Sorry, you need to enable JavaScript to visit this website.

അവസാനിക്കാത്ത ന്യൂയോർക്ക് കാഴ്ചകൾ

അമേരിക്കൻ സന്ദർശനത്തിനിടെ ഏറ്റവും ആകർഷകമായി തോന്നിയത് സ്റ്റാച്യൂ ഓഫ് ലിബർട്ടി സന്ദർശനമാണ്. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന 93 മീറ്റർ ഉയരമുള്ള നിയോക്ലാസിക്കൽ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി. ഫ്രെഡറിക് അഗസ്‌റ്റെ ബാർത്തോൾഡി രൂപകൽപന ചെയ്ത് ഗുസ്താവ് ഈഫൽ നിർമിച്ച ഈ ശിൽപം രാഷ്ട്രത്തിനു സമർപ്പിച്ചത് 1886 ഒക്ടോബർ 28 നാണ്. 
അമേരിക്കക്ക് ഫ്രഞ്ചുകാർ നൽകിയ സമ്മാനമാണ് ഈ പ്രതിമ. 1886 ൽ പണിത ഈ ഫ്രഞ്ച് ശിൽപം എങ്ങനെ അമേരിക്കയുടെ ചിഹ്നമായി എന്നത് കൗതുകകരമായ അന്വേഷണമാകാം. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ ലിബർത്താസിന്റെ രൂപമാണ് പ്രതിമ. വലതു കൈയിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതു കൈയിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 4, 1776 എന്ന് റോമൻ അക്കത്തിൽ  എഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന ദിന ഫലകമായ റ്റബുല അൻസാത്തയുമായാണ് പ്രതിമ നിൽക്കുന്നത്. കിരീടത്തിലുള്ള ഏഴ് സ്‌പൈക്‌സ്, എഴ് ഭൂഖണ്ഡങ്ങളെ ഉദ്ദേശിച്ചാണ്. കടലിലേക്ക് മുഖം തിരിഞ്ഞ് നിൽക്കുന്ന ഈ പ്രതിമ പുറമേനിന്ന് കപ്പലിൽ വരുന്ന കുടിയേറ്റക്കാരെ വെളിച്ചം പകർന്നു വരവേൽക്കുകയാണ്.
ഉൾഭാഗം125 ടൺ സ്റ്റീലും പുറമെ 35 ടൺ ചെമ്പും പൊതിഞ്ഞാണ് ഈ പ്രതിമ നിർമിച്ചത്. സ്വർണത്തകിട് കൊണ്ടാണ് ദീപം പൊതിഞ്ഞിരിക്കുന്നത്. ചെമ്പിലുള്ള പ്രതിമക്ക് 151 മീറ്ററും മൊത്തം 305 മീറ്ററുമാണ് ഉയരം. ഇതിന്റെ നിർമാണ ഫണ്ടിലേക്ക്  എല്ലാവരും പണം സംഭാവന ചെയ്തു. പ്രതിമ ഫ്രാൻസും ഇരിപ്പിടം  അമേരിക്കയുമാണ് ഉണ്ടാക്കിയത്. പ്രതിമയുടെ തറയുണ്ടാക്കുവാൻ ജോസഫ് പുലിറ്റ്‌സർ അടക്കമുള്ള പ്രമുഖരുടെ നേതൃത്വത്തിലാണ് ധനശേഖരണം നടന്നത്. ഏകദേശം 4,00,000 അമേരിക്കൻ  ഡോളർ ആണ് അന്ന്  ചെലവ് വന്നത്. ഈർപ്പമുള്ള കാറ്റ് ചെമ്പ് തകിടിൽ ഓക്‌സിഡേഷൻ നടത്തിയതിനാൽ പ്രതിമയുടെ നിറം ഇളംപച്ചയായി മാറി. കടൽക്കാറ്റേറ്റ് ലോഹങ്ങൾക്ക് തുരുമ്പ് വന്നതിനാൽ 1984 ൽ ഇത് പുതുക്കിപ്പണിതു.  
വിവിധ ഭാഗങ്ങളായി കപ്പലിൽ ഈ പ്രതിമ ന്യൂയോർക്കിൽ എത്തിച്ചു. 1886 ഒക്ടോബർ 28 ന് ഇത് ലിബർട്ടി ഐലന്റിൽ പ്രതിഷ്ഠിച്ചു. ഒരു തകർന്ന ചങ്ങല പ്രതിമയുടെ കാൽക്കൽ കിടക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ലിബർട്ടി എൻലൈറ്റനിംഗ് ദ വേൾഡ് എന്നാണിതറിയപ്പെട്ടിരുന്നത്. ഈ പ്രതിമ സ്വാതന്ത്ര്യത്തിന്റെയും അമേരിക്കൻ ഐക്യനാടുകളുടെയും പ്രതീകവും അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുന്നവർക്ക് സ്വാഗതവുമാണ്.  
സ്റ്റാച്യൂ ഓഫ് ലിബർട്ടി സന്ദർശിക്കുവാൻ ഫെറി സർവീസുകളും ഹെലികോപ്റ്റർ സംവിധാനവുമുണ്ട്.  
ബ്രൂക്ക്‌ലിൻ പാലത്തിന്റെ കാഴ്ചയും ഞങ്ങളുടെ സംഘത്തിന് അത്യാനന്ദകരമായിരുന്നു. 1869 ൽ പണി തുടങ്ങി നീണ്ട 14 വർഷം കൊണ്ടാണേ്രത ഈ പാലം പണിതത്. എൻജിനീയർ ജോൺ റോബ്ലിംഗ് രൂപകൽപന ചെയ്ത് പണി തുടങ്ങി. എന്നാൽ പദ്ധതി പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം മരണമടഞ്ഞു. തുടർന്ന്  അദ്ദേഹത്തിന്റെ മകൻ വാഷിംഗ്ടൺ റോബ്ലിംഗ് ചുമതലയേറ്റു. പദ്ധതിയുടെ അവസാന ഘട്ടത്തിൽ രോഗബാധിതനായി കിടപ്പായതിനാൽ അദ്ദേഹത്തിന്റെ നിർദേശാനുസരണം ഭാര്യ എമിലിയാണേ്രത പാലത്തിന്റെ പണി പൂർത്തീകരിച്ചത്. മൻഹാട്ടനെ ബ്രൂക്‌ലിംഗ് നഗരവുമായി ബന്ധിപ്പിക്കുന്ന 483 മീറ്റർ നീളമുള്ള ഈ തൂക്കുപാലം ഇന്നും ഒരു എൻജിനീയറിംഗ് വിസ്മയമായി നിലകൊള്ളുന്നു.  
1883 ൽ ഈസ്റ്റ് റിവറിന്റെ മുകളിലൂടെ പണി തീർത്ത ഈ തൂക്കുപാലം അക്കാലത്തെ ലോകത്തിലെ ആദ്യ സ്റ്റീൽ വയർ സസ്‌പെൻഷൻ ബ്രിഡ്ജ് എന്ന പേരിൽ പ്രശസ്തമായിരുന്നു. പഴക്കം കാരണം ഇപ്പോൾ ഈ പാലത്തിലൂടെ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും മാത്രമാണ് ഇതിലൂടെ സഞ്ചരിക്കുവാൻ അനുവാദമുള്ളത്. വില്യംസ് ബർഗ് ബ്രിഡ്ജിലൂടെയാണ് ഇപ്പോൾ വാഹന ഗതാഗതം. ബ്രൂക്ക്‌ലിൻ ബ്രിഡ്ജിൽനിന്ന് മൻഹാട്ടൻ സിറ്റിയും എംപയർ സ്റ്റേറ്റ് ബിൽഡിംഗുമൊക്കെ ഭംഗിയായി കാണാം.  
ടൈം സ്‌ക്വയറാണ് ന്യൂയോർക്ക് നഗരത്തിലെ മറ്റൊരു പ്രധാന ആകർഷണം. വെളിച്ചത്തിന്റെ കൊട്ടാരമെന്ന് മൻഹാട്ടനിലെ ഈ വാണിജ്യ കേന്ദ്രത്തെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. അത്ര മനോഹരമാണ് ടൈം സക്വയറിലെ രാത്രി കാഴ്ചകൾ. 1904 ൽ ന്യൂയോർക്ക് ടൈംസിന്റെ ഹെഡ് ഓഫീസ് ഈ ഭാഗത്തേക്ക് മാറ്റിയതോടെയാണ് ഈ പേര് ലഭിച്ചത്. 
1987 ലെ സ്റ്റോക് മാർക്കറ്റ് ഇടിവിന് ശേഷം മൂന്നര ലക്ഷം ഡോളർ ചെലവിൽ ഓൾട്ടിയോ ഡി മോഡിക്ക എന്ന ഇറ്റാലിയൻ-അമേരിക്കൻ ശിൽപി ഉണ്ടാക്കിയതാണ് വാൾ സ്ട്രീറ്റ് ബുൾ പ്രതിമ. അമേരിക്കൻ ജനതയുടെ ശക്തിയുടെ പ്രതീകമായി, കുത്താനൊരുങ്ങി നിൽക്കുന്ന ഈ കാളക്കൂറ്റൻ വാൾ സ്ട്രീറ്റിനടുത്തുള്ള ബൗളിംഗ് ഗ്രീൻ പാർക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്. 
ഫെഡറൽ ഹാൾ നാഷണൽ മെമ്മോറിയൽ ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു സ്മാരകമാണ്. അമേരിക്കയുടെ പ്രഥമ പ്രസിഡന്റ് ജോർജ് വാഷിംഗ്ൺ സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റെടുത്തത് ഇവിടെ വെച്ചാണ്. ആ ഓർമ പുതുക്കുന്നതിന് കെട്ടിടത്തിന്റെ മുന്നിലായി ജോർജ് വാഷിംഗ്ടണിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. സത്യവാചകം ചൊല്ലിയപ്പോൾ ജോർജ് വാഷിംഗ്ടൺ ഉപയോഗിച്ച ബൈബിൾ ഇവിടുത്തെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.  
ന്യൂയോർക്കിലെ കാഴ്ചകൾ അവസാനിക്കുന്നില്ല. ചരിത്രവും സംസ്‌കാരവും അതിജീവനത്തിന്റെ കഥകളുമൊക്കൈ കൊത്തിവെച്ച ന്യൂയോർക്കിന്റെ ഓരങ്ങൾ നൂറായിരം കഥകളും ഐതിഹ്യങ്ങളുമാണ് ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്. 
വിശാലമായ ഭൂമിയുടെ മടിത്തട്ടിലൂടെ യാത്ര ചെയ്ത് ചരിത്രത്തിൽനിന്നു പാഠമുൾകൊള്ളണമെന്ന ദിവ്യബോധനം എത്ര പ്രസക്തമാണെന്ന് ബോധ്യപ്പെടുത്തുന്ന എത്രയോ ദൃശ്യങ്ങൾ.  യാത്രകൾ മനുഷ്യ ജീവിതത്തിന് കൂടുതൽ വിശാലമായ മാനങ്ങൾ നൽകുമെന്ന് തിരിച്ചറിയുമ്പോൾ സഞ്ചാരം സാർഥകമാകും.  
(അവസാനിച്ചു) 

Latest News