രജിസ്ട്രിയിലേക്കു നൽകേണ്ടി വരും. 
ബ്ലാക്ക്, വൈറ്റ്, ഗ്രേ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഐ.എം.ഇ.എ നമ്പറുകളെ പട്ടികയിൽപ്പെടുത്തുക. ഉപയോഗത്തിലുള്ള ഫോണുകളുടെ നമ്പറുകളാണ് വൈറ്റ് ലിസ്റ്റിലുണ്ടാവുക. മോഷണം പോയതോ നഷ്ടപ്പെടുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട മൊബൈലുകളുടെ ഐഎംഇഐ നമ്പറുകളാണ് ബ്ലാക്ക് പട്ടികയിൽ ഉൾപ്പെടുത്തുക. യഥാർഥമാണെന്നു സ്ഥിരീകരിക്കാത്ത ഐഎംഇഐ നമ്പറുകളാണ് ഗ്രേ വിഭാഗത്തിൽ വരിക.

എങ്ങനെ പരാതി നൽകാം?
മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടുപോയവർ ആദ്യം പോലീസിൽ പരാതി നൽകണം. അതിനുശേഷം ഹെൽപ്പ്‌ലൈൻ നമ്പറിലൂടെ  ടെലികോം വകുപ്പിനെ വിവരമറിയിക്കണം. ഇതിനായി 14422 എന്ന ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെടാം. ഒപ്പം, ഫോൺ മോഷ്ടിക്കപ്പെട്ടതിന്റെ തെളിവായി പോലീസിൽനിന്നുള്ള റിപ്പോർട്ടും അപ്‌ലോഡ് ചെയ്യണം. തുടർന്ന് മന്ത്രാലയം ഈ നമ്പർ ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതോടെ മോഷണംപോയ മൊബൈൽ ഫോണിൽനിന്നുളള ആശയവിനിമയം റദ്ദാകുന്നു. നിലവിൽ ഫോൺ മോഷ്ടിക്കപ്പെട്ടാൽ അതതു സേവനദാതാക്കൾ സിം കാർഡ് ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാൽ, ഈ ഫോണിൽ മറ്റൊരു സേവന ദാതാവിന്റെ സിം കാർഡ് ഉപയോഗിക്കുന്നതിൽ തടസ്സമുണ്ടായിരുന്നില്ല. പദ്ധതി നിലവിൽ വരുന്നതോടെ ഇതിൽ മാറ്റമുണ്ടാകും. മറ്റൊരു സിം കാർഡ് ഫോണിൽ ഉപയോഗിക്കാൻ ശ്രമിച്ചാൽ മൊബൈൽ നെറ്റ്‌വർക്ക് പുതിയ ഉപഭോക്താവിനെ തിരിച്ചറിയുകയും പോലീസിനെ അറിയിക്കുകയും ചെയ്യുന്നു.

 

Latest News