Sorry, you need to enable JavaScript to visit this website.

കോസൊവൊ  -ജൂഡൊ കരുത്ത്

ദ്രിറ്റൻ ടോണി കൂക്ക എന്ന കോച്ചാണ് കൊസൊവോക്ക് ജൂഡൊ ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തത്. പെച് എന്ന കൊച്ചുനഗരത്തിൽ അദ്ദേഹം സഹോദരന്മാർക്കൊപ്പം തുടങ്ങിയ ജൂഡൊ ക്ലബ് വലിയ വിപ്ലവത്തിന് വഴിമരുന്നിട്ടു. ചോർന്നൊലിക്കുന്ന മേൽക്കൂരയും കീറിപ്പറഞ്ഞ പരവതാനിയുമൊക്കെയുള്ള ഈ കൊച്ചുമുറിയാണ് നിരവധി ചാമ്പ്യന്മാരെ വാർത്തെടുത്തത്. 

കോസൊവൊ എന്ന പുതിയ രാജ്യത്തിന് ഭൂപടത്തിൽ ഒരു പൊട്ടിന്റെ വലിപ്പമേയുള്ളൂ. എന്നാൽ ജൂഡോയിൽ വൻശക്തിയാണ് ഈ ബാൽക്കൻ രാജ്യം. ഒളിംപിക് ചാമ്പ്യൻ മൈലിൻഡ കെൽമെണ്ടി തൊടുത്തുവിട്ട ആവേശമാണ് കോസൊവോയിൽ ജൂഡൊ തരംഗത്തിന് തിരികൊളുത്തിയത്.  
സെർബിയയിൽ നിന്ന് കോസൊവൊ സ്വാതന്ത്ര്യം നേടിയിട്ട് 11 വർഷമേ ആയിട്ടുള്ളൂ. വെറും 20 ലക്ഷമാണ് ജനസംഖ്യ. ഈ ചെറിയ കാലയളവിനുള്ളിൽ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ നേട്ടമായിരുന്നു. 2016 ലെ റിയൊ ഒളിംപിക്‌സ് മൈലിൻഡയുടെ സ്വർണ മെഡൽ. കൊസൊവോയുടെ വല്യേട്ടനായി അറിയപ്പെടുന്ന അൽബേനിയക്ക് ഒരു സ്‌പോർട്‌സിലും ഇതുവരെ ഒരു ഒളിംപിക് മെഡൽ നേടാനായിട്ടില്ല. അടുത്ത വർഷത്തെ ടോക്കിയോ ഒളിംപിക്‌സിലും മൈലിൻഡ സുവർണ പ്രതീക്ഷയാണ്. കഴിഞ്ഞയാഴ്ച ടോക്കിയോയിൽ അരങ്ങേറിയ ലോക ചാമ്പ്യൻഷിപ്പിൽ അവർ വെങ്കലം സ്വന്തമാക്കി. 2013, 2014 വർഷങ്ങൡലും ഇരുപത്തെട്ടുകാരി ലോക ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടി. 
ദ്രിറ്റൻ ടോണി കൂക്ക എന്ന കോച്ചാണ് കൊസൊവോക്ക് ജൂഡൊ ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തത്. പെച് എന്ന കൊച്ചുനഗരത്തിൽ അദ്ദേഹം സഹോദരന്മാർക്കൊപ്പം തുടങ്ങിയ ജൂഡൊ ക്ലബ് വലിയ വിപ്ലവത്തിന് വഴിമരുന്നിട്ടു. ചോർന്നൊലിക്കുന്ന മേൽക്കൂരയും കീറിപ്പറഞ്ഞ പരവതാനിയുമൊക്കെയുള്ള ഈ കൊച്ചുമുറിയാണ് നിരവധി ചാമ്പ്യന്മാരെ വാർത്തെടുത്തത്. ഈ ജൂഡൊ ക്ലബ്ബിനെ ഏറ്റെടുക്കാൻ സമീപകാലത്താണ് അധികൃതർ തയാറായത്. 
കൊസൊവോയിൽ ഫുട്‌ബോളാണ് പ്രധാന കായിക ഇനം. ജൂഡോയെ അധികൃതർ തിരിഞ്ഞുനോക്കാറില്ല. സർക്കാരിന്റെ 1.7 കോടി യൂറോ വരുന്ന സ്‌പോർട്‌സ് ബജറ്റിൽ ജൂഡോക്കായി നീക്കിവെച്ചിരുന്നത് വെറും രണ്ടര ലക്ഷം യൂറോ ആയിരുന്നു. 
മൈലിൻഡ മാത്രമല്ല കൂക്കയുടെ അക്കാദമിയിൽ നിന്ന് ലോകം കീഴടക്കിയത്. ദിസ്ത്രിയ ക്രാസ്‌നിക്വി ലോക ജൂനിയർ ചാമ്പ്യനാണ്, നൂറ ഗ്യാകോവ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി. ലോക ചാമ്പ്യൻഷിപ്പുകളിൽ കഴിവ് തെളിയിച്ച 14 ജൂഡൊ താരങ്ങളുണ്ട് ക്ലബ്ബിൽ. ബാൽക്കനിലെ ആഭ്യന്തരം സംഘർഷം കാരണം കരിയർ നഷ്ടപ്പെട്ടതിന് ലോകത്തോട് പകരം ചോദിക്കുകയാണ് കൂക്ക. 1992 ലെ ബാഴ്‌സലോണ ഒളിംപിക്‌സിന്റെ സമയത്ത് 71 കിലോ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു കൂക്ക. എന്നാൽ അന്നത്തെ യൂഗോസ്ലാവ്യൻ ഏകാധിപതി സ്ലോബദോൻ മിലോസവിച് അൽബേനിയൻ വംശജരെ അടക്കിവാഴുകയായിരുന്നു. ഇതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കൊസൊവോയുടെ രാഷ്ട്രപിതാവായി അറിയപ്പെടുന്ന ഇബ്രാഹിം റുഗോവ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. അൽബേനിയൻ വംശജരായ അത്‌ലറ്റുകൾ യൂഗോസ്ലാവ്യൻ ടീമിൽ നിന്ന് പിന്മാറി. കൂക്കയുടെ ഒളിംപിക് സ്വപ്‌നം വീണുടഞ്ഞു. ബാഴ്‌സലോണ ഒളിംപിക്‌സിൽ മെഡൽ നേടിയവരെയെല്ലാം കൂക്ക തോൽപിച്ചിരുന്നു. 
കൊസൊവോയിൽ യൂഗോസ്ലാവ്യ സൈന്യത്തെ പിൻവലിച്ച ശേഷമാണ് ദരിദ്ര മേഖലയായ അസ്്‌ലൻ ചെഷ്‌മെ മലഞ്ചെരിവിൽ കൂക്ക അക്കാദമി സ്ഥാപിച്ചത്. യുദ്ധത്തിൽ തകർന്നടിഞ്ഞ ഈ മേഖലയിൽ കുട്ടികൾക്ക് മെയ് അഭ്യാസത്തിനുള്ള മാർഗമായി കൂക്കയുടെ അക്കാദമി. അക്കാദമിയുടെ 100 മീറ്റർ മാത്രം അരികിലായിരുന്നു മൈലിൻഡയുടെ കുടുംബം. അക്കാദമിയിൽ ചേരുമ്പോൾ മൈലിൻഡ ജൂഡൊ എന്ന് കേട്ടിട്ടു പോലുമില്ലായിരുന്നു. യുദ്ധത്തിന്റെ മുറിപ്പാടുകൾ പേറുന്ന കുട്ടികളെ കൂക്ക ലോക ചാമ്പ്യന്മാരാക്കി. ആയിരക്കണക്കിന് ജൂഡൊ താരങ്ങളുള്ള ഫ്രാൻസ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളോടാണ് കൊസൊവൊ ഏറ്റുമുട്ടിയത്. കോസൊവോയുടെ ഏറ്റവും വലിയ വിജയ കഥയാണ് ജൂഡോയിലെ നേട്ടങ്ങൾ. 
പെച്ചിൽ ഇപ്പോൾ അഞ്ച് ജൂഡൊ ക്ലബ്ബുകളുണ്ട്. അഞ്ഞൂറോളം പേർ അവിടങ്ങളിൽ പരിശീലനം നടത്തുന്നു. ഒരിക്കൽ തകർന്നുടഞ്ഞ തന്റെ സ്വപ്‌നം ശിഷ്യന്മാരിലൂടെ നൂറു ശതമാനവും യാഥാർഥ്യമാക്കിയതായി കൂക്ക പറയുന്നു.
 

Latest News