Sorry, you need to enable JavaScript to visit this website.

സെമന്യക്ക് മതിയായി

അതൊരു പിടിവാശിയല്ല, ബോധ്യത്തോടെ എടുത്ത തീരുമാനമാണ് എന്ന് പലർക്കുമറിയില്ല. ആ പ്രക്രിയയെക്കുറിച്ച എല്ലാ വിശദാംശങ്ങളും സെമന്യക്ക് അറിയാം. കരിയറിന്റെ തുടക്കത്തിൽ, കൗമാരപ്രായം വിട്ടിട്ടില്ലാത്ത ഘട്ടത്തിൽ ഹോർമോൺ നില കുറക്കാൻ സെമന്യ മരുന്ന് കഴിച്ചിരുന്നു. ഇന്റർനാഷനൽ ട്രാക്ക് ആന്റ് ഫീൽഡ് മത്സരങ്ങളിൽ പങ്കെടുക്കുകയെന്ന ഏക ഉദ്ദേശ്യത്തോടെ. അതേക്കുറിച്ച് പരസ്യമായി അവർ പ്രതികരിച്ചിരുന്നില്ല. പക്ഷേ രഹസ്യമായി അത് അവരുടെ ജീവിതത്തെ കീഴ്‌മേൽ മറിച്ചിരുന്നു.

ഒരു പതിറ്റാണ്ടോളമായി കാസ്റ്റർ സെമന്യ ചോദ്യങ്ങൾക്കു നടുവിലാണ്. ട്രാക്ക്് ആന്റ് ഫീൽഡ് അധികൃതർ അവരുടെ ശരീരത്തെ ശാസ്ത്രം കൊണ്ട് കീറിമുറിക്കുകയാണ്, അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. ഒരു കാരണവുമില്ലാതെ ഹോർമോൺ നിയന്ത്രിക്കാനുള്ള മരുന്ന് കഴിക്കാൻ സമ്മർദം ചെലുത്തുകയാണ്, പെണ്ണല്ലെന്നു പോലും മുഖത്തു നോക്കി പറയുകയാണ്. ഇതുവരെ പൊരുതി നിൽക്കുകയാണ് സെമന്യ. എന്നാൽ ഒളിംപിക് ചാമ്പ്യന് മതിയായെന്നു തോന്നുന്നു. 
അത്‌ലറ്റിക്‌സിൽ നിന്ന് പിന്മാറില്ലെന്ന് ദക്ഷിണാഫ്രിക്കക്കാരി ഇപ്പോഴും പറയുന്നുണ്ട്. എന്നാൽ മതിയായി എന്നതിന് സൂചനകളേറെ. രാജ്യാന്തര അത്‌ലറ്റിക്‌സ് അസോസിയേഷനെതിരെ നിയമപ്പോരാട്ടം നടത്തിയിട്ടും അവർക്ക് മതിയായി. കരിയറിലുടനീളം അവർ പോരാട്ടത്തിലായിരുന്നു. ഇരുപത്തെട്ടുകാരി ദക്ഷിണാഫ്രിക്കൻ ഫുട്‌ബോൾ ലീഗിൽ കളിക്കാനൊരുങ്ങുകയാണ്. 2020 ലെ ടോക്കിയോ ഒളിംപിക്‌സിൽ മുഖം കാണിക്കുന്നതിനേക്കാൾ ദക്ഷിണാഫ്രിക്കൻ വനിതാ ഫുട്‌ബോൾ ലീഗിൽ കളിക്കുന്നതിനെക്കുറിച്ചാണ് സെമന്യ ആലോചിക്കുന്നത്. ഒളിംപിക്‌സിൽ കഴിഞ്ഞ രണ്ടു തവണയും 800 മീറ്റർ ചാമ്പ്യനായിരുന്നു സെമന്യ. ഹാട്രിക് നേടാൻ സാധ്യതയേറെയായിരുന്നു. 
എന്നാൽ പുതിയ യാത്രക്കൊരുങ്ങുകയാണ് അവർ. 2009 ൽ അറിയപ്പെടാത്ത താരമായി വന്ന് പതിനെട്ടാം വയസ്സിൽ ലോക ചാമ്പ്യൻഷിപ്പിനെ പിടിച്ചുകുലുക്കിയ ശേഷം സെമന്യ രാജ്യാന്തര കായിക രംഗത്ത് ഒരധ്യായം തന്നെയാണ്. അത്യുജ്വലമായി സെമന്യ സ്വർണത്തിലേക്ക് കുതിച്ചതോടെ ചോദ്യങ്ങളാരംഭിച്ചു. വനിതാ സ്‌പോർട്‌സിൽ ആ ചോദ്യത്തിന് ഒരിക്കലും തൃപ്തികരമായ ഉത്തരം കിട്ടാനിടയില്ല. 
സെമന്യ ജനിച്ചത് പുരുഷന്മാരുടേതു പോലെ എക്‌സ് വൈ ക്രോമസോം പാറ്റേണുമായാണ്. പക്ഷേ എല്ലാ രീതിയിലും അവർ സ്ത്രീയാണ്. ജനിച്ചപ്പോൾ സ്ത്രീയായാണ് രേഖപ്പെടുത്തിയത്. ജീവിതത്തിലുടനീളം സ്ത്രീയായാണ് അവരെ എല്ലാവരും കണ്ടത്. ഒപ്പം അവരുടെ ശരീരത്തിലെ പുരുഷ ഹോർമോൺ പുരുഷന്മാരുടെ നിലവാരത്തിലാണ്. അത് വിവാദമായ ഐ.എ.എ.എഫ് ഗവേഷണഫല പ്രകാരം സെമന്യക്കും സെമന്യയെ പോലെയുള്ളവർക്കും വനിത മത്സരങ്ങളിൽ അനർഹമായ മേൽക്കൈ നൽകുന്നുണ്ട്. ചില വനിത ഇനങ്ങളിലെങ്കിലും അത്തരക്കാർ വനിതകൾക്കൊപ്പം മത്സരിക്കുന്നത് നീതിയല്ലെന്നാണ് ഐ.എ.എ.എഫ് കരുതുന്നത്. അതിലൊരു ഇനം സെമന്യ കുത്തകയാക്കി വെച്ച 800 മീറ്ററാണ്. ഈയിനത്തിൽ രണ്ട് ഒളിംപിക് സ്വർണവും മൂന്ന് ലോക മീറ്റ് സ്വർണവുമുണ്ട് സെമന്യക്ക്. മത്സരിക്കണമെന്നുണ്ടെങ്കിൽ മരുന്നു കഴിച്ച് അവർ ഹോർമോൺ നില വനിതകളുടേതു പോലെയാക്കണം. 
സെമന്യ മാത്രമല്ല ഈ പ്രതിസന്ധി നേരിടുന്നത്. അവർ എളുപ്പം തിരിച്ചറിയാൻ പാകത്തിൽ വിജയം നേടിയെന്നതു മാത്രം. ഒപ്പം നിലപാടെടുക്കാൻ ധീരത കാട്ടുകയും ചെയ്തു. തന്റെ വിജയങ്ങൾ തടയാൻ മാത്രമാണ് പുതിയ നിയമത്തിന് രൂപം കൊടുത്തതെന്ന് സെമന്യ കരുതുന്നു. മരുന്ന് കഴിച്ച് ഹോർമോൺ നില താഴ്ത്തില്ലെന്ന് സെമന്യ നിലപാടെടുത്തതോടെ അവർ മത്സരങ്ങൡ നിന്ന് വിലക്കപ്പെട്ടിരിക്കുകയാണ്. അതൊരു പിടിവാശിയല്ല, ബോധ്യത്തോടെ എടുത്ത തീരുമാനമാണ് എന്ന് പലർക്കുമറിയില്ല. ആ പ്രക്രിയയെക്കുറിച്ച എല്ലാ വിശദാംശങ്ങളും സെമന്യക്ക് അറിയാം. കരിയറിന്റെ തുടക്കത്തിൽ, കൗമാരപ്രായം വിട്ടിട്ടില്ലാത്ത ഘട്ടത്തിൽ ഹോർമോൺ നില കുറക്കാൻ സെമന്യ മരുന്ന് കഴിച്ചിരുന്നു. ഇന്റർനാഷനൽ ട്രാക്ക് ആന്റ് ഫീൽഡ് മത്സരങ്ങളിൽ പങ്കെടുക്കുകയെന്ന ഏക ഉദ്ദേശ്യത്തോടെ 2010 മുതൽ 2015 വരെ ഈ പെൺകുട്ടി ദിവസവും ഓറൽ ഗർഭനിരോധ ഗുളികകൾ കഴിച്ചിരുന്നു. അതെക്കുറിച്ച് പരസ്യമായി അവർ പ്രതികരിച്ചിരുന്നില്ല. പക്ഷേ രഹസ്യമായി അത് അവരുടെ ജീവിതത്തെ കീഴ്‌മേൽ മറിച്ചിരുന്നു. കോടതിക്കേസുകളിലെ അധികമാരും ശ്രദ്ധിക്കാതിരുന്ന രേഖകളിലൂടെയാണ് ഈ വിവരം പുറത്തു വന്നത്. ഒരുപാട് പാർശ്വഫലങ്ങൾ സെമന്യയെ വേട്ടയാടി. ഭാരം കൂടി, പനി ഇടക്കിടെ വന്നു, വയറുവേദനയും ഛർദിയും സ്ഥിരമായിരുന്നു. വിഷാദ രോഗം നിരന്തരം വേട്ടയാടി. 
വീണ്ടും ആ ദുരിത പാതയിലൂടെ സഞ്ചരിക്കില്ലെന്ന് അവൾ വാശി പിടിക്കുന്നത് വെറുതെയല്ല. അതുവഴി ഇനി ഒളിംപിക്‌സിലും ലോക മീറ്റുകളിലും മത്സരിക്കാൻ സാധിക്കില്ലെങ്കിൽ അങ്ങനെയാവട്ടെ എന്നാണ് സെമന്യയുടെ നിലപാട്. ട്രാക്കിൽ തുടരണമെങ്കിൽ ജീവിതകാലം മുഴുവൻ അവർ മരുന്നു കഴിക്കേണ്ടിവരും. ട്രാക്ക് വിടുന്നതു പോലും സെമന്യക്ക് ഒരു പോരാട്ടമാണ്. കീഴടങ്ങുന്നതിനേക്കാൾ ധീരമാണ് ഉപേക്ഷിക്കുന്നത് എന്ന് അവർക്കറിയാം. പല തവണ നിയമപ്പോരാട്ടം നടത്തിയ ശേഷമാണ് അവർ നടന്നകലുന്നത്. വിലക്കിനു മുമ്പുള്ള അവസാന മീറ്റിലും ജൂൺ 30 പെർഫോണ്ടയ്ൻ ക്ലാസിക്കിലും 800 മീറ്റർ ജയിച്ച് തലയുയർത്തിയാണ് സെമന്യ ട്രാക്ക് വിടുന്നത്. തോറ്റത് സെമന്യയല്ല. ഐ.എ.എ.എഫാണ്. അവർ പ്രതീകമായത് പ്രതിഭ കൊണ്ടും നിലപാട് കൊണ്ടുമാണ്. ഓടുമ്പോൾ താൻ എല്ലാം മറക്കുന്നുവെന്ന് സെമന്യ പറയുന്നു. സ്വതന്ത്രമായി ഞാൻ ചെയ്യുന്ന കാര്യമാണ് ഓട്ടം, ഞാൻ ആസ്വദിക്കുന്ന കാര്യം -അവസാന മീറ്റിലെ ജയത്തിനു ശേഷം അവർ പറഞ്ഞു.

Latest News