Sorry, you need to enable JavaScript to visit this website.

റയലിനെ ഞെട്ടിച്ച്  പഴയ റയല്‍ സ്റ്റാര്‍

ജനീവ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം രാവില്‍ സൂപ്പര്‍ താരമായി എയിംഗല്‍ ഡി മരിയ. പഴയ റയല്‍ മഡ്രീഡ് താരത്തിന്റെ ഇരട്ട ഗോളില്‍ പി.എസ്.ജി 3-0 ന് റയല്‍ മഡ്രീഡിനെ തകര്‍ത്തു. വമ്പന്മാര്‍ക്ക് ചുവട് പിഴച്ച മറ്റൊരു രാത്രിയില്‍ പി.എസ്.ജിയെ കൂടാതെ തലയുയര്‍ത്തിയത് മാഞ്ചസ്റ്റര്‍ സിറ്റി മാത്രം. സിറ്റി 3-0 ന് ഉക്രൈനില്‍ ഷാഖ്തര്‍ ഡോണറ്റ്‌സ്‌കിനെ തകര്‍ത്തു. 2011 മുതല്‍ ചാമ്പ്യന്മാരായ ഒമ്പത് ക്ലബ്ബുകളില്‍ ആദ്യ വാരം ജയിച്ചത് ബയേണ്‍ മ്യൂണിക് മാത്രമാണ്, 3-0 ന് അവര്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പിച്ചു. 
നെയ്മാറിന്റെയും കീലിയന്‍ എംബാപ്പെയുടെയും എഡിന്‍സന്‍ കവാനിയുടെയും അഭാവമൊന്നും പി.എസ്.ജിക്ക് തടസ്സമായില്ല. ക്യാപ്റ്റന്‍ സെര്‍ജിയൊ റാമോസ് ഇല്ലാതെ കളിച്ച റയലിനെ അവര്‍ പിച്ചിച്ചീന്തി. ഡി മരിയയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ മത്സരത്തിന്റെ വിധിയെഴുതി. ഇഞ്ചുറി ടൈമില്‍ ഫുള്‍ബാക്കുകളായ യുവാന്‍ ബെര്‍നാറ്റും തോമസ് മൂനീറും റയല്‍ പ്രതിരോധം തുളച്ച് മൂന്നാം ഗോള്‍ നേടി. 13 തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ സിനദിന്‍ സിദാന്‍ കോച്ചായി തിരിച്ചുവന്നിട്ടും തപ്പിത്തടയുകയാണ്. എഡന്‍ ഹസാഡ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഗാരെത് ബെയ്‌ലിന്റെയും കരീം ബെന്‍സീമയുടെയും ഗോളുകള്‍ അനുവദിച്ചുമില്ല. 
യുവന്റസും ടോട്ടനമും രണ്ടു ഗോള്‍ ലീഡ് തുലച്ച് സമനില വഴങ്ങി. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ യുവന്റസ് 2-2 ന് അത്‌ലറ്റിക്കൊ മഡ്രീഡുമായി സമനില പങ്കിട്ടു. നിലവിലെ റണ്ണേഴ്‌സ്അപ് ടോട്ടനത്തെ ഒളിംപ്യാകോസ് തളച്ചു. 

Latest News