Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ: ഇറാന്റെ സ്ഥിരം ലക്ഷ്യം

സൗദി അറേബ്യയുടെ തകർച്ച ഇറാൻ ഭരണകൂടത്തെ സംബന്ധിച്ച് സ്ഥായിയായ ലക്ഷ്യമാണ്. ദശകങ്ങളായുള്ള സംഭവവികാസങ്ങൾ ഇതിനെ സാധൂകരിക്കുന്നു. സൗദിയെ ലക്ഷ്യം വെച്ചുള്ള അവരുടെ നീക്കങ്ങൾ ഒരിക്കലും ക്ഷണികമോ താൽക്കാലികമോ ആയിരുന്നില്ല. നിലവിലെ ടെഹ്‌റാൻ ഭരണനേതൃത്വം ഇതര രാജ്യങ്ങളോട്, പ്രത്യേകിച്ച് മേഖലയിൽ പുലർത്തുന്ന സമീപനം ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. 
ഇറാൻ സമീപനത്തിൽ മാറ്റം വരുത്തുന്നതിന് സൗദി അറേബ്യ ദശകങ്ങളായി ശ്രമിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ നയങ്ങളിൽ വ്യത്യാസം വരുത്തുമെന്ന് ഇറാൻ ഒരു സൂചന പോലും നൽകിയിട്ടില്ല. റഫ്‌സഞ്ചാനിയുടെ പ്രായോഗികവാദം സംബന്ധിച്ച് ചിലർ സംസാരിച്ചപ്പോൾ സൗദി അറേബ്യ ഇരുകൈകളും നീട്ടിയിരുന്നു. 
മുഹമ്മദ് ഖാത്തമിയുടെ അയഞ്ഞ സമീപനത്തെ കുറിച്ചുള്ള ചർച്ച വന്നപ്പോഴും സൗദി ഇതേ നിലപാട് സ്വീകരിച്ചു. അഹ്മദിനജാദിന് നേരെയും കൈ നീട്ടാൻ രാജ്യം മടിച്ചുനിന്നില്ല. എന്നാൽ കാലം കഴിയുംതോറും ഒരു കാര്യം വ്യക്തമായി. വിദേശനയം സ്വീകരിക്കുന്നതിലും മാറ്റം വരുത്തുന്നതിലും തീരുമാനമെടുക്കുന്നത് പരമാധികാരിയാണ്. പ്രസിഡന്റിന് അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ചില സന്ദർഭങ്ങളിലെങ്കിലും പ്രസിഡന്റുമാർ കാണിക്കുന്ന ക്ഷണികമായ പ്രായോഗിക നിർദേശങ്ങൾ യഥാർഥത്തിൽ സൗദിയോടുള്ള ഇറാന്റെ ശരിയായ നിലപാട് മറച്ചുവെക്കാനുള്ള മൂടുപടം മാത്രമാണ്. 
ആർക്കും വഴങ്ങാത്ത ഇറാൻ പരമാധികാരി തന്റെ കാഴ്ചപ്പാട് റെവല്യൂഷനറി ഗാർഡുകൾക്ക് മുന്നിൽ മാത്രം അനാവരണം ചെയ്ത് നടപ്പാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.  
സൗദി അറേബ്യ തങ്ങളുടെ ഭൂമികയിലും വിദേശങ്ങളിൽ നയതന്ത്ര കാര്യാലയങ്ങൾക്കും നേരിട്ട സുരക്ഷാ ഭീഷണികളെ ഉത്തരവാദിത്വബോധത്തോടെ എന്നും കൈകാര്യം ചെയ്തിട്ടുണ്ട്. എന്നും പ്രക്ഷുബ്ധമായ ഗൾഫ് മേഖലയെ വീണ്ടും പ്രശ്‌നങ്ങളിലേക്ക് നയിക്കാൻ ഇടയാകുന്ന സന്ദർഭങ്ങളെ വഴിതിരിച്ചുവിടാനാണ് സൗദി ശ്രമിച്ചത്. അധികാര ഹുങ്ക് കൊണ്ടുള്ള മതിഭ്രമം എല്ലാവർക്കും വിനാശം വിതക്കുമെന്ന് ഇറാൻ ഭരണ നേതൃത്വം എപ്പോഴെങ്കിലും മനസ്സിലാക്കുമെന്ന് തന്നെ റിയാദ് കണക്കുകൂട്ടുന്നു. വിദ്വേഷം കൊണ്ടുള്ള വാചാടോപം എരിതീയിൽ എണ്ണയൊഴിക്കാനും വിഭാഗീയത വളർത്താനും സുരക്ഷാഭീഷണി സൃഷ്ടിക്കാനും മാത്രമേ ഉതകൂവെന്നും ഇറാൻ മനസ്സിലാക്കണം. 
നല്ല അയൽപക്കബന്ധം, മേഖലയിലെ സുരക്ഷിതത്വം, ഊർജവിതരണത്തിനുള്ള യോജിച്ച ശ്രമങ്ങൾ എന്നീ കാര്യങ്ങളെ തുടർച്ചയായി സംസാരിക്കുന്ന ഇറാൻ, വാസ്തവത്തിൽ സൗദി അറേബ്യയോടുള്ള തങ്ങളുടെ യഥാർഥ നയം മറച്ചുവെക്കുകയാണ് ചെയ്യുന്നത്. 
ഇറാനും സൗദിയും തമ്മിലുള്ള ബന്ധത്തിൽ അഗാധമായ പ്രശ്‌നങ്ങളുണ്ടെന്നതാണ് സത്യം. ഇതേ പ്രശ്‌നങ്ങൾ ഒരുപരിധി വരെ, ഇറാനും മേഖലയിലെയും ലോകത്തിലെയും ഇതര രാജ്യങ്ങൾക്കുമിടയിലും നിലനിൽക്കുന്നു.
വർത്തമാനകാല സാഹചര്യത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നിലനിൽക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ കൊണ്ടും പരസ്പര ധാരണകൾ കൊണ്ടുമാണ്. ഇതെല്ലാം പരിഗണിച്ചായിരിക്കണം രാജ്യം എന്ന സങ്കൽപം മുന്നോട്ട് ഗമിക്കേണ്ടത്. എന്നാൽ ഇറാൻ തങ്ങളുടെ താൽപര്യം മാത്രം പരിഗണിക്കുന്നതാണ് പ്രശ്‌നങ്ങളുടെ കാതൽ. 
തങ്ങളുടെ അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങിക്കൂടാൻ വിസമ്മതിക്കുന്ന ഇറാൻ, ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മറ്റു രാജ്യങ്ങൾക്ക് അന്താരാഷ്ട്ര നയതന്ത്ര നിയമം പരിരക്ഷ നൽകുന്നുണ്ടെന്നും അംഗീകരിക്കുന്നില്ല. തങ്ങളുടെ സ്വന്തം മണ്ണിൽ രാഷ്ട്രീയപരമായും സാമ്പത്തികമായും  ആകർഷണീയമായ നയങ്ങൾ നടപ്പിലാക്കി ഇതര രാജ്യങ്ങൾക്ക് മാതൃകയാകുന്നതിൽ ഇറാൻ തീർത്തും പരാജയമാണ്. 
മുടക്കുന്യായങ്ങൾ പറഞ്ഞ്, മറ്റു രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറാനും സ്വന്തം താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുമാണ് ഇറാൻ ശ്രമിച്ചിട്ടുള്ളത്. ഈ അതിക്രമങ്ങൾ, സ്വതന്ത്രവും പരമാധികാരവുമുള്ള രാജ്യങ്ങൾ തമ്മിൽ വെച്ചുപുലർത്തേണ്ട ധാരണകൾക്ക് വിരുദ്ധമാണ്. അന്യരുടെ കാര്യങ്ങളിൽ തലയിടുന്ന ഇറാൻ നിലപാട് അസ്ഥിരത വളർത്തുമെന്നത് നിസ്തർക്കമാണ്. ഒരു രാജ്യം അതിർത്തിക്കപ്പുറം തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും സുസ്ഥിരതയോ ഐശ്വര്യമോ കൊണ്ടുവരില്ല. സ്പർധ വർധിപ്പിക്കാനേ അത് ഇടയാക്കൂ. ലോകരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശിഥിലമാകുന്നതിനും ഇത്തരം നിലപാട് കാരണമാകും. 
സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇറാനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് യത്‌നിച്ചിട്ടുണ്ട്. എന്നാൽ അവരെല്ലാം വൈകാതെ തന്നെ, ഇറാൻ ഭരണകൂടവും സ്ഥാപനങ്ങളും ഒരു കാപട്യമാണെന്ന് തിരിച്ചറിഞ്ഞു. ഇതര രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുക എന്ന പരമാധികാരിയുടെ നയം നടപ്പിലാക്കുന്നതിനുള്ള അനുവാദം മാത്രമാണ് ഇറാൻ സർക്കാറിനുള്ളത്. തങ്ങളുടെ അധികാരം നിലനിർത്തുന്നതിനുള്ള ഉപാധി കൂടിയായാണ് മതനേതൃത്വം ഈ നയം വെച്ചുപുലർത്തുന്നതെന്നും വ്യക്തമാണ്. അന്തർദേശീയ നിയമങ്ങൾ പാലിക്കുന്നത് വഴി തങ്ങളുടെ അധികാരത്തിന് ഭീഷണി ഉയർത്തിയേക്കുമെന്നും അവർ കണക്കുകൂട്ടുന്നു. 
ഗൾഫ്, അറബ് മേഖലയിലും ലോകത്തിലേക്കും ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിൽ ഒന്നായ സൗദി അറേബ്യ തങ്ങളുടെ നിഗൂഢ താൽപര്യം നടപ്പിലാക്കുന്നതിൽ വലിയ വെല്ലുവിളിയാണെന്ന് ഇറാൻ കരുതുന്നു. ഇസ്‌ലാമിക, അറബ് ലോകത്തിന്റെ അജണ്ട നിർണയിക്കുന്ന സൗദി അറേബ്യയുടെ സാമ്പത്തിക, രാഷ്ട്രീയ നിലപാടുകൾ ലോകം ഉറ്റുനോക്കുന്നു. നിരവധി രാജ്യങ്ങളിൽ ആഭ്യന്തര തർക്കങ്ങൾ ഇതിനകം സൗദി അറേബ്യ പരിഹരിച്ചിട്ടുണ്ട്. ഇതെല്ലാം സൗദിയെ ലക്ഷ്യം വെക്കുന്നതിന് ഇറാനെ പ്രേരിപ്പിക്കുന്നുവെന്നാണ് യഥാർഥ്യം. 
സൗദി അറേബ്യയുടെ തകർച്ച സാധ്യമായാൽ മാത്രമേ, ഗൾഫ് മേഖലയിലെങ്കിലും തീരുമാനമെടുക്കാനുള്ള ശക്തിയായി തങ്ങൾ മാറൂവെന്ന് നിലവിലെ ഇറാൻ നേതൃത്വം ചിന്തിക്കുന്നു. ഇതിനായി, റോക്കറ്റുകളും ഡ്രോണുകളും ലഭ്യമാക്കി അതിർത്തി കടന്നുള്ള ആക്രമണത്തിന് പരിശീലനം നൽകിയ സൈനികരെ ഇറാൻ സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ വലിയ ഉദാഹരണമാണ് ഹൂത്തികൾ സൗദിക്കെതിരെ നിരന്തരമായി നടത്തുന്ന ആക്രമണങ്ങൾ. ഹൂത്തികളെ ഉപയോഗിച്ച് യെമൻ തങ്ങളുടെ സ്ഥിരം അധികാര കേന്ദ്രമാക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ സൗദി അറേബ്യ കാലേക്കൂട്ടി മനസ്സിലാക്കിയിരുന്നു. 
ഇറാൻ നിരാകരിച്ചിട്ടുണ്ടെങ്കിലും ശനിയാഴ്ച പുലർച്ചെ സൗദി അറാംകോ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും അവരുടെ കരങ്ങളുണ്ടെന്ന് മനസ്സിലാക്കാം. ആഗോള എണ്ണ വിതരണ മേഖലയിൽ അധീശ്ശത്വം ഉറപ്പിക്കാനും തങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കാനും അമേരിക്കയുടെ മേൽ സമ്മർദ്ദം ചെലുത്താനും ഈ ആക്രമണം വഴി സാധിക്കുമെന്ന് ഇറാൻ ഭാവിക്കുന്നു. 
എന്നാൽ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ ഒന്നടങ്കം സൗദി അറേബ്യക്ക് പിന്തുണ പ്രഖ്യാപിച്ചത് ലോകഭൂപടത്തിൽ ഇറാൻ എത്രമാത്രം ഒറ്റപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. ഇറാൻ ഒരിക്കലും സൗദി അറേബ്യക്ക് പകരമാകില്ല. പുതിയ സാഹചര്യത്തിൽ അറബ്, ഇസ്‌ലാമിക്, അന്താരാഷ്ട്ര തലങ്ങളിൽ ഇറാൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാണ്.
അതേസമയം, മേഖലയിൽ സുസ്ഥിരതയും അഭിവൃദ്ധിയും സാധ്യമാകുമെന്ന പ്രതീക്ഷ നൽകി, ഇഛാശക്തിയോടെ സൗദി അറേബ്യ ഈ പ്രതിസന്ധിയും തരണം ചെയ്യുമെന്നത് തീർച്ചയാണ്. 

(ശർഖുൽ ഔസത്ത് പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫാണ് ലേഖകൻ, വിവർത്തനം: ഷൗക്കത്ത് വണ്ടൂർ)

Latest News