Sorry, you need to enable JavaScript to visit this website.

കോടികൾ തട്ടിയ മണി ചെയിൻ സംഘത്തിലെ മൂന്നു പേർ പിടിയിൽ

പയ്യന്നൂർ- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത മണി ചെയിൻ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളായ പത്തായപുര ഹൗസിൽ കെ.പ്രജീഷ് (30), പൂണൂർ ഹൗസിൽ ബാലഭാസ് (31), രാവണീശ്വരം സ്വദേശി നാട്ടങ്കൽ ഹൗസിൽ കെ.സുധീഷ് (27) എന്നിവരെയാണ് പയ്യന്നൂർ സി.ഐ. ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
കാഞ്ഞങ്ങാട് മാവുങ്കാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യുലയൺസ്  ഇ-കോമേഴ്‌സ് എന്ന സ്ഥാപന ഉടമകളാണ് പിടിയിലായ സംഘം. ഇവർക്കു പുറമെ സ്ഥാപക ചെയർമാനും ഡയറക്ടറും ഉൾപ്പെടെയുള്ളവർക്ക് തട്ടിപ്പിൽ ബന്ധമുണ്ട്. ഇവർ ഒളിവിലാണ്. ചാരിറ്റി സ്ഥാപനമെന്ന നിലയിൽ രജിസ്റ്റർചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രാഞ്ചൈസികൾ നൽകുകയും ഇതുവഴി തട്ടിപ്പ് നടത്തുകയുമായിരുന്നു. ഈ സംഘത്തിനെതിരെ 14 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻകംടാക്‌സിലെ ഇക്കണോമിക് ഒഫൻസ് വിംഗും മുംബൈ പോലീസും ഇവർക്കെതിരെ നിയമ നടപടിസ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ കേരളത്തിൽ മാത്രം മൂന്നര കോടിയുടെ തട്ടിപ്പ് ഇവർ നടത്തിയിട്ടുണ്ട്. പയ്യന്നൂർ അന്നൂർ കിഴക്കെ കൊവ്വലിലെ എം.കെ.രജിലിന്റെ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഘം പോലീസ് വലയിലായത്.
നെറ്റ്‌വർക് മാർക്കറ്റിംഗ് മാതൃകയിലാണ് ഇവരുടെ തട്ടിപ്പ്. സ്ഥാപനം വിവിധ ഓൺലൈൻ പ്രൊഡക്ടുകൾ നെറ്റ്‌വർക് മാർക്കറ്റിംഗിലൂടെ വിറ്റഴിക്കുന്നുവെന്ന് വിശ്വസിപ്പിച്ച് ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. പരാതിക്കാരനായ രജിൽ, ദുബായിലാണ് ജോലി ചെയ്യുന്നത്. സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നേകാൽലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. വാച്ചും ട്രാവൽ പോർട്ടൽ കാർഡും നൽകി ലക്ഷങ്ങൾ വരുമാനം നേടാൻ സാധിക്കുമെന്ന് വിശ്വസിപ്പിച്ച് പ്രവാസികളടക്കമുള്ളവരിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി സംഘം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. മാവുങ്കാലിലെ ഓഫീസിൽ നടത്തിയ റെയ്ഡിൽ രേഖകളടക്കം പിടിച്ചെടുത്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി രത്‌നകുമാറിന്റെ നിർദേശ പ്രകാരംനടത്തിയ റെയ്ഡിന് പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കൊടേരിയാണ് നേതൃത്വം നൽകിയത്. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും. 

Latest News