Sorry, you need to enable JavaScript to visit this website.

ഭാവിയിലേക്ക് പത്തു താരങ്ങൾ

അണ്ടർ-20 ലോക ചാമ്പ്യന്മാരായ ഉക്രൈൻ ടീം
മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത് തെക്കൻ കൊറിയയുടെ ലീ കാൻഗിനാണ്. മികച്ച ഗോൾകീപ്പർ ഉക്രൈന്റെ ആന്ദ്രി ലൂനിനും.

പോളണ്ടിൽ സമാപിച്ച അണ്ടർ-20 ലോകകപ്പ് ടൂർണമന്റ് ഫുട്‌ബോളിലെ മാറുന്ന ശൈലികളെക്കുറിച്ച പുതിയ സൂചനകൾ നൽകി. അടുത്ത കാലം വരെ കോച്ചുകൾ സ്വീകരിച്ചിരുന്ന ശൈലി പന്ത് പരമാവധി കൈവശം വെക്കുകയും പാസ് ചെയ്യുകയുമായിരുന്നു. പന്ത് കൈയിലുണ്ടെങ്കിൽ എതിരാളികളെ പേടിക്കേണ്ട എന്നതായിരുന്നു തന്ത്രം. എന്നാൽ ആ രീതി മാറുകയാണ്. പന്ത് വിട്ടുകൊടുത്ത് മാറിനിന്നാൽ പരമാവധി അപകടം കുറയുമെന്നതാണ് പുതിയ തന്ത്രം. 
ഉദാഹരണത്തിന് അണ്ടർ-20 ചാമ്പ്യന്മാരായ ഉക്രൈൻ 44 ശതമാനം മാത്രമാണ് പന്ത് കൈവശം വെച്ചിരുന്നത്. കഴിഞ്ഞ സീനിയർ ലോകകപ്പിൽ കണ്ടതും ഇതേ തന്ത്രമായിരുന്നു. കളിക്കാരുമായും കോച്ചുമാരുമായുമൊക്കെ നടത്തിയ സുദീർഘമായ അഭിമുഖത്തിനു ശേഷമാണ് ഫിഫ റിപ്പോർട്ട് തയാറാക്കിയത്. ഭാവിയുടെ വാഗ്ദാനങ്ങളായി 10 കളിക്കാരെ ഫിഫ കണ്ടെത്തിയിട്ടുണ്ട്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത് തെക്കൻ കൊറിയയുടെ ലീ കാൻഗിനാണ്. മികച്ച ഗോൾകീപ്പർ ഉക്രൈന്റെ ആന്ദ്രി ലൂനിനും. ടോപ്‌സ്‌കോററായ നോർവേയുടെ എർലിംഗ് ഹാലന്റ് ഈ പട്ടികയിലില്ലെന്നതാണ് കൗതുകം. 


ഹോണ്ടൂറാസിനെതിരായ 12-0 വിജയത്തിലായിരുന്നു ഹാലന്റിന്റെ ഒമ്പതു ഗോളുകളും. രണ്ടാമത്തെ ടോപ്‌സ്‌കോറർ ഉക്രൈന്റെ ഡാനിലൊ സികാനും അവഗണിക്കപ്പെട്ടു. അതേസമയം മൂന്നാമത്തെ ടോപ്‌സ്‌കോററായ സെനഗലിന്റെ അമാദു സായ്‌ന പട്ടികയിലുണ്ട്. ഗോളടിക്കുന്നതിനേക്കാൾ കഴിവിനാണ് പ്രാധാന്യം നൽകിയതെന്നർഥം.
രണ്ടാമത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട സെർഹി ബുലെസ്റ്റ (ഉക്രൈൻ), മൂന്നാമത്തെ മികച്ച കളിക്കരനായി തെരഞ്ഞെടുക്കപ്പെട്ട ഗോൺസാലൊ പ്ലാറ്റ (ഇക്വഡോർ), ക്രിസ് റിച്ചാഡ്‌സ് (അമേരിക്ക), അലസാന്ദ്രൊ പ്ലിസാരി (ഇറ്റലി), സെകൊ കോയ്റ്റ (മാലി), യുഖീം കൊനോപ്ലിയ (ഉക്രൈൻ), വലേറി ബോന്ദാർ (ഉക്രൈൻ) എന്നിവരെയും ഭാവി വാഗ്ദാനങ്ങളായി ഫിഫ സമിതി വിലയിരുത്തി. 
തെക്കൻ കൊറിയയെ കീഴടക്കിയാണ് ഉക്രൈൻ ചാമ്പ്യന്മാരായത്. ഇറ്റലിയെ തോൽപിച്ച് ഇക്വഡോർ മൂന്നാം സ്ഥാനം നേടി. 

 

 

 

Latest News