Sorry, you need to enable JavaScript to visit this website.

ലഹരിയുടെ ദുരന്തം വീടുകളിലെ ദുഃഖം

ഗ്ലാസിലെ നുര എന്ന ഹ്രസ്വ ചിത്രത്തിൽനിന്ന്.

മദ്യവും മയക്കുമരുന്നും ഇന്നത്തെ തലമുറയെ എത്രത്തോളം വഴിതെറ്റിക്കുന്നുവെന്നും, അതുമൂലം മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും അനുഭവിക്കുന്ന വേദനകൾ എത്ര ഹൃദയഭേദകമാണെന്നും വിവരിക്കുന്ന ഹ്രസ്വചിത്രമാണ് 'ഗ്ലാസിലെ നുര'. ലണ്ടനിൽ താമസിക്കുന്ന കാരൂർ സാമൻ രചിച്ച് ഫെബി ഫ്രാൻസിസ് സംവിധാനം ചെയ്ത സാമൂഹിക പ്രാധാന്യമുള്ള ഈ ചിത്രം നിർമിച്ചിരിക്കുന്നത് പ്രിന്റ് വേൾഡ്, ന്യൂദൽഹി. 
സമ്പന്ന രാജ്യങ്ങളിൽപോലും കാണാത്തവിധം കേരളത്തിലെ കുട്ടികൾ ഒരു നാട്ടുനടപ്പുപോലെ മദ്യവും മയക്കുമരുന്നും, കഞ്ചാവുമെല്ലാം ഉപയോഗിച്ച് അച്ചടക്കമോ, അനുസരണയോ ഇല്ലാതെ ഉന്മാദത്തിലാറാടി റോഡപകടങ്ങളിൽ ജീവൻ വെടിയുന്നതും അംഗവൈകല്യങ്ങൾ സംഭവിക്കുന്നതും നിത്യ ദുരന്തമായി മാറിയിരിക്കുന്നു. കാലത്തിന്റ ഇരുട്ടറകളിലാണ്ടുപോയ മക്കളെയോർത്തു വിലപിക്കുന്ന, ജീവിച്ചിരിക്കുന്ന മക്കളെയോർത്ത് ഉത്കണ്ഠാകുലരും ദുഃഖിതരുമായി കഴിയുന്ന മാതാപിതാക്കൾ. മോട്ടോർ സൈക്കിളിൽ അന്തരീക്ഷത്തിൽ മിന്നിമറയുന്ന മക്കൾ തിരിച്ചെത്തുമോയെന്ന് ആകുലപ്പെട്ടു കഴിയുന്നവർ ഓരോ വിടുകളിലുമുണ്ട്. ഈ യാഥാർഥ്യങ്ങളിലേക്കെല്ലാം വെളിച്ചം വീശുകയാണ് ഗ്ലാസിലെ നുര.


പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ തെരുവിലേക്ക് പോകാനിറങ്ങുന്ന മകനോട് അഛൻ പറയുന്നു. 'നാല് തേങ്ങ പൊതിച്ചിട്ട് പോടാ' അവനത് കേൾക്കുന്നില്ല. മകനെപ്പറ്റി ആശങ്കപ്പെടുന്ന പിതാവ് വീണ്ടും പറയുന്നു. 'പാതിരാത്രി വരെ കുടിച്ച് കറങ്ങി നടക്കാതെ വേഗം വീട്ടിലെത്തണം'. ബുദ്ധിഭ്രമം സംഭവിച്ച കാലത്തിന്റെ സന്തതികൾ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി അംഗവൈകല്യം സംഭവിച്ചു കഴിയുമ്പോൾ പറയുന്നു. 'വെള്ളമടിച്ച് വണ്ടിയോടിച്ചു. നല്ല പണി കിട്ടി. അതോടെ അടി നിർത്തി'. 
നിയമങ്ങൾകൊണ്ടോ, ഉപദേശങ്ങൾ കൊണ്ടോ രക്ഷയില്ലെന്ന് മനസ്സിലാക്കിയ പിതാവ് നന്മയുള്ള ഏതാനും യുവാക്കളെ സമീപിച്ച് മദ്യത്തിനും കഞ്ചാവിനും അടിമയായ മകനെ രക്ഷപ്പെടുത്താൻ എന്തെങ്കിലും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. അവർ സഹായിക്കാമെന്നേറ്റു. അതിനിടയിൽ ഒരാൾ ഫലിതരൂപത്തിൽ കൂട്ടുകാരനോട് പറയുന്നു. 'മുട്ടനാടിന്റേതുപോലുള്ള നിന്റെ ഈ താടി വടിച്ചുകളയണം'. കൂട്ടുകാരന്റെ മറുപടി. 'പോടാ ഈ താടി ഒരു വികാരമാണ്'. 
മറ്റുള്ളവരിലെ തിന്മകൾ കണ്ട് കുറ്റപ്പെടുത്തുന്നവർ ആ തിന്മക്കെതിരെ പോരാടാൻ മുന്നോട്ടു വരികകൂടി ചെയ്യുമ്പോഴാണ് അവരെക്കൊണ്ട് സമൂഹത്തിന് ഗുണമുണ്ടാകുന്നത്. ആ കാഴച്ചപ്പാട് തന്നെയാണ് ഈ ഹ്രസ്വചിത്രത്തിന്റെ ആശയവും. മദ്യമോ, കഞ്ചാവോ ഉപയോഗിക്കാത്ത നന്മ നിറഞ്ഞ യുവാക്കൾ കണ്ടെത്തിയ ദാർശനിക ചിന്താധാരയാണ് ഗ്ലാസിലെ നുരയുടെ ഉള്ളടക്കം. 

Latest News