Sorry, you need to enable JavaScript to visit this website.

അമേരിക്ക തന്നെയാണ് തോൽക്കുക

യു.എസ് കമ്പനികളിൽ 40,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഹ്വാവെ

അമേരിക്കക്ക് തങ്ങളെയാണ് കൂടുതൽ ആവശ്യമെന്നും അവർ പാഠം പഠിക്കുമെന്നും ചൈനീസ് ടെലികോം ഭീമനായ ഹ്വാവെ അവകാശപ്പെട്ടു. ബുഡാപെസ്റ്റിൽ ടെലികമ്യൂണിക്കേഷൻ വ്യവസായ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ഹ്വാവെ സീനിയർ എക്‌സിക്യൂട്ടീവ് ആൻഡി പർഡിയാണ് ഇക്കാര്യം പറഞ്ഞത്. 
ഹ്വാവേക്ക് അമേരിക്കയേക്കാൾ കൂടുതൽ അമേരിക്കക്ക് ഹ്വാവേയെ ആവശ്യമാണ് -അദ്ദേഹം പറഞ്ഞു. ഹ്വവേയുടെ യു.എസ് ബ്രാഞ്ചിലെ സുരക്ഷാ മേധാവിയാണ് ആൻഡി പാർഡി. അതിവേഗ 5 ജി ഉപകരണങ്ങളുടെ നിർമാണത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഹ്വാവേക്ക് സ്മാർട്ട് ഫോൺ നിർമാണത്തിൽ ലോകത്ത് രണ്ടാം സ്ഥാനമുണ്ട്.  ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര യുദ്ധത്തിലെ ഏറ്റവും വലിയ ഇരയാണ് ഹ്വാവെ.  വ്യാപാര യുദ്ധത്തെ തുടർന്ന് നൂറുകണക്കിന് ബില്യൺ ഡോളറാണ് ശിക്ഷാ താരിഫ് ഉയർത്തിയത്. 
ഹ്വാവേക്ക് അമേരിക്കൻ കമ്പനികളിൽ നിന്ന് വാങ്ങാൻ അനുമതിയില്ലെങ്കിൽ അത് അമേരിക്കയെയാണ് വളരെയധികം ബാധിക്കുക. ഞങ്ങളുടെ ആഗോള ഉൽപന്നങ്ങളുടെ 30 ശതമാനം ഘടകങ്ങളും അമേരിക്കയിൽനിന്നാണ്. യു.എസ് കമ്പനികളിൽ നേരിട്ട് 40,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ യു.എസ് വിപണി നഷ്ടപ്പെട്ടാലും  ഹ്വാവെ അവിശ്വസനീയമായ നേട്ടമാണ് കൈവരിക്കുന്നതെന്നും പർഡി അവകാശപ്പെട്ടു.
ഉൽപന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ആശയ വിനിമയത്തെക്കുറിച്ച് ചാരവൃത്തി നടത്താനുള്ള വഴി ഹ്വാവേ ചൈനീസ് അധികൃതർക്ക് നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരായ നടപടികൾ അമേരിക്ക ആരംഭിച്ചത്. 
ചൈനീസ് ടെലികോം കമ്പനിക്ക് ഘടകങ്ങളും സേവനങ്ങളും വിൽക്കുന്നതും തടയാനും ഹ്വാവേയിൽനിന്ന്  ഉപകരണങ്ങൾ വാങ്ങുന്നത് നിരോധിക്കാനും കഴിഞ്ഞ ഓഗസ്റ്റിലാണ് യു.എസ് വാണിജ്യ വകുപ്പ് തീരുമാനിച്ചതും ഭാഗികമായി പ്രാബല്യത്തിലാക്കിയതും.  
പൂർണമായി നടപ്പിലാക്കുന്നതോടെ  ഹ്വാവേയുമായി ബന്ധപ്പെട്ട 46 കമ്പനികളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യു.എസ് വാണിജ്യ വകുപ്പ് പറയുന്നു. ഇതോടെ നൂറോളം  കമ്പനികൾ നിരോധനത്തിന്റെ പരിധിയിൽ വരും. 
സൂക്ഷ്മപരിശോധന എല്ലാ കമ്പനികൾക്കും ആവശ്യമാണെന്നും ആഗോള സാങ്കേതിക മേഖലയിൽ വിശ്വസനീയവും യോഗ്യതയുള്ളതുമായ ഉപകരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ ഇതുവഴി സാധിക്കുമെന്നും പക്ഷേ, വസ്തുനിഷ്ഠവും സുതാര്യവുമായ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും ഹ്വാവെ എക്‌സിക്യൂട്ടീവ് പർഡി പറഞ്ഞു.
ക്ഷുദ്ര ശക്തികൾക്ക് എല്ലാവരുടെയും ഉൽപന്നങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുമെന്നും പരിശോധനയിലൂടെയാണ് വിശ്വാസ്യത ഉറപ്പാക്കേണ്ടതെന്നും ഹ്വാവേക്കു മേൽ ആരോപിക്കുന്ന കുറ്റങ്ങൾക്ക് തെളിവുകളില്ലെന്നും  അദ്ദേഹം പറഞ്ഞു. കമ്പനി ചൈനയുടെ അനാവശ്യ സ്വാധീനത്തിന് വഴങ്ങിയിട്ടുണ്ടോ എന്ന് തെളിയിക്കാൻ വസ്തുതകളാണ് ആവശ്യമെന്നും യഥാർത്ഥ അപകട സാധ്യതകളാണ് കണക്കിലെടുക്കേണ്ടതെന്നും  ഹ്വാവെ വക്താവ് പറഞ്ഞു.
 

Latest News