Sorry, you need to enable JavaScript to visit this website.

സന്ദർശന വിസയും പ്രവാസികളും

നേരത്തെ തൊഴിൽ വിസയിലല്ലാതെ വിവിധ മാർഗങ്ങളിലൂടെ സൗദിയിലെത്തുന്നവർക്ക് വ്യത്യസ്ത ഫീസുംനടപടി ക്രമങ്ങളുമൊക്കെയായിരുന്നു. എന്നാലിപ്പോൾ ഫീസിന് ഏകീകൃത രൂപം വന്നിരിക്കുന്നു. നടപടിക്രമങ്ങളിലും കാതലായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇതിന് ഗുണവും ദോഷവുമുണ്ട്. പ്രവാസികൾക്കിടയിലെ മുഖ്യ സംസാര വിഷയമായി ഇതു മാറാനുള്ള കാരണവും ഇതുതന്നെ.

എല്ലാ രാജ്യങ്ങളുമിപ്പോൾ സന്ദർശകരെ മാടി വിളിക്കുകയാണ്. വിനോദ സഞ്ചാര പരിപോഷണമാണ് ഏവരുടെയും ലക്ഷ്യം. കാര്യമായ മുടക്കുമുതലില്ലാതെ രാജ്യത്തിന് വരുമാനം ഉണ്ടാക്കാവുന്ന എളുപ്പമാർഗം. അതോടൊപ്പം തൊഴിൽ സാധ്യതകളും ഏറെ. അതുകൊണ്ടു മറ്റു രാജ്യക്കാരെ സ്വന്തം രാജ്യത്ത് പ്രവേശിപ്പിക്കുന്നതിൽ  നേരത്തെ ഉണ്ടായിരുന്ന കടുംപിടുത്തങ്ങളിലെല്ലാം കാര്യമായ മാറ്റം ഓരോ രാജ്യങ്ങളും വരുത്തികൊണ്ടിരിക്കുകയാണ്. പ്രത്യക്ഷത്തിൽ ഉദാരസമീപനം. പരോക്ഷമായി വരുമാന വർധനവും. എല്ലായിടത്തും കാണുന്ന പ്രതിഭാസമാണിത്. ഗൾഫ് രാജ്യങ്ങൾ സന്ദർശന വിസ അനുവദിക്കുന്നതിൽ ഏറെ മുന്നിലാണ്. യു.എ.ഇയും ദോഹയുമെല്ലാം അവരുടെ വാതിലുകൾ മലർക്കെ തുറന്നിട്ടു കൊണ്ടാണ് സന്ദർശകരെ വലവീശിപ്പിടിക്കുന്നത്. ഇക്കാര്യത്തിൽ അൽപം പിന്നിൽ സൗദി അറേബ്യയായിരുന്നു. എന്നാൽ അവരുമിപ്പോൾ വിവിധ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് വിദേശികളെ ആകർഷിക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. തീർഥാടകരായോ, സന്ദർശകരായോ, വിനോദ സഞ്ചാരികളായോ, ഇനി അതുമല്ലെങ്കിൽ ബിസിനസുകാരായോ ആർക്കും സൗദിയിലെത്താം. പഴയതുപോലുള്ള നിയന്ത്രണങ്ങളൊന്നുമില്ല. 
വിനോദ സഞ്ചാരത്തെ പരിപോഷിപ്പിക്കാൻ ഒട്ടേറെ പദ്ധതികളാണ് സൗദി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. അതിനനുസൃതമായി ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം തകൃതിയായി നടത്തിവരികയാണ്. തീർഥാടകരുടെ വൻ ഒഴുക്കു തന്നെ സൃഷ്ടിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് വിഷൻ 2030 ന്റെ ഭാഗമായി നടന്നുവരുന്നത്. ഇപ്പോൾ പ്രതിവർഷം ഒരു കോടിയോളം തീർഥാടകരാണ് എത്തുന്നത്. അത് 2030 ഓടെ മൂന്നിരട്ടിയായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതുപോലെ വിനോദ സഞ്ചാര രംഗത്തും വൻ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പു വർഷം എട്ടു മാസത്തിനിടെ ആഭ്യന്തര വിനോദ സഞ്ചാര രംഗത്തുമാത്രം 3.4 ശതമാനം വളർച്ച നേടാൻ സൗദിക്കായി.  ഈ കാലയളവിൽ 33.8 മില്യൺ റിയാൽ രാജ്യത്തിനകത്ത്  വിനോദ സഞ്ചാരികൾ ചെലവഴിച്ചു. വിദേശ വിനോദ സഞ്ചാരികളുടെ വരവിലും ഗണ്യമായ വർധന ഉണ്ടായി. ഇതോടൊപ്പം വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്വദേശികളുടെ എണ്ണത്തിൽ 5.8 ശതമാനത്തിന്റെ കുറവു വരുത്താനുമായി. 
നേരത്തെ തൊഴിൽ വിസയിലല്ലാതെ വിവിധ മാർഗങ്ങളിലൂടെ സൗദിയിലെത്തുന്നവർക്ക് വ്യത്യസ്ത ഫീസുംനടപടി ക്രമങ്ങളുമൊക്കെയായിരുന്നു. എന്നാലിപ്പോൾ ഫീസിന് ഏകീകൃത രൂപം വന്നിരിക്കുന്നു. നടപടിക്രമങ്ങളിലും കാതലായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇതിന് ഗുണവും ദോഷവുമുണ്ട്. പ്രവാസികൾക്കിടയിലെ മുഖ്യ സംസാര വിഷയമായി ഇതു മാറാനുള്ള കാരണവും ഇതുതന്നെ.സൗദിയിൽ കുടുംബ വിസക്ക് കടമ്പകളേറെയാണ്. വിസ ഫീസിനു പുറമെ ലെവി, ഇൻഷുറൻസ് തുടങ്ങി പലവിധ ചെലവുകളുമുണ്ട്. അതുകൊണ്ട് കുടുംബങ്ങളെ ഇവിടെ നിർത്തുക പ്രയാസമായി മാറിയതോടെ പലരും വിസിറ്റിംഗ് വിസകളെയാണ് ആശ്രയിച്ചിരുന്നത്. വിസിറ്റിംഗ് വിസക്ക് 2000 റിയാലായിരുന്നത് പിന്നീട് ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾക്ക്  305 റിയാലാക്കി കുറച്ച് ആശ്വാസം പകർന്നിരുന്നു.  വിസ കാലാവധി കുറഞ്ഞത് മൂന്നു മാസം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് വേണമെങ്കിൽ മൂന്നു മാസം കൂടി നീട്ടുകയുമാവാം. ഇതിനു പുറമെ രണ്ടു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ റീ എൻട്രി വിസയും ലഭിച്ചിരുന്നു. തുടർച്ചയായി ആറു മാസംവരെ നിൽക്കാവുന്നതായിരുന്നു ഇത്. പിന്നീട് രാജ്യം വിട്ട് പുറത്തു പോയി വന്നാൽ അടുത്ത ആറു മാസവും അങ്ങനെ രണ്ടു വർഷം നിൽക്കാനാവും. ഫീസ് അൽപം കൂടുതലായിരുന്നുവെങ്കിലും സൗകര്യപ്രദമായിരുന്നു. അതിപ്പോൾ ഒരു വർഷമായി ചുരുക്കി. അതോടൊപ്പം സിംഗിൾ എൻട്രി സന്ദർശന വിസയുടെ കാലാവധി മൂന്നു മാസമായിരുന്നത് ഒരു മാസമായും കുറച്ചു. ഉറ്റവരെയും ഉടയവരെയും കൊണ്ടുവരാൻ തീരുമാനിച്ചിരുന്ന പ്രവാസികൾ ഇതോടെ ആശങ്കയിലാണ്. പലരും ടിക്കറ്റെടുത്തും ഫഌറ്റ് വാടകക്കെടുത്തും കാത്തിരിക്കുമ്പോഴാണ് പരിഷ്‌കരണം തിരിച്ചടിയായി മാറിയത്. അതുകൊണ്ടാണ് ഈ വിഷയം ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. 
സംശയങ്ങൾ തീർത്തിട്ടും തീരാത്ത മട്ടിലാണ് ചർച്ചകൾ. കാരണം അവ്യക്തത ഇനിയും മാറാത്തതാണ് പ്രശ്‌നം. പഴയതുപോലെ ആറു മാസം വരെ നിൽക്കാനാവുമോ, നീട്ടി കിട്ടുമോ എന്നതൊക്കെയാണ് സംശയം. ഏതു കാര്യം നടപ്പാക്കുമ്പോഴും പ്രാഥമികമായുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കാലക്രമേണ മാറുമെന്നതിൽ സംശയമില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. പഴയതുപോലെ സന്ദർശന വിസ നീട്ടിക്കിട്ടുമെന്നുറപ്പാണ്. ആറു മാസംവരെ അതു ലഭിക്കുകയും ചെയ്‌തേക്കാം.  പക്ഷേ കൂടുതൽ പൈസ ചെലവഴിക്കേണ്ടി വരുമെന്നു മാത്രം.  നേരത്തെ മൂന്നു മാസത്തിനു ശേഷം വീണ്ടും 100 റിയാൽ ഫീസ് അടച്ച് മൂന്നു മാസത്തേക്കു കൂടി നീട്ടാൻ സാധിച്ചിരുന്നത് ഇനി മാസം തോറും അപേക്ഷിച്ച് പുതുക്കേണ്ടി വരും. അതിനു ഫീസും ഇൻഷുറൻസ് തുകയും അടക്കേണ്ടിയും വരും. മാസം തോറും പുതുക്കുകയെന്ന കടമ്പ കൂടാതെ ഫീസും അടക്കേണ്ടി വരുമെന്നതാണ് പ്രവാസികളെ കുഴക്കുന്ന പ്രശ്‌നം. അതുപോലെ മൾട്ടിപ്പിൾ റീ എൻട്രി വിസ ഒരു വർഷത്തേക്കാക്കി ചുരുക്കിയപ്പോൾ കാലാവധി കുറഞ്ഞുവെന്നതും പ്രശ്‌നമാണ്. രണ്ടു വിസകളും പുതുക്കി കാലാവധി ദീർഘിപ്പിക്കാം. അതു ഓൺ ലൈനിൽ സാധ്യമാകുകയും ചെയ്യും. പക്ഷേ നേരത്തേതിലും ചെലവേറുമെന്നു മാത്രം. 
എണ്ണ ഇതര വരുമാനം വർധിപ്പിക്കുകയെന്നത് സൗദി അറേബ്യ നയമായി സ്വീകരിക്കുകയും അതിനായി പുതിയ വഴികൾ തേടുകയും ചെയ്യുമ്പോൾ അതുമായി പൊരുത്തപ്പെടുക മാത്രമേ പോംവഴിയുള്ളൂ. എന്തായാലും വിസ ലഭിക്കുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലുള്ള കടമ്പകളില്ലാതായതും ഫീസ് ഏകീകരണവുമെല്ലാം ഗുണകരമാണ്. ഇത് സൗദി അറേബ്യ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വർധവുണ്ടാക്കുമെന്നതിൽ സംശയമില്ല. 


 

Latest News