Sorry, you need to enable JavaScript to visit this website.

ഓമാനൂര്‍ ആള്‍ക്കൂട്ട ആക്രമണം: ഡിവൈ.എസ്.പി സ്ഥലം സന്ദര്‍ശിച്ചു; ഒളിവില്‍ പോയവര്‍ക്കായി തിരച്ചില്‍

എടവണ്ണപ്പാറ- പരീക്ഷാപ്പേടിയില്‍ ഒമ്പതാംക്ലാസുകാരന്‍ മെനഞ്ഞ തട്ടിക്കൊണ്ടുപോകല്‍ കഥ വിശ്വസിച്ച് യുവാക്കളെ അതിക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘം  അന്വേഷണം നടത്തും. ആള്‍ക്കൂട്ട ആക്രമണം നടന്ന സ്ഥലം അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പിയും സംഘവും സന്ദര്‍ശിച്ചു. നാടിനാകെ കളങ്കമായി മാറിയ ഓമാനൂര്‍ ആള്‍ക്കൂട്ട ആക്രമണക്കേസ് ഡിവൈ.എസ്.പി പി.പി.ഷംസുവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് കുട്ടി ആദ്യമായി ഇരുന്ന ബസ് സ്റ്റോപ്പും കാറ് തടഞ്ഞ് ആക്രമണം നടത്തിയ സ്ഥലവുമെല്ലാം അന്വേഷണ സംഘം സന്ദര്‍ശിച്ചു. കേസില്‍ മൂന്നു പ്രതികളെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്ത് കേസെടുത്തു. കണ്ടാലറിയാവുന്ന നാല്‍പത് പ്രതികളെ പിടികൂടാനുളള അന്വേഷണവും ഊര്‍ജിതമാക്കിയതായി ഡിവൈ.എസ്.പി പറഞ്ഞു. അന്വേഷണ സംഘം അരീക്കോട്, കൊണ്ടോട്ടി, വാഴക്കാട് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ്. അതേസമയം അക്രമത്തില്‍ പരിക്കേറ്റ സഫറുള്ളയുടെ പിതാവ് ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീമിനെ കണ്ടു പരാതി നല്‍കി. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്നും എസ്.പി അറിയിച്ചു. കേസില്‍ ഓമാനൂര്‍ സ്വദേശികളായ കണ്ണന്‍തൊടി ഫൈസല്‍ (43), കൂനുമ്മല്‍ ദുല്‍ഫുഖര്‍ അലി (24), മണിപ്പാട്ടില്‍ മുഅതസ്ഖാന്‍ (23) എന്നിവരെയാണ് വാഴക്കാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വധശ്രമം, കലാപം സൃഷ്ടിക്കല്‍, അക്രമണത്തിന് സംഘം ചേരല്‍, വാഹനം തകര്‍ക്കല്‍, റോഡ് തടസ്സപ്പെടുത്തല്‍ തുടങ്ങി എട്ടു കേസുകളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയത്. കേസില്‍ കണ്ടാലറിയുന്ന നാല്‍പത് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

 

Latest News