Sorry, you need to enable JavaScript to visit this website.

അഫ്തർ എന്ന വഴിവിളക്ക്

സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃകയാകുകയാണ് സെയ്ദ് അബ്ദുൽ അഫ്തർ. ആലംബഹീനർക്കും അനാഥർക്കും മാത്രമല്ല, തെരുവിൽ അന്തിയുറങ്ങുന്നവർക്കും ഒരു അത്താണിയാണ് ഈ കുറ്റിച്ചിറക്കാരൻ. വിശക്കുന്നവന് അന്നം നൽകിയും ജീവിത യാത്രയിലെപ്പോഴോ മനസ്സിന് താളം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായും മാറുമ്പോൾ ഈ മനുഷ്യ സ്‌നേഹിയുടെ ജീവിതം ധന്യമാകുന്നു.
നേരം വെളുത്തുതുടങ്ങുമ്പോൾ തന്നെ ഇദ്ദേഹത്തെ കാണുന്നത് ബീച്ച് ജനറൽ ആശുപത്രിയിലാണ്. കൂട്ടിരിപ്പുകാരില്ലാത്തവർക്ക് ചായയും ബിസ്‌കറ്റും നൽകാനെത്തിയതാണ് ഇദ്ദേഹം. ഭാര്യ തയാറാക്കി നൽകുന്ന ചായയും ബിസ്‌കറ്റുമായി രാവിലെ ആറരയോടെ ആശുപത്രിയിലെത്തുന്ന അഫ്തർ വിവിധ വാർഡുകളിൽ കഴിയുന്ന ബന്ധുക്കളുടെ തുണയില്ലാത്ത ഇരുപതോളം പേർക്ക് ഭക്ഷണം നൽകിയാണ് മടങ്ങുന്നത്. ഭക്ഷണം മാത്രമല്ല, ആവശ്യമെങ്കിൽ മരുന്നും വാങ്ങി നൽകും. അവധി ദിവസങ്ങളിലും അദ്ദേഹം ഈ പതിവ് മുടക്കാറില്ല.
സാമ്പത്തികമായി ഉയർന്ന നിലയിൽ ജീവിതം നയിക്കുന്ന ആളൊന്നുമല്ല അഫ്തർ. ജില്ലാ കോടതിക്കടുത്ത് റോഡ് വക്കിൽ കളിപ്പാട്ട വിൽപനയാണ് മുഖ്യ തൊഴിൽ. നടന്നും സ്‌കൂട്ടറിലും മുച്ചക്ര വണ്ടിയിലും മറ്റു ചിലപ്പോൾ തുറന്ന വാനിലുമെല്ലാം ചൈനീസ് കളിപ്പാട്ട വിൽപനയുമായി ഇദ്ദേഹത്തെ കാണാം. അതിൽനിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്നും ഒരു പങ്ക് പാവങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നുവെന്നു മാത്രം.
എങ്കിലും അഫ്തറിന്റെ സാമൂഹ്യ സേവനത്തിന് പിന്തുണയുമായി നിരവധി പേർ കൂടെയുണ്ട്. രാവിലെ ചായക്കൊപ്പം നൽകാനുള്ള ബിസ്‌കറ്റ് എത്തിച്ചുകൊടുക്കുന്ന കുറ്റിച്ചിറയിലെ ഹോട്ടലുടമയായ ശിവനെപ്പോലുള്ളവരും മാനസിക വിഭ്രാന്തിയിൽ തലമുടിയും താടിയുമെല്ലാം നീണ്ട് വികൃതമായവരുടെ മുടി വെട്ടിയൊതുക്കുന്ന പാസ്‌പോർട്ട് ഓഫീസിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ വരെയുള്ളവർ.
 സേവന പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന അഫ്തർ ടൗൺ പോലീസ് സ്‌റ്റേഷനു കീഴിൽ ജനമൈത്രി വോളന്റിയറായതോടെയാണ് തന്റെ പ്രവർത്തന മണ്ഡലം വിപുലീകരിച്ചത്. കുറ്റിച്ചിറയിലും പരിസരത്തുമുള്ള മോഷണങ്ങൾക്ക് അറുതിവരുത്തിക്കൊണ്ടായിരുന്നു തുടക്കം. രാത്രിയിൽ ഉറക്കമിളച്ച് കാവൽനിന്നും ഊടുവഴികളിലെല്ലാം റോന്തു ചുറ്റിയുമാണ് അഫ്തറും സംഘവും ഇത് തടഞ്ഞത്. കൂട്ടിന് പോലീസിന്റെ പിന്തുണയുമുണ്ടായിരുന്നു.
കടവരാന്തകളിലും മറ്റും അന്തിയുറങ്ങുന്നവരെ കണ്ടെത്തി അഭയം നൽകാൻ തെരുവിന്റെ മക്കൾ ചാരിറ്റബിൾ സൊസൈറ്റിയുടെ പിന്തുണയും അഫ്തറിനുണ്ട്. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും നൽകാനും അവർക്ക് സുരക്ഷിതമായി പാർപ്പിടം കണ്ടെത്താനും അഫ്തറും കൂട്ടുകാരും ജാഗരൂകരാണ്. അഫ്തറിന്റെ സാമൂഹ്യ സേവനങ്ങൾക്കുള്ള അംഗീകാരമെന്നോണമാണ് കോഴിക്കോട് കോർപറേഷന്റെ അറുപത്തിയൊന്നാം വാർഡിലെ ഹരിത കർമസേനയുടെ സൈറ്റ് സൂപ്പർവൈസർ പദവി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പ്രകൃതിക്കും മനുഷ്യനും വലിയ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കേരള സർക്കാരും കോഴിക്കോട് കോർപറേഷനും സംയുക്തമായി നവകേരള മിഷന്റെ ഭാഗമായുള്ള ഹരിത കേരളം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പാതയിലാണ്. കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ള ഹരിത കർമസേനയുടെ പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധികളെ ചെറുക്കാനും അജൈവ മാലിന്യങ്ങൾ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച് കോർപറേഷന്റെ പുനഃചംക്രമണ കേന്ദ്രത്തിൽ എത്തിക്കാനുമുള്ള പ്രവർത്തനമാണ് അഫ്തർ ഏറ്റെടുത്തിരിക്കുന്നത്. അതിനായി നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപ ബക്കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
കുറ്റിച്ചിറ പോലുള്ള ജനസാന്ദ്രത ഏറെയുള്ളയിടങ്ങളിൽ ജനങ്ങൾ റോഡുവക്കിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പൈപ്പ് കമ്പോസ്റ്റ് പോലുള്ള സംവിധാനങ്ങളും ഒരുക്കി. സൗത്ത് ബീച്ചിൽ മാലിന്യം തള്ളുന്നവരെ കൈയോടെ പിടികൂടി പിഴയടപ്പിച്ചതോടെ അത്തരം പ്രശ്‌നങ്ങൾക്കും അറുതിയായി. കൂടാതെ ചത്ത മൃഗങ്ങളെ കൊണ്ടുവന്ന് തള്ളുന്നത് അവിടത്തെ ഏറ്റവും വലിയ ശാപമായിരുന്നു. രാത്രിയിൽ കാവലിരുന്ന് അവരെയെല്ലാം നിയമത്തിനു മുൻപിൽ കൊണ്ടുവന്നതോടെ അത്തരം പ്രശ്‌നങ്ങൾക്കും പരിഹാരമായി. സൗത്ത് ബീച്ചിലെ മാലിന്യ കേന്ദ്രം വിശാലമായ മൈതാനമാക്കി കുട്ടികൾക്കുള്ള കളിയിടമാക്കി മാറ്റിയതിനു പിന്നിലും ഈ ചെറുപ്പക്കാരന്റെ പ്രയത്‌നം ഏറെയുണ്ട്.
തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന പലരെയും ജീവിതത്തിലേക്ക് തിരികെ നടത്തിക്കാൻ കഴിഞ്ഞതിലും അഫ്തർ ഏറെ കൃതാർത്ഥനാണ്. കാസർകോടിനടുത്ത തൃക്കരിപ്പൂർ സ്വദേശിയെ കാണുമ്പോൾ മുഷിഞ്ഞ വേഷവും താടിയും മുടിയും നീണ്ട് പേക്കോലമായിരുന്നു. അദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിചരിക്കുകയും വേണ്ട ചികിത്സയും നൽകിയപ്പോൾ പൂർണ ആരോഗ്യവാനായി. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫോട്ടോയും വിശദാംശങ്ങളും പുറത്തു വിട്ടതോടെ അദ്ദേഹത്തെ തേടി ബന്ധുക്കളെത്തി. എല്ലാവരോടും നന്ദി പറഞ്ഞാണ് അദ്ദേഹം യാത്രയായത്. നരിക്കുനിക്കാരനായ മറ്റൊരാളെയും രക്ഷിക്കാൻ അഫ്തറിന് കഴിഞ്ഞു. റോഡുവക്കിൽ അവശനായി കിടന്നിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വേണ്ട ചികിത്സകൾ നൽകിയതോടെ ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം വീണ്ടെടുത്തതോടെ ബന്ധുക്കളെത്തി അദ്ദേഹത്തെ നാട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
ബീച്ച് ആശുപത്രിയിലെ പതിനൊന്നാം വാർഡിൽ കിടന്നിരുന്ന തമിഴ്‌നാട്ടുകാരനെ രക്ഷിച്ച കഥയും അഫ്തറിന് മറക്കാനാവില്ല. ഒരു ദിവസം ആശുപത്രിയിലെത്തിയപ്പോൾ കമിഴ്ന്നുകിടക്കുന്ന ഒരു മനുഷ്യനെയാണ് കണ്ടത്. കണ്ണു മാത്രം ചലിക്കുന്നുണ്ട്. സംസാര ശേഷിയില്ല. ഒരുവശം തളർന്നുപോയ അദ്ദേഹത്തിനും ചായയും ബിസ്‌കറ്റും  നൽകി. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ നല്ല മാറ്റമുണ്ടായി. തമിഴ്‌നാട്ടുകാരനായ പരശുറാം ആയിരുന്നു ആ രോഗി. തലശ്ശേരിയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ആശുപത്രിയിൽ ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പോഴും ആരും അദ്ദേഹത്തെ തേടി വരാതായപ്പോൾ അഫ്തർ ഇറങ്ങിപ്പുറപ്പെട്ടു. തലശ്ശേരിയിലെ ടി.സി മുക്കിൽ ലോട്ടറി കച്ചവടക്കാരിയുടെ സഹായത്താൽ ബന്ധുക്കളെ കണ്ടെത്തി. ഒടുവിൽ ഭാര്യയോടും മക്കളോടുമൊപ്പം നാട്ടിലേയ്ക്ക് മടങ്ങിയത് ഏറെ കൃതാർത്ഥതയോടെയായിരുന്നു.
കുറ്റിച്ചിറയിലെ പല കുളങ്ങളും ശുദ്ധീകരിക്കുന്നതിലും അഫ്തർ മുൻകൈയെടുത്തു. വലിയങ്ങാടിയിൽ ചുമട്ടുതൊഴിലാളികൾ ഉപയോഗിച്ച മുതാക്കര പള്ളിക്കുളവും അക്കൂട്ടത്തിലുണ്ട്. മണ്ണടിഞ്ഞ് ആ കുളം നാമാവശേഷമാകുമെന്ന് കണ്ട അഫ്തർ രണ്ടു തൊഴിലാളികളുടെ സഹായത്തോടെ ഒരു മാസത്തിലേറെ മണ്ണ് മാറ്റിയാണ് പൂർവാവസ്ഥയിലാക്കിയത്.
കുറ്റിച്ചിറയിൽ എല്ലാ ഞായറാഴ്ചകളിലും കുട്ടികളെ നീന്തൽ പഠിപ്പിക്കാനും അഫ്തർ മുൻപന്തിയിലുണ്ട്. ചിറയിലെ അലക്കൽ അവസാനിപ്പിക്കാനും മദ്യപാനികളുടെ വിളയാട്ടം തടയാനും കൂടിയായിരുന്നു നീന്തൽ പരിശീലനം. മൂന്നു വയസ്സു മുതൽ നാൽപത്തിയഞ്ചു വയസ്സു വരെയുള്ളവർക്ക് ഇവിടെ നീന്തൽ പഠിക്കാം. രാവിലെ ആറര മണിക്ക് തുടങ്ങുന്ന പരിശീലനം ഒൻപതിന് അവസാനിപ്പിക്കും. പതിനഞ്ചു പേർ വീതമുള്ള ബാച്ചുകളായിട്ടായിരുന്നു പരിശീലനം.  അതിനായി തന്റെ കൈവശമുള്ള കളിക്കോപ്പുകളും ഉപയോഗിക്കും. പല പ്രദേശങ്ങളിൽനിന്നും കുട്ടികൾ മാതാപിതാക്കളോടൊത്താണ് നീന്തൽ പരിശീലനത്തിന് എത്തിയിരുന്നത്.
ഇതിനു പുറമെ ട്രാഫിക് ബോധവത്കരണ പരിപാടികൾക്കും അങ്കണവാടികളിൽ കുട്ടികളെ പിടിച്ചിരുത്താനായി ചിത്രരചനയും ക്രിസ്മസ് പരിപാടികളുമെല്ലാം നടത്താനും അഫ്തർ മുൻനിരയിലുണ്ട്.
ജീവിത കാലം മുഴുവൻ സേവന നിരതനായിരിക്കണമെന്ന് മോഹിക്കുന്ന ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥ സേവനത്തിന് പിന്തുണയുമായി ഭാര്യ ഹൈനുൻ ഹക്കീനയും മൂന്നു മക്കളുമുണ്ട്.

Latest News