Sorry, you need to enable JavaScript to visit this website.

ഒടുവിൽ ഞങ്ങളും

അദൃശ്യ സാന്നിധ്യം...  അന്തരിച്ച ആരാധകരുടെ ചിത്രങ്ങളുയർത്തി  യൂനിയൻ ബെർലിൻ കാണികൾ.

ബുണ്ടസ്‌ലിഗയുടെ അറുപത്താറാം സീസണിന്റെ തുടക്കം 
ഒരു ക്ലബ്ബിനെങ്കിലും അത്യാഹ്ലാദത്തിന്റെ മുഹൂർത്തമാണ്. തലസ്ഥാന നഗരിയിലെ യൂനിയൻ ബെർലിൻ ക്ലബ്ബിന്. അമ്പത്തിമൂന്നു വർഷത്തെ ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് യൂനിയൻ ബെർലിൻ ക്ലബ് ഒന്നാം ഡിവിഷനിൽ പന്ത് തട്ടുന്നത്. അതേസമയം മ്യൂണിക്കിലെ ബയേൺ മ്യൂണിക്കിന് ഇത് അമ്പത്തിനാലാം സീസണാണ്. 1965 മുതൽ ബയേൺ ബുണ്ടസ്‌ലിഗയിൽ 1840 ലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിനെക്കാൾ മികച്ച റെക്കോർഡാണ് വെർദർ ബ്രേമന്റേത്. 1870 ഓളം ഒന്നാം ഡിവിഷൻ ലീഗ് മത്സരങ്ങൾ വെർദർ കളിച്ചു. യൂനിയൻ ബെർലിൻ ക്ലബ് ഈ കണക്കുകൾക്കു മുന്നിൽ അന്തം വിട്ടുനിൽക്കും. 

രാജ്യത്തെ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബ്ബിന്റെ ആരാധകനാണോ നിങ്ങൾ, എങ്കിൽ നിങ്ങൾ വലിയ ഭാഗ്യവാനാണ്. വളരെക്കുറച്ച് ക്ലബ്ബുകൾക്കേ രാജ്യത്തിന്റെ പ്രധാന ഡിവിഷനിൽ കളിക്കാൻ അവസരം ലഭിക്കാറുള്ളൂ. ഉദാഹരണത്തിന് ജർമനിയിൽ 27,000 ക്ലബ്ബുകളുണ്ട്. എന്നാൽ 1963 ൽ സ്ഥാപിതമായതു മുതൽ ജർമൻ ഒന്നാം ഡിവിഷൻ ലീഗിൽ കളിച്ച ക്ലബ്ബുകളുടെ എണ്ണം അമ്പത്താറെണ്ണം മാത്രമാണ്. 
ജർമൻ ലീഗിന്റെ പുതിയ സീസൺ കഴിഞ്ഞയാഴ്ച ഉണർന്നു. ആയിരക്കണക്കിന് ഫുട്‌ബോൾ ആരാധകർ ആവേശക്കാഴ്ചകൾക്കൊരുങ്ങി. ബുണ്ടസ്‌ലിഗയുടെ അറുപത്താറാം സീസണിന്റെ തുടക്കം ഒരു ക്ലബ്ബിനെങ്കിലും അത്യാഹ്ലാദത്തിന്റെ മുഹൂർത്തമാണ്. തലസ്ഥാന നഗരിയിലെ യൂനിയൻ ബെർലിൻ ക്ലബ്ബിന്. അമ്പത്തിമൂന്നു വർഷത്തെ ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് യൂനിയൻ ബെർലിൻ ക്ലബ് ഒന്നാം ഡിവിഷനിൽ പന്ത് തട്ടുന്നത്. അതേസമയം മ്യൂണിക്കിലെ ബയേൺ മ്യൂണിക്കിന് ഇത് അമ്പത്തിനാലാം സീസനാണ്. 1965 മുതൽ ബയേൺ ബുണ്ടസ്‌ലിഗയിൽ 1840 ലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിനേക്കാൾ മികച്ച റെക്കോർഡാണ് വെർദർ ബ്രേമന്റേത്. 1870 ഓളം ഒന്നാം ഡിവിഷൻ ലീഗ് മത്സരങ്ങൾ വെർദർ കളിച്ചു. യൂനിയൻ ബെർലിൻ ക്ലബ് ഈ കണക്കുകൾക്കു മുന്നിൽ അന്തം വിട്ടുനിൽക്കും. യൂനിയൻ ബെർലിന്റെ ഇതുവരെയുള്ള പ്രധാന നേട്ടം എഫ്.ഡി.ജി.ബി കപ്പ് സ്വന്തമാക്കിയതാണ്. കിഴക്കൻ ജർമനിയിലെ പ്രധാന ഫുട്‌ബോൾ ലീഗ് കപ്പ് കിരീടമായിരുന്നു അത്. 1968 ലാണ് യൂനിയൻ ബെർലിൻ കിഴക്കൻ ജർമനിയിലെ ലീഗ് കപ്പ് സ്വന്തമാക്കിയത്. 2001 ൽ ജർമൻ ലീഗ് കപ്പ് ഫൈനലിലെത്തുകയും യുവേഫ കപ്പിന് യോഗ്യത നേടുകയും ചെയ്തു. 
കഴിഞ്ഞ ഞായറാഴ്ച യൂനിയൻ ബെർലിൻ ചരിത്രത്തിലെ ആദ്യത്തെ ജർമൻ ലീഗ് മത്സരം കളിച്ചപ്പോൾ ആരാധകർ അതിനെ ആവേശാനുഭവമാക്കി. ലെയ്പ്‌സിഷിനെതിരെ സ്റ്റേഡിയോൻ ആൻ ഡെർ ആൾടൻ ഫോർസ്റ്ററെയിലെ മത്സരത്തിൽ യൂനിയൻ ബെർലിൻ കാണികൾ തങ്ങളുടെ മരണപ്പെട്ട നാനൂറ്റമ്പതോളം ആരാധകരുടെ ചിത്രമുയർത്തി. വീർ വെർദേൻ എവിഗ് ലെബേൻ (നിങ്ങളുടെ സ്മരണകൾ മരിക്കില്ല) എന്ന് ആവർ ആർത്തുവിളിച്ചു. 
കഴിഞ്ഞ മേയിലാണ് യൂനിയൻ ബെർലിൻ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയത്. തുടർന്ന് ആരാധകർ എൻഡ്‌ലിച് ദെബേയ് (ഒടുവിൽ ഞങ്ങളും) എന്ന കൂട്ടായ്മ സൃഷ്ടിച്ചു. അന്തരിച്ച ആരാധകരുടെ ചിത്രങ്ങൾ പങ്കുവെക്കാൻ ഈ കൂട്ടായ്മ അവസരമൊരുക്കി. പഴയ കളിക്കാരുടെയും ക്ലബ് അംഗങ്ങളുടെയും ചിത്രങ്ങൾ വെച്ച് കൂറ്റൻ ബാനർ തയാറാക്കി. ആദ്യ മത്സരത്തിൽ ക്ലബ്ബിന്റെ ഗാനം സ്റ്റേഡിയത്തിൽ മുഴങ്ങവേ ആരാധകർ തങ്ങളുടെ മറഞ്ഞുപോയ ബന്ധുക്കളുടെയും പങ്കാളികളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ചിത്രങ്ങൾ ഉയർത്തി. യൂനിയൻ ബെർലിന്റെ ആദ്യ ബുണ്ടസ്‌ലിഗ മത്സരത്തിന് അവരുടെയൊക്കെ അദൃശ്യ സാന്നിധ്യം ഉണ്ടാവുകയെന്നതായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. ബുണ്ടസ്‌ലിഗയിലേക്കുള്ള സുദീർഘമായ വഴിയിൽ എണ്ണമറ്റ ആരാധകർ കൂടെയുണ്ടായിരുന്നുവെന്നും ഈ ഐതിഹാസിക നിമിഷത്തിൽ അവരെ ഓർക്കുകയാണെന്നും വെബ്‌സൈറ്റിൽ യൂനിയൻ ബെർലിൻ പ്രഖ്യാപിച്ചു. അവരെയെല്ലാം ഈ നിമിഷത്തിൽ ഓർക്കുന്നു. അവരെ ഓർക്കാനായി ഒരു പ്രചാരണ കാമ്പയിൻ എന്നത് ക്ലബ് കൂട്ടായ്മയുടെ താൽപര്യമാണ് -യൂനിയൻ ബെർലിൻ പറഞ്ഞു. 
തന്റെ ഭർത്താവിന്റെ ചിത്രം യൂനിയൻ ബെർലിൻ ആരാധകർ ഉയർത്തിപ്പിടിച്ചപ്പോൾ ഹെന്നിംഗ് എന്ന സ്ത്രീക്ക് കണ്ണീരടക്കാനായില്ല. അവരുടെ അന്തരിച്ച ഭർത്താവ് യൂനിയൻ ബെർലിൻ യൂത്ത് ടീമുകളുടെ പരിശീലകനായിരുന്നു. ആദ്യ ബുണ്ടസ്‌ലിഗ മത്സരം കാണാൻ റെയ്ൻഹാഡ് ഫിങ്കുമുണ്ടായിരുന്നു. അര നൂറ്റാണ്ട് ഇതേ സ്റ്റേഡിയത്തിലാണ് ഫിങ്ക് യൂനിയൻ ബെർലിന്റെ മത്സരം ആദ്യമായി പിതാവിനൊപ്പം കണ്ടത്. പെനാൽട്ടി സ്‌പോടിന് സമാന്തരമായാണ് ഞങ്ങൾ കളി കാണാനിരുന്നത്. ബുണ്ടസ്‌ലിഗ അരങ്ങേറ്റമായിരുന്നു അക്കാലത്തും പലരുടെയും സ്വപ്‌നം. അത് നടക്കാത്ത സ്വപ്‌നമായി തോന്നിത്തുടങ്ങിയിരുന്നു -അദ്ദേഹം പറഞ്ഞു. 19 വർഷം മുമ്പ് ആ സ്വപ്‌നം പൂവണിയാതെ ഫിങ്കിന്റെ പിതാവ് അന്തരിച്ചു. ലെയ്പ്‌സിഷിനെതിരായ അരങ്ങേറ്റത്തിൽ യൂനിയൻ ബെർലിൻ നാലു ഗോളിന് തോറ്റെങ്കിലും ആത്മസംതൃപ്തിയോടെയാണ് ആരാധകർ സ്‌റ്റേഡിയം വിട്ടത്. കാൽ മണിക്കൂറോളം നീണ്ട നിശ്ശബ്ദ പ്രതിഷേധത്തോടെയാണ് യൂനിയൻ ബെർലിൻ ആരാധകർ ബുണ്ടസ്‌ലിഗ യുഗം തുടങ്ങിയത്. ലെയ്പ്‌സിഷിനെതിരായ പ്രതിഷേധമായിരുന്നു അത്. ആരാധകർ വളർത്തിക്കൊണ്ടുവന്ന ക്ലബ്ബാണ് തങ്ങളുടേതെന്നും ലെയ്പ്‌സിഷ് എനർജി ഡ്രിങ്ക് കമ്പനി റെഡ് ബുൾ സ്‌പോൺസർ ചെയ്യുന്ന ടീമാണെന്നും ആരാധകർ ഓർമിപ്പിച്ചു. റെഡ് ബുള്ളിന്റെ കനത്ത സാമ്പത്തിക പിന്തുണയാണ് താഴ്ന്ന ലീഗുകളിൽ നിന്ന് ക്രമമായി സ്ഥാനക്കയറ്റം നേടി ബുണ്ടസ്‌ലിഗയിൽ ഇടം നേടാൻ ലെയ്പ്‌സിഷിനെ സഹായിച്ചത്. 2016 ൽ ഡീനാമൊ ഡ്രസ്ഡൻ കളിക്കാർ കാളയുടെ തലകൾ കളിക്കളത്തിലെറിഞ്ഞ് ലെയ്പ്‌സിഷിനെതിരെ പ്രതിഷേധിച്ചിരുന്നു.

Latest News