Sorry, you need to enable JavaScript to visit this website.

പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറി തിരിച്ചുവരവിൽ

ചേന്ദമംഗലം കൈത്തറി നെയ്ത്തു ശാല നടി മഞ്ജു വാര്യർ സന്ദർശിക്കുന്നു.

കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽനിന്ന് കരകയറിയ പറവൂർ ചേന്ദമംഗലം കൈത്തറിക്ക് ഓണക്കാലത്ത് വൻ നേട്ടം. വിൽപനയിൽ സർവകാല റെക്കോർഡിട്ടാണ് ഈ നേട്ടം കൈവരിച്ചത്. പ്രളയത്തിലുണ്ടായ സകല നാശനഷ്ടങ്ങൾക്കും ആശ്വാസം പകരാൻ കഴിയുംവിധം മികച്ച കച്ചവടമാണ് ഇത്തവണത്തെ ഓണക്കാലത്തുണ്ടായത്.  കഴിഞ്ഞ വർഷം ഓണക്കാലത്തെ വിൽപനക്ക് ഒരുങ്ങുമ്പോഴായിരുന്നു പ്രളയം എല്ലാം തകർത്തെറിഞ്ഞത്. അതിനു ശേഷം കൈത്തറിക്കു ലഭിച്ച പ്രചാരവും പരമ്പരാഗത വ്യവസായത്തെ നിലനിർത്തണമെന്ന ചിന്തയും ജനങ്ങളിൽ ഉണ്ടായതാണ് വിൽപനയിലെ വൻ കുതിപ്പിനു കാരണം. 
ഓണക്കാലം ലക്ഷ്യമിട്ട് എറണാകുളം ജില്ലയിലെ 13 കൈത്തറി സംഘങ്ങളിലുമായി 5 കോടിയോളം രൂപയുടെ തുണിത്തരങ്ങളാണ് വിൽപനക്ക് തയാറാക്കിയത്. അതിൽ നല്ല ശതമാനവും വിറ്റഴിഞ്ഞു. ഇപ്പോഴും വിൽപന തുടരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഇത്രയേറെ പ്രചാരവും വിൽപനയും നടന്ന കാലഘട്ടം ഉണ്ടായിട്ടില്ലെന്നു പറവൂർ കൈത്തറി നെയ്ത്തു സഹകരണ സംഘം പ്രസിഡന്റ് ടി.എസ്. ബേബി പറഞ്ഞു. പറവൂർ കൈത്തറി നെയ്ത്തു സഹകരണ സംഘത്തിനു നഗരത്തിൽ തന്നെ 4 വിപണന കേന്ദ്രങ്ങളുണ്ട്. അതിലൊന്ന് ഓണക്കാലത്തു തുടങ്ങിയ പ്രത്യേക സ്റ്റാൾ ആണ്. മറ്റു സംഘങ്ങളെല്ലാം ഡിപ്പോകളിലാണ് വിൽപന നടത്തുന്നത്. ജില്ല ബാങ്കും ജില്ല വ്യവസായ കേന്ദ്രവും ചേർന്ന് എറണാകുളത്തു നടത്തുന്ന മേളക്കു പുറമെ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു വരുന്നു. സർക്കാരിന്റെ റിബേറ്റ് പ്രകാരമുള്ള 20 ശതമാനം വിലക്കിഴിവ് ഓണക്കാലത്ത് ഉൽപന്നങ്ങൾക്ക് നൽകിയിരുന്നു. ഇതും കച്ചവടം വർധിക്കാൻ സഹായകമായി. സാരികൾക്കായിരുന്നു ഇക്കുറി  ആവശ്യക്കാരേറെ. സെറ്റ് മുണ്ട്, കളർമുണ്ട് എന്നിവക്കും വൻ ഡിമാന്റായിരുന്നു. 

 

 

Latest News