Sorry, you need to enable JavaScript to visit this website.

മൊയ്തുവിന്റെ ആട് ഫാമും ദാസനും

ദാസന്റെ പരിഭവത്തിനു മറുപടി പറയാനാകാതെ ഉസ്മാൻ ഫോൺ മൽബുവിന് കൈമാറി. നാട്ടിൽനിന്ന് ബീഫ് കൊണ്ടുവന്നിട്ട് എന്തുകൊണ്ട് വിളിച്ചില്ല എന്നാണ് ദാസന്റെ ചോദ്യം. ഉസ്മാൻ പലതും പറഞ്ഞെങ്കിലും അതൊന്നും ദാസൻ വിശ്വസിച്ചില്ല. ഉടായിപ്പ് വേണ്ടെന്നായിരുന്നു ഒറ്റ മറുപടി.
മൊയ്തുവും ഞാനും ആരായിരുന്നൂന്നാ നിന്റെ വിചാരം? ദാസന്റെ ചോദ്യത്തിനു മുന്നിൽ ഉസ്മാൻ പതറിപ്പോയി.  
മൽബു നാട്ടിൽനിന്ന് കൊണ്ടുവന്ന ബീഫുമായി വളരെ രഹസ്യമായി സംഘടിപ്പിച്ച ബീഫ് ഫെസ്റ്റ് ചിലർ വാട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും സ്റ്റാറ്റസാക്കിയതോടെയാണ് പുറം ലോകമറിഞ്ഞത്. അങ്ങനെ സംഭവം ദാസന്റെ ചെവിയിലുമെത്തി.
സ്റ്റാറ്റസ് കാരണം ആർക്കും ഒന്നും നാലളറിയാതെ ചെയ്യാൻ പറ്റാതായിട്ടുണ്ട്.  
ഉസ്മാന്റെ വാപ്പ മൊയ്തുവിന്റേയും മൽബുവിന്റേയും അടുത്ത കൂട്ടുകാരനാണ് ദാസൻ. നാടുപിടിക്കുന്നതുവരെ ഒരു ഫഌറ്റിലായിരുന്നു താമസം. ദാസൻ ആദ്യം പോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷെ, മൊയ്തുവും മൽബുവും എക്‌സിറ്റടിച്ചിട്ടും ദാസൻ പിടിച്ചുനിന്നു. അതങ്ങനെയാണ്. പോകും പോകൂന്ന് പറയും. പക്ഷേ നടപ്പുള്ള കാര്യമല്ല. പോയവരിൽ പലരും ഭാഗ്യവാന്മാർ. കൂട്ടത്തിൽ തിരിച്ചുവരാൻ നിർബന്ധിതരായ മൽബുവിനെ പോലുള്ള നിർഭാഗ്യവാന്മാരും.
ബീഫിന് ആളുകളുടെ പിടിവലിയായിരുന്നുവെന്നും തികഞ്ഞില്ലെന്നും പറഞ്ഞ് മൽബു ദാസനെ സമാധാനിപ്പിച്ചു. 
നാളെ രാവിലെ ഇങ്ങു പോര്, കാര്യായിട്ട് തന്നേക്കാമെന്നും പറഞ്ഞു. മധുരപ്രിയനാണ്, ഇത്തിരി പലഹാരങ്ങൾ കൊടുത്തേക്കാമെന്ന് മൽബു ഉസ്മാനോട് പറഞ്ഞു.
ഉസ്മാൻ ഇയാളെ കാണാറുണ്ടോ?
വല്ലപ്പോഴും. കാണുമ്പോഴൊക്കെയും ഉപദേശമാണ് അങ്ങേരുടെ പണി. വാപ്പയുടെ ചങ്കായിരുന്നുപോലും. ആകാശത്തിന് താഴെ അയാൾക്ക് അറിയാത്തത് ഒന്നുമില്ല എന്നാ വിചാരം: ഉസ്മാൻ പറഞ്ഞു.
അതു ശരിയാണ്. ഇങ്ങനെ തോന്നിയവരാണ് പുള്ളിക്ക് ദാസൻ മാസ്റ്റർ എന്നു പേരിട്ടത്. അല്ലാതെ ആരേയും പഠിപ്പിച്ചിട്ടൊന്നുമല്ല: മൽബു പറഞ്ഞു. ഇനിയും ഇയാൾ പോയില്ല എന്നത് അത്ഭുതമാണ്. 
ഭാര്യയേയും മക്കളേയും വിട്ട് നാടുവിട്ടതിനെ കുറിച്ചോ ജോലി സ്ഥലത്തെ പ്രശ്‌നങ്ങളോ അല്ലായിരുന്നു അയാളുടെ ആധി. 
മരുഭൂമിയിൽവെച്ച് മരിച്ചാൽ ആർക്കൊക്കെ ബുദ്ധിമുട്ടാകുമെന്ന ആധിയാണ് ദാസനെ എന്നും അലട്ടിയിരുന്നത്.  
അവിശ്വസനീയമായി തോന്നാം. വിപ്ലവ ആശയങ്ങളാണ് കൊണ്ടു നടന്നിരുന്നതെങ്കിലും മതവും വിശ്വാസവും വരുമ്പോൾ എല്ലാവരേയും പോലെ അതൊക്കെ മറക്കും. മരണത്തെ കുറിച്ചാകുമ്പോൾ പ്രത്യേകിച്ചും. ഗൾഫിൽ ഒരു മുറിയിൽ ഏകോദര സഹോദരന്മാരായി കഴിഞ്ഞിരുന്ന പലരും നാട്ടിലെത്തിയപ്പോൾ വിദ്വേഷ പ്രചാരണത്തിൽ പങ്കാളികളാകുന്നുണ്ട്. ഉദരനിമിത്തം ബഹുകൃതവേഷമെന്നുവേണം പ്രവാസികൾ മനസ്സിലാക്കാൻ. 
പ്രവാസ മണ്ണിൽ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനായില്ലെങ്കിൽ ആചാരങ്ങളൊക്കെ ആരു നടത്തുമെന്നതായിരുന്നു ദാസന്റെ യഥാർഥ സന്ദേഹമെങ്കിലും മരിച്ചാൽ ആർക്കൊക്കെ ബുദ്ധിമുട്ടാകുമെന്ന നിരുപദ്രവ ചോദ്യമാണ് പുറമെ ചോദിച്ചിരുന്നത്.
നിങ്ങള് മരിച്ചാൽ നിങ്ങളെ കാര്യം കഴിഞ്ഞില്ലേ. പിന്നെ ആര് എന്തു ചെയ്താലും ചെയ്തില്ലെങ്കിലും നിങ്ങൾക്കെന്ത് എന്ന മറുചോദ്യമാണ് മൊയ്തു ദാസനോട് ചോദിച്ചിരുന്നത്. അതിനൊന്നും ഇടവരുത്താതെ നാടുപിടിക്കാൻ പറ്റിയാൽ മതിയാരുന്നു എന്നു പറഞ്ഞ് ദാസൻ ചർച്ച നിർത്തും. 
എന്നിട്ടും ദാസൻ പോയില്ല. പലരേയും പോലെ പരമാവധി പിടിച്ചുനിൽക്കുന്നു. ഇവിടെ സാമ്പത്തിക പ്രതിസന്ധിയാണ്; ഇങ്ങോട്ട് പോരാൻ നോക്കരുതെന്ന നാട്ടിലുള്ളവരുടെ ഉപദേശം ശിരസാവഹിച്ചയാൾ. 
പിറ്റേന്നാൾ രാവിലെ തന്നെ ദാസനെത്തി. ജോലിക്കു പോകുന്ന വഴിയാണ്. നല്ല തിരക്കുണ്ട്. ഒന്നു കണ്ട് പോകാമെന്നു വെച്ചു: മൽബുവിനെ ആലിംഗനം ചെയ്ത ശേഷം ദാസൻ പറഞ്ഞു. 
പഴയതു പോലെയല്ല. മുമ്പ് മൂന്ന് ജോലിക്കാർ ചെയ്ത പണിയാണ് ഇപ്പോൾ ഒരാൾ ചെയ്യുന്നത്. മിക്ക കമ്പനികളിലും അവസ്ഥ ഇതുതന്നെ. കുറഞ്ഞ ജോലിക്കാർ, മാക്‌സിമം ഔട്ട്പുട്ട്. ദാസന്റെ കമ്പനിയിൽ പിരിച്ചുവിട്ട രണ്ടു പേർക്ക് പകരം രണ്ടു പേരുണ്ട്. പക്ഷേ അവർ വന്നാലായി, എന്തെങ്കിലും ചെയ്താലായി എന്നതാണ് സ്ഥിതി.
ദോസ്ത് മൊയ്തുവിനെ കുറിച്ചാണ് ദാസൻ കാര്യമായി അന്വേഷിച്ചത്. 
എങ്ങനെ പോകുന്നു മൊയ്തുവിന്റെ സ്ഥാപനം? സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ആളുകൾ പരസ്യം ചെയ്യുന്നുണ്ടോ? പരിസ്ഥിതിക്കാർ ഫഌക്‌സ് വെക്കാൻ വിടുന്നുണ്ടോ? ഫഌക്‌സ് വീണ് ആരോ മരിച്ചിരിക്കയാണല്ലോ? അങ്ങനെ പരസ്യങ്ങളുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങൾ.
ഒന്നും പിടികിട്ടാതെ മൽബു ദാസന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. മൊയ്തുവും പരസ്യവും തമ്മിലെന്തു ബന്ധം? ശിഷ്ട ജീവിതം അവൻ ആടുകളുമായി മല്ലിടുകയാണല്ലോ?
അതിനിടയിൽ ഫോൺ നോക്കാൻ ഉസ്മാൻ ആംഗ്യം കാണിക്കുന്നു. അവൻ അയച്ച മെസേജാണ് വാട്‌സാപ്പിൽ. 
ഇയാളൊരു മരമണ്ടനാണ്. വാപ്പ ആട് ഫാം തുടങ്ങിയപ്പോൾ ഞാൻ ആഡ് ഫേം തുടങ്ങിയെന്ന് ചുമ്മാ പറഞ്ഞതാണ്. ഇയാൾ അതു വിശ്വസിച്ചു. 
അതു കൊണ്ടാണ് ആഡിന്റെ കാര്യങ്ങൾ ചോദിക്കുന്നത്. ഇനി മാറ്റിപ്പറയണ്ട- ഇതായിരുന്നു ഉസ്മാൻ അയച്ച മെസേജ്. 
ചിരി അടക്കിപ്പിടിച്ച് മൽബു പറഞ്ഞു: ആഡുകൾക്കൊന്നും കുഴപ്പമില്ല. ആടുകൾ കടിച്ചുകീറാതെ നോക്കിയാ മതി.
കുറേ ജോലിക്കാരുണ്ടോ? ദാസന്റെ അടുത്ത ചോദ്യം.
രണ്ട് ബംഗാളികളുണ്ട്. നജീബും ബിമൽ രാജും. രണ്ടു പേരും മലയളികളേക്കാൾ ഉഷാർ. 
മലയാളവും ഇംഗ്ലീഷുമൊക്കെ അവർ കൈകാര്യം ചെയ്യുമായിരിക്കും അല്ലേ: ദാസൻ പരസ്യം വിടുന്നില്ല. പരസ്യങ്ങൾ നമ്മെ ആരേയും വെറുതെ വിടുന്നില്ലല്ലോ, അതു പോലെ തന്നെ.
മോൻ ഡിസൈനിംഗ് കോഴ്‌സ് കഴിഞ്ഞിട്ടുണ്ട്. ഒരു ആഡ് ഫേം തുടങ്ങാനാണ് പ്ലാൻ: ദാസൻ പറഞ്ഞു. 
ഓഫീസിൽ പഞ്ച് ചെയ്യാൻ സമയമായെന്നു പറഞ്ഞുകൊണ്ട്, പൊതിഞ്ഞു നൽകിയ ജിലേബിയും ലഡുവുമായി ദാസൻ പുറത്തിറങ്ങിയത് മൽബുവിനും ഉസ്മാനും ചില്ലറ ആശ്വാസമല്ല നൽകിയത്.
 

Latest News