Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിന്റെ ശ്രീകൃഷ്ണ ജയന്തി യാത്ര ഇത്തവണയുമില്ല

കണ്ണൂർ- സംഘപരിവാർ സംഘടനകളുടെ ശ്രീകൃഷ്ണ ജയന്തി അടക്കമുള്ള പരിപാടികൾക്കു ബദലായി സി.പി.എം സംഘടിപ്പിക്കാറുള്ള പരിപാടികൾ വേണ്ടെന്നുവെച്ചു. ഇത്തരം പരിപാടികൾക്കു നേതൃത്വം നൽകിയിരുന്ന പി. ജയരാജൻ ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞതും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിലേറ്റ കനത്ത തിരിച്ചടിയുമാണ് ഇതിന് കാരണം.
സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം തുടങ്ങിയ പരിപാടികളിൽ സി.പി.എം കുടുംബങ്ങളിൽനിന്നുള്ള കുട്ടികളും സ്ത്രീകളും പങ്കെടുക്കുന്നത് വർധിച്ചതോടെയാണ് സി.പി.എം നേതൃത്വത്തിൽ ഇതേ ദിവസങ്ങളിൽ ബദൽ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. കണ്ണൂരിലാണിതിന് തു
ടക്കം. 
പി. ജയരാജന്റെ ആശയത്തിന് പാർട്ടി അനുമതി നൽകിയതോടെയാണ് സാംസ്‌കാരിക  നവോത്ഥാന ഘോഷയാത്രകളടക്കം ഇതേ ദിവസങ്ങളിൽ സംഘടിപ്പിച്ചത്. ഇതിൽ പലതും വൻ വിവാദമാവുകയും ചെയ്തു. ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ചതടക്കമുള്ള ദൃശ്യങ്ങൾക്ക് സി.പി.എം സംസ്ഥാന നേതൃത്വമടക്കം വിശദീകരണം നൽകേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഈ പരിപാടി മാറ്റിവെക്കുകയായിരുന്നു. എന്നാൽ ഈ വർഷം ഇതു സംബന്ധിച്ച് ആലോചന പോലും പാർട്ടിക്കകത്ത് നടന്നില്ല.
ഇത്തരം പരിപാടികൾക്കു നേതൃത്വം നൽകിയിരുന്ന പി. ജയരാജൻ ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞതാണ് പ്രധാന കാരണം. അതിന് പുറമെ തെറ്റു തിരുത്തൽ നടപടിയും ഒരു ഘടകമാണ്. ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാടുകൾ നേരത്തെ ഒപ്പം നിന്നിരുന്ന ഭൂരിപക്ഷ സമുദായത്തിലെ വലിയൊരു ഭാഗത്തെ പാർട്ടിയിൽനിന്ന് അകറ്റിയെന്നും പിന്നീട് നടന്ന ഗൃഹ സന്ദർശനത്തിലടക്കം ഇതിന് പരിഹാരം കാണാൻ സാധിച്ചില്ലെന്നുമാണ് പാർട്ടി സംസ്ഥാന ഘടകം വിലയിരുത്തിയിട്ടുള്ളത് . ഈ സാഹചര്യത്തിൽ ശ്രീകൃഷ്ണ ജയന്തിക്കു സമാന്തര പരിപാടി സംഘടിപ്പിച്ചാൽ അത് ജനങ്ങളെ കുടുതൽ അകറ്റുന്നതിന് മാത്രമേ വഴിവെക്കുമെന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല, പാർട്ടിയുടെ അനുഭാവികളുടെ വോട്ടുകൾ പോലും ചോരുന്ന അവസ്ഥ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദൃശ്യമായിരുന്നു. പാർട്ടിയുടെ ശക്തി ദുർഗങ്ങളെന്നു വിശേഷിപ്പിക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിൽ പോലും അനുഭാവികളുടെ വോട്ടുകളിലടക്കം വൻ ഇടിവാണ് ഉണ്ടായത്. വോട്ടു ചോർച്ചക്ക് അക്രമ രാഷ്ട്രീയം മാത്രമല്ല, വിശ്വാസി സമൂഹത്തിന്റെ എതിർപ്പും പ്രധാന കാരണമായെന്നാണ് വിലയിരുത്തുന്നത്. പ്രാദേശിക തലത്തിലടക്കം നേതാക്കളുടെ പ്രവർത്തന ശൈലിയിലും ഇടപെടലുകളിലും കാതലായ മാറ്റം വേണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ച പശ്ചാത്തലത്തിൽ കൂടിയാണ് സമാന്തര പരിപാടികൾ വേണ്ടെന്നു വെച്ചതെന്നാണ് വിവരം.

 

Latest News