Sorry, you need to enable JavaScript to visit this website.

അമ്മിണിപ്പിള്ളയുടെ ഭാര്യ

ഫറ ശിബ്‌ല
ഫറ ശിബ്‌ല

ഷജിത് കുമാർ എന്ന അമ്മിണിപ്പിള്ള ഗൾഫിൽനിന്നും നേരെയെത്തിയത് ബ്രോക്കറായ ഷൺമുഖന്റെ അടുത്തേക്കായിരുന്നു. സ്വന്തം താൽപര്യങ്ങൾക്ക് വിരുദ്ധമായി വീട്ടുകാർ കണ്ടെത്തിയ പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടിവന്ന ചെറുപ്പക്കാരൻ. ഒടുവിൽ വിവാഹത്തിനെത്തിയവർക്കെല്ലാം പെണ്ണിന്റെ തടിയെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. തന്റെ മനസ്സിനിണങ്ങിയ പെണ്ണല്ല കാന്തി ശിവദാസൻ എന്നറിഞ്ഞപ്പോൾ അയാൾ വിവാഹമോചനത്തിന് തയ്യാറാകുന്നു. കോടതിയിൽ അയാൾക്ക് തുണയാകുന്നത് കേസില്ലാ വക്കീലായി നടക്കുന്ന രാഷ്ട്രീയ പ്രവർത്തകൻ അഡ്വ. പ്രദീപൻ മഞ്ഞോടിയും. ഒടുവിൽ ചില നാടകീയ മുഹൂർത്തങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ അവർക്ക് വിവാഹമോചനം ലഭിക്കുകയാണ്. എന്നാൽ വിവാഹമോചനം നേടിയ ശേഷമാണ് വീണ്ടും വിവാഹം കഴിക്കണമെന്ന് അവർക്കു തോന്നിയത്.
ദിൻജിത്ത് അയ്യത്താൻ സംവിധാനം നിർവ്വഹിക്കുന്ന കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ ഷിജിത്ത് കുമാർ എന്ന അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ദീഖും കാന്തി ശിവദാസനായി ഫറ ശിബ്‌ലയും അഡ്വ. പ്രദീപനായി ആസിഫലിയും വേഷമിടുന്നു. ചിരിക്കും ചിന്തക്കും വഴിയൊരുക്കുന്ന ഈ ചിത്രത്തിലൂടെ പുതിയ നായികയെകൂടി മലയാള സിനിമയ്ക്കു ലഭിച്ചിരിക്കുകയാണ്.
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി അഭിനേതാക്കൾ പല ത്യാഗങ്ങൾക്കും വിധേയരാകേണ്ടിവരാറുണ്ട്. അമീർഖാനും മോഹൻലാലും മമ്മൂട്ടിയും ജയറാമും ദിലീപും ജയസൂര്യയും മഞ്ജുവാര്യരും രജിഷയും അനുഷ്‌ക ഷെട്ടിയുമെല്ലാം തങ്ങളുടെ ശരീരഭാരം കൂട്ടിയും കുറച്ചും കഥാപാത്രങ്ങൾക്ക് ഭാവം പകർന്നവരാണ്. അക്കൂട്ടത്തിലേയ്ക്കാണ് ഫറാ ശിബ്‌ലയുമെത്തുന്നത്. കാന്തി ശിവദാസനുവേണ്ടി മൂന്നു മാസംകൊണ്ട് ഇരുപതു കിലോ ശരീരഭാരമാണ് അവർ വർദ്ധിപ്പിച്ചത്.
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി സ്വദേശിനിയായ ഈ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അവതാരകയായും സഹതാരമായുമെല്ലാം ക്യാമറയ്ക്കു മുന്നിൽ നിറഞ്ഞാടിയ ശേഷമാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സൈക്കോളജിയിൽ ബിരുദം നേടിയ ശിബ്‌ല ക്ലിനിക്കൽ സൈക്കോളജിയിൽ റാങ്കോടെയാണ് മാസ്റ്റർ ബിരുദം നേടിയത്. ഇതിനിടയിലാണ് മിനി സ്‌ക്രീനിലേയ്ക്ക് അവസരം ലഭിക്കുന്നത്.


വിദേശത്ത് ജോലിക്കുവേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. മാസത്തിലൊരിക്കൽ എറണാകുളത്തേയ്ക്കും തിരിച്ചും യാത്ര ചെയ്യാറുണ്ട്. ഒരിക്കൽ കൂടെ യാത്ര ചെയ്തിരുന്നയാളാണ് എന്തുകൊണ്ട് ടെലിവിഷനിൽ അവതാരകയായിക്കൂടാ എന്നു ചോദിച്ചത്. ആ ചോദ്യം ഒരു തിരിച്ചറിവായിരുന്നു. അവതാരകയെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾക്കെല്ലാം അപേക്ഷ അയച്ചുതുടങ്ങി. പ്രസരിപ്പുള്ള മുഖഭാവവും പുഞ്ചിരിച്ചുകൊണ്ടുള്ള സംസാര ശൈലിയുമെല്ലാം ഒത്തിണങ്ങിയപ്പോൾ ശിബ്‌ലയും അവതാരക ലോകത്തെത്തി. ഇതിനിടയിൽ ചില റിയാലിറ്റി ഷോകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
മിനി സ്‌ക്രീൻ അവതാരകയായി ചുവടുറപ്പിക്കവേയാണ് വിജിത്തുമായി പ്രണയത്തിലാകുന്നത്. അന്യമതത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുകയെന്നത് സങ്കൽപിക്കാൻ പോലുമാകാത്ത കുടുംബം. എങ്കിലും അവർ ഒന്നാകാൻ തീരുമാനിച്ചു. മൂന്നു വയസ്സുകാരൻ വീർ അഭിമന്യുവിന്റെ അമ്മയാണിപ്പോൾ ശിബ്‌ല.
കക്ഷി അമ്മിണിപ്പിള്ളയുടെ കാസ്റ്റിംഗ് കോളായിരുന്നു രസകരം. വണ്ണമുള്ള ശരീരപ്രകൃതിയുള്ള പെൺകുട്ടികളെ ക്ഷണിക്കുന്നു എന്നു കണ്ടപ്പോൾതന്നെ ശ്രമിച്ചുനോക്കാമെന്നു കരുതി. തടിയുള്ള സമയത്തായിരുന്നു ഒഡീഷൻ. ഒന്നു രണ്ടു സീനുകൾ കാണിച്ചപ്പോൾ ഇഷ്ടമായെന്നു തോന്നി. തടിവെയ്ക്കാനാവുമോ എന്നായിരുന്നു അടുത്ത ചോദ്യം. കഴിയുമെന്ന് മറുപടി നൽകി. അറുപത്തഞ്ച് കിലോയായിരുന്നു അന്നത്തെ ഭാരം. ആത്മവിശ്വാസം കണ്ട് ഒരുമാസത്തെ സമയത്തിനുള്ളിൽ ശരീരഭാരം ഇനിയും കൂട്ടിനോക്കൂ എന്നു പറഞ്ഞു. തുടർന്ന് യാതൊരു നിയന്ത്രണവുമില്ലാതെ ആഹാരം കഴിച്ചുതുടങ്ങി.
കാന്തിക്ക് ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല. തന്റെ തടിയെക്കുറിച്ചും അവൾക്ക് ആശങ്കയുമില്ല. മറ്റുള്ളവർക്കുവേണ്ടി മാറാനും അവൾ ഒരുക്കമല്ല. അവൾക്ക് എല്ലാവരോടും സ്‌നേഹമാണ്. ഭർത്താവായ ഷിജിയേട്ടനോടും അവൾക്ക് സഹതാപം മാത്രമേയുള്ളു. കാന്തിയെക്കുറിച്ച് കേട്ടപ്പോൾതന്നെ വലിയ സന്തോഷംതോന്നി. കാരണം കാന്തിയെപ്പോലെ വിഷമിക്കുന്ന ഒട്ടേറെപേരുണ്ട്. ശരീരഭാരത്തിന്റെയും നിറത്തിന്റെയും ഉയരത്തിന്റെയും പേരിൽ വേദന അനുഭവിക്കുന്നവർ. അവരെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം.
നേരിട്ട് പരിചയമുള്ള വ്യക്തിയല്ല കാന്തി. ബോൾഡാണെന്നു പറയാനാവില്ലെങ്കിലും അവളുടെ ഇടപെടലുകൾ തികച്ചും ബോൾഡായിരുന്നു. സ്വന്തം സ്വഭാവവുമായി ഏറെ സാമ്യമുള്ള വ്യക്തിയായിരുന്നു കാന്തി. വളരെ ഇമോഷണലായി പെരുമാറുന്നയാൾ. കൊച്ചുകൊച്ചുകാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന, ആരോടും പരിഭവം പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു അവളുടേത്. കാന്തിയോട് അടുപ്പിച്ചതും ഈ ഘടകങ്ങളായിരുന്നു. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടുന്ന ശക്തമായ കഥാപാത്രമായിരുന്നു കാന്തി.
ശരീരഭാരം കൂട്ടാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു. ജങ്ക്ഫുഡും ഐസ്‌ക്രീമും ധാരാളം കഴിക്കുമായിരുന്നു. പ്രശസ്തരായ നടീനടന്മാർ തടി കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം പരിശീലകരുടെ ഉപദേശമനുസരിച്ചായിരുന്നു. എന്റെ കാര്യം മറിച്ചായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്ന പേടിയുമുണ്ടായിരുന്നു. വ്യായാമമെല്ലാം നിർത്തിവെച്ചുള്ള ഭക്ഷണരീതി. ഇടയ്ക്ക് സംവിധായൻ ദിൻജിത്ത് ചേട്ടനോട് തടി കുറയ്ക്കാൻ അര മണിക്കൂർ നടന്നോട്ടെ എന്നു ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു മറുപടി. പെട്ടെന്ന് തടിെവച്ചതാണെന്ന് തോന്നരുതെന്ന് പറഞ്ഞു.
തടിവെച്ചുതുടങ്ങിയപ്പോൾ കണ്ണാടിയിൽ നോക്കിയില്ല. അലമാര പോലും തുറന്നില്ല. കാരണം ഉണ്ടായിരുന്ന വസ്ത്രങ്ങൾ പാകമല്ലാതായി. പുതിയ വസ്ത്രങ്ങൾ വാങ്ങേണ്ടിവന്നു. പുറത്തേയ്ക്ക് ഇറങ്ങുന്നതും കുറഞ്ഞു. കഥാപാത്രമായി മാറാനുള്ള ഒരുക്കമായിരുന്നു എല്ലാം. അന്നത്തെ ബുദ്ധിമുട്ടുകൾക്കെല്ലാം ഫലമുണ്ടായി. ചിത്രം പ്രേക്ഷകർ എറ്റെടുത്തു എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. സിനിമ കണ്ടിറങ്ങിയവരെല്ലാം കാന്തിയാണ് മനസ്സിൽ എന്നു പറഞ്ഞപ്പോൾ വലിയ സംതൃപ്തിയാണ് തോന്നിയത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഒട്ടേറെ പേർ ആശംസകളറിയിച്ചിരുന്നു. ഒരു തുടക്കക്കാരിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്.


തടിവെക്കാനുള്ള പ്രചോദനം ലഭിച്ചത് ഹിന്ദി നടിയായ ഭൂമി പെഡ്‌നേക്കറിൽനിന്നാണ്. ഡം ലഗാ കെ ഹെയ്‌സ എന്ന ചിത്രത്തിൽ അവരുടെ തടിയാണ് എല്ലാവർക്കും സംസാരം. എന്നാൽ അവൾ ന്യൂനതയായി കാണുന്നത് തന്റെ ഭർത്താവിന്റെ വിദ്യാഭ്യാസമില്ലായ്മയെയാണ്.
ജീവിതം വഴിതിരിച്ചുവിട്ടത് ഉപ്പയായിരുന്നു. ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബമായിരുന്നെങ്കിലും ഉപ്പ നന്നായി വായിക്കുമായിരുന്നു. നല്ലൊരു ലൈബ്രറി വീട്ടിലുണ്ടായിരുന്നു. ഓഷോയുടെയും നിത്യചൈതന്യയതിയുടെയുമെല്ലാം പുസ്തകങ്ങൾ വായിക്കാൻ തന്നത് ഉപ്പയാണ്. വായനാശീലം വളർത്തിയതും വീടിനടുത്തുള്ള ലൈബ്രറിയിൽനിന്നും പുസ്തകങ്ങളെടുത്ത് വായിക്കാൻ ശീലിപ്പിച്ചതുമെല്ലാം ഉപ്പയാണ്. എങ്കിലും സിനിമാ മോഹത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. കുട്ടിക്കാലത്ത് സിനിമ കാണാൻ വാശിപിടിക്കുമ്പോൾ പെരിന്തൽമണ്ണയിലെ തിയേറ്ററിൽ കൊണ്ടുപോയി സിനിമ കാണിക്കുമായിരുന്നു.
സിനിമയാണ് ലക്ഷ്യമെന്ന് ബോധ്യപ്പെടുത്തിയത് ഭർത്താവ് വിജിത്താണ്. സിനിമ എന്ന സ്വപ്നം എപ്പോഴും ഉള്ളിൽ കിടക്കുന്നത് വിജിത്തിനറിയാമായിരുന്നു. ആങ്കറിംഗ് ചെയ്യുമ്പോഴും ഇത് മനസ്സിലുണ്ടായിരുന്നു. അമ്മിണിപ്പിള്ളയ്ക്കുവേണ്ടി വണ്ണം കൂട്ടാൻ രാത്രിയിൽപോലും ഐസ്‌ക്രീം വേണമെന്നു പറയുമ്പോൾ പോയി വാങ്ങിക്കാൻ വിജിത്ത് ഒരു മടിയും കാണിച്ചില്ല. ആരെങ്കിലും ശിബ്‌ല തടിച്ചു എന്നു പറയുമ്പോൾ തടിച്ച് സുന്ദരിയായിരിക്കുന്നു എന്ന് മറുപടി നൽകാനും വിജിത്ത് തയ്യാറായി. എപ്പോഴും ധൈര്യം നൽകി വിജിത്ത് കൂടെയുണ്ടായിരുന്നതുകൊണ്ടാണ് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞത്.
സെറ്റിൽ നല്ല സഹകരണമായിരുന്നു ആസിഫ്ക്കയിൽനിന്നും ലഭിച്ചത്. അഭിനയിക്കാൻ നല്ല പേടിയുണ്ടായിരുന്നു. ടേക്ക് നീളാതെയും തെറ്റാതെയും ചെയ്യാൻ കഴിയണേ എന്നായിരുന്നു പ്രാർത്ഥന. എന്നാൽ സംവിധായകൻ ഒരിക്കൽ പോലും ദേഷ്യപ്പെടാതെയാണ് പെരുമാറിയത്. സെറ്റിലുണ്ടായിരുന്ന എല്ലാവരുടെയും സ്‌നേഹമാണ് കാന്തിയെ ഭദ്രമായി അവതരിപ്പിക്കാൻ കഴിഞ്ഞത്.
ഇനിയും ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണ് ശിബ്‌ലയുടെ ആഗ്രഹം. അതിനായി ക്ഷമയോടെ കാത്തിരിക്കാനും തയ്യാറാണ്. വന്നുപോകുന്ന കഥാപാത്രങ്ങളിലല്ല കാമ്പുള്ള, അർത്ഥവത്തായ വേഷങ്ങളാണ് ഈ അഭിനേത്രി ലക്ഷ്യമിടുന്നത്.

Latest News