Sorry, you need to enable JavaScript to visit this website.

പ്രളയാനന്തര കാലത്തെ  അപ്രിയ സത്യങ്ങൾ

രാഷ്ട്രീയമായി വഹാബും അൻവറും രണ്ടു ധ്രുവങ്ങളിലാണെങ്കിലും നാടിന്റെ ഗുണത്തിന് വേണ്ടി ഇരുവരും കൂട്ടുചേർന്ന് പ്രവർത്തിക്കുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു ഐക്യം അടിയന്തര ഘട്ടത്തിൽ രൂപപ്പെടുത്തിയെടുക്കാൻ റീബിൽഡ് നിലമ്പൂരിന് കഴിയുന്നുണ്ട്. ഇത്തരമൊരു ഐക്യത്തിന്റെ അന്തരീക്ഷത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്നതിനേക്കാൾ ആവശ്യം സഹകരണമാണെന്ന യാഥാർഥ്യം നാം ഉൾകൊള്ളേണ്ടതുണ്ട്.

അപ്രിയ സത്യങ്ങൾ വിളിച്ചു പറയരുതെന്നാണ് പഴമൊഴി. രാഷ്ട്രീയത്തിലാണെങ്കിൽ ഈ പഴമൊഴി ഏറെ പ്രധാനവുമാണ്. പിണറായി വിജയൻ സർക്കാരിനെ പുകഴ്ത്തി മുസ്‌ലിം ലീഗ് എം.പിയായ പി.വി. അബ്ദുൽ വഹാബ് നടത്തിയ പ്രസ്താവന വിവാദമായത് അത്തരമൊരു അപ്രിയ സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ്. രാഷ്ട്രീയത്തിൽ എതിരാളികളുടെ ഗുണങ്ങൾ പറയരുതെന്നതാണ് പ്രാഥമിക പാഠം. എതിരാളികൾ എത്ര നല്ല കാര്യം ചെയ്താലും പറയരുത്. കാരണം എതിർ പാട്ടിക്കാരുടെ നല്ല വാക്കുകളെയാകും ഓരോ പാർട്ടിക്കാർക്കും പിന്നീട് പ്രചാരണത്തിനുള്ള ആയുധം.
ലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബും കോൺഗ്രസ് നേതാവ് ശശി തരൂരും ഇപ്പോൾ ഒരേ ഗണത്തിലാണുള്ളത്. നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിന് ശശി തരൂരിനെ കോൺഗ്രസിലെയും പിണറായി വിജയനെ പുകഴ്ത്തിയതിന് അബ്ദുൽ വഹാബ് ലീഗിലെയും ഒരു വിഭാഗത്തിന്റെ വിമർശനശരങ്ങൾ ഏറ്റു കിടക്കുകയാണ്. രണ്ടു പേരും തങ്ങളുടെ പാർട്ടി നേതൃത്വങ്ങൾക്ക് വിശദീകരണം നൽകി പ്രശ്‌നങ്ങൾ അവസാനിപ്പിച്ചു. എന്നാലും രണ്ടു പേരുടെയും പ്രസ്താവനയുടെ ഉദ്ദേശ്യശുദ്ധി ഇപ്പോഴും പാർട്ടി കേന്ദ്രങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
നിലമ്പൂരിലെ പ്രത്യേക സാഹചര്യമാണ് അബ്ദുൽ വഹാബിനെ കൊണ്ട് അത് പറയിച്ചത്. ഈ വർഷത്തെ അതിപ്രളയത്തിൽ സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ദുരന്തമുണ്ടായ സ്ഥലമാണ് നിലമ്പൂർ. അന്നാട്ടുകാരനായ അബ്ദുൽ വഹാബ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും നേതൃസ്ഥാനത്തുനിന്ന് പ്രവർത്തിച്ചുവരുന്നയാളാണ്. സർക്കാർ എന്തെല്ലാം ചെയ്‌തെന്നും സംഘടനകൾ എന്തെല്ലാം ചെയ്‌തെന്നും അദ്ദേഹത്തിന് നേരിട്ടറിയാം. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ അകപ്പട്ടവരെ സംസ്ഥാന സർക്കാർ അവഗണിച്ചെന്ന് പറഞ്ഞ വഹാബ് ഇത്തവണ സർക്കാർ കൂടുതൽ മികച്ച പ്രവർത്തനം നടത്തിയെന്നാണ് പറഞ്ഞത്. നല്ല കാര്യം കണ്ടപ്പോൾ അത് വിളിച്ചു പറഞ്ഞെന്നു മാത്രം. രാഷ്ട്രീയത്തിൽ പലതും പരസ്യമായി പറയാൻ പാടില്ലെന്ന് അറിയാമെങ്കിലും ആ നിമിഷത്തിൽ പിണറായി സർക്കാരിനെ പുകഴ്ത്തി പറഞ്ഞെന്നു മാത്രം.
നിലമ്പൂരിലെ പ്രളയബാധിത മേഖലകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് രൂപീകരിച്ച റീബിൽഡ് നിലമ്പൂർ എന്ന സംരംഭത്തിന്റെ അമരക്കാരിലൊരാളാണ് അബ്ദുൽ വഹാബ്. ഈ സംരംഭത്തിൽ നിലമ്പൂരിലെ ഇടതുപക്ഷ എം.എൽ.എയായ പി.വി. അൻവറിനൊപ്പമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. 
രാഷ്ട്രീയമായി വഹാബും അൻവറും രണ്ടു ധ്രുവങ്ങളിലാണെങ്കിലും നാടിന്റെ ഗുണത്തിന് വേണ്ടി ഇരുവരും കൂട്ടുചേർന്ന് പ്രവർത്തിക്കുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു ഐക്യം അടിയന്തര ഘട്ടത്തിൽ രൂപപ്പെടുത്തിയെടുക്കാൻ റീബിൽഡ് നിലമ്പൂരിന് കഴിയുന്നുണ്ട്. ഇത്തരമൊരു ഐക്യത്തിന്റെ അന്തരീക്ഷത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്നതിനേക്കാൾ ആവശ്യം സഹകരണമാണെന്ന യാഥാർഥ്യം നാം ഉൾകൊള്ളേണ്ടതുണ്ട്.
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ബാധിച്ചിട്ടുള്ള തിമിരം ഇവിടെ ലീഗിലെ ഒരു വിഭാഗത്തെയും ബാധിച്ചു എന്നുവേണം പറയാൻ. സമൂഹത്തിന് ഗുണം ലഭിക്കുന്ന കാര്യത്തിന് വേണ്ടി രാഷ്ട്രീയം മറന്നു പ്രവർത്തിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രസ്താവനകൾ നടത്താറുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ അവരുടെ കണ്ണുകളിൽ രാഷ്ട്രീയ ഇരുട്ട് നിറയും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും രാഷ്ട്രീയം കാണുന്ന നിലയിലേക്ക് പാർട്ടികളുടെ സംസ്ഥാന തലം മുതൽ താഴെ തട്ടിലേക്ക് വരെ ഈ തിമിരം ബാധിച്ചിട്ടുണ്ട്. അബ്ദുൽ വഹാബിനെതിരെ ലീഗിലെ ഒരു വിഭാഗം നടത്തിയ വിമർശനവും ഈ രാഷ്ട്രീയാന്ധതയുടെ സന്തതിയാണ്. പാർട്ടിയിലെ ഗ്രൂപ്പിസന്റെ പേരിലാണെങ്കിലും അല്ലെങ്കിലും അത്തരം വിമർശനങ്ങളെ പ്രോൽസാഹിപ്പിക്കാനാകില്ല.
ദുരിതാശ്വാസ പ്രവർത്തനങ്ങളെയും നാടിന്റെ വികസനങ്ങളെയും രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റിവെച്ച് കാണാൻ പാർട്ടി നേതൃത്വങ്ങൾക്ക് കഴിയണം. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഒരു പ്രത്യേക പാർട്ടിയുടേതാണെന്ന തെറ്റിദ്ധാരണ മാറേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഓരോ വികസന പ്രവർത്തനത്തിനും പണം അനുവദിക്കുന്നത്. എം.എൽ.എ ഫണ്ടിൽനിന്ന് പണം അനുവദിച്ച് നടത്തുന്ന വികസനം എം.എൽ.എമാരുടെയോ അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെയോ നേട്ടമായി കാണുന്നത് കേരള രാഷ്ട്രീയത്തിൽ സംഭവിച്ച അപചയമാണ്.
പ്രളയാനന്തര കേരളം കടന്നുപോകുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ മത-രാഷ്ട്രീയ ഭേദമില്ലാത്ത ഐക്യമാണ് ആവശ്യം. ദുരിതത്തിന് ഇരകളായവരിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്. എല്ലാ മതങ്ങളിലെയും വിശ്വാസികളുമുണ്ട്. രാഷ്ട്രീയം നോക്കിയും മതം നോക്കിയും സഹായമെത്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വളർന്നാൽ അത് കേരളത്തിന്റെ സാമൂഹ്യ ഘടനയിലുണ്ടാക്കുന്ന നാശം ചെറുതാകില്ല. നല്ല കാര്യങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള രാഷ്ട്രീയസാക്ഷരതയാണ് നാം ആദ്യം നേടിയെടുക്കേണ്ടത്.
 

Latest News