Sorry, you need to enable JavaScript to visit this website.

പ്രളയ ഫണ്ടിന്റെ കാണാപ്പുറങ്ങൾ

പ്രളയ ദുരന്തത്തിൽപെട്ട് ജനങ്ങൾ നട്ടം തിരിയുമ്പോഴും, കേരള സർക്കാർ ധൂർത്തിന്റെ കാര്യത്തിൽ ലോഭമൊന്നും കാട്ടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്നതും, കേരള ഹൗസിൽ ഇതുവരെയില്ലാത്ത തസ്തികകൾ സൃഷ്ടിച്ച് കാബിനറ്റ് റാങ്കോടെ ആളുകളെ നിയമിക്കുന്നതുമൊക്കെ ഈ സർക്കാരിന് ചെറിയ ധൂർത്തുകൾ മാത്രം. കടത്തിൽ മുങ്ങിയ സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനമായ റബ്‌കോ അടക്കമുള്ളവയുടെ മുന്നൂറ് കോടിയിലേറെ രൂപയുടെ ബാധ്യത സർക്കാർ തന്നെ വീട്ടുന്നതിന് എന്തു ന്യായീകരണമാണുള്ളത്?

കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ കേരളത്തിൽ വീണ്ടും ഒരു പ്രളയവും അതേത്തുടർന്നുള്ള ദുരന്തങ്ങളും ഉണ്ടായിരിക്കുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തെ പകുതിയിലേറെ ജില്ലകളിൽ നദീ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ മൊത്തത്തിൽ പ്രളയക്കെടുതികൾക്ക് ഇരയായെങ്കിൽ, ഇത്തവണ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടലാണ് കനത്ത ആൾനാശം വിതച്ചത്. അതോടൊപ്പം ഇതര ജില്ലകളിൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയുണ്ടായ നാശനഷ്ടങ്ങൾ വേറെയും.
കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും പ്രളയക്കെടുതികൾ മനുഷ്യനെ നിസ്സാഹയനാക്കുന്നതായിരുന്നു. നൂറ്റാണ്ടിലെ പ്രളയമെന്ന് കഴിഞ്ഞ വർഷത്തെ കെടുതികളെ വിശേഷിപ്പിച്ചവർ, ഇത്തവണ അതിലും വലിയ കെടുതികൾ കണ്ടപ്പോൾ നടുങ്ങി. കവളപ്പാറയിലും പുത്തുമലയിലും സംഭവിച്ചത് സമാനതകളില്ലാത്ത ദുരന്തമായിരുന്നു.
ഇതൊക്കെയായിട്ടും ദുരന്ത ബാധിതരെ സഹായിക്കുന്ന കാര്യത്തിൽ കഴിഞ്ഞ വർഷം കണ്ട ആവേശം ഇത്തവണ സാധാരണ ജനങ്ങളിൽ നിന്ന് ഉണ്ടായില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒരു ആസൂത്രിത കാമ്പയിൻ ഇതിനു കാരണമായിട്ടുണ്ടാവാമെങ്കിലും യാഥാർഥ്യം അതു മാത്രമല്ല. കഴിഞ്ഞ വർഷം പ്രളയ ദുരിതാശ്വാസത്തിനായി ജനങ്ങൾ കയ്യയച്ചു നൽകിയ സഹായം ഒരു വർഷമായിട്ടും അർഹതപ്പെട്ടവർക്കു വേണ്ടി യഥാവിധി വിനിയോഗിക്കപ്പെട്ടില്ല എന്ന ആക്ഷപം നിലനിൽക്കുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയിട്ടില്ല, അതിന് കഴിയില്ല എന്ന് മുഖ്യമന്ത്രിയും സർക്കാരും ആവർത്തിക്കുമ്പോഴും, അങ്ങനെയല്ല കാര്യങ്ങൾ എന്ന് തെളിയിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഏറ്റവുമൊടുവിൽ കെ.എസ്.ഇ.ബി സാലറി ചാലഞ്ചിലൂടെ പിരിച്ചെടുത്ത 130 കോടിയിലേറെ രൂപ യഥാസമയം സർക്കാരിന് കൈമാറിയില്ലെന്ന വാർത്ത തന്നെ ഉദാഹരണം. വാർത്ത പുറത്തു വന്നതോടെ ഇന്നലെ കെ.എസ്.ഇ.ബി 131 കോടി രൂപ സർക്കാരിന് കൈമാറി. നേരത്തെ 50 കോടി രൂപ കൈമാറിയിരുന്നുവെന്നും, ഇപ്പോഴത്തെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറയുകയും ചെയ്തു. 


പത്ത് മാസമായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിരിച്ചെടുത്ത തുകയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. എന്തുകൊണ്ട് ഈ കാലതാമസമെന്ന ചോദ്യത്തിന് വകുപ്പ് മന്ത്രിക്കോ, കെ.എസ്.ഇ.ബി ചെയർമാൻ എസ്.എസ് പിള്ളക്കോ യുക്തിഭദ്രമായ ഉത്തരം നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഞങ്ങൾക്ക് ഈ പൈസ കൊണ്ട് അരി മേടിക്കേണ്ട കാര്യമില്ല എന്നൊക്കെയുള്ള കൊഞ്ഞനം കുത്തൽ മറുപടികളാണ് മന്ത്രി മണിയിൽ നിന്നുണ്ടായത്. ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പണം പെട്ടെന്ന് കൈമാറാൻ കഴിയാതിരുന്നതെന്ന വിചിത്ര ന്യായം ഇടക്ക് ചെയർമാൻ പറഞ്ഞിരുന്നു. എന്നാൽ ജീവനക്കാരിൽ നിന്ന് പിരിച്ച പണം ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ പലിശ കെ.എസ്.ഇ.ബി വാങ്ങുകയായിരുന്നുവെന്നും ആരോപണമുയർന്നു.
വാസ്തവത്തിൽ, കഴിഞ്ഞ വർഷത്തെ പ്രളയ ഫണ്ട് വകമാറ്റിയെന്നും, ഇപ്പോഴും സർക്കാരിൽനിന്ന് സഹായം പ്രതീക്ഷിച്ച് ആയിരങ്ങൾ വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. കേരളത്തിൽ ഇന്ന് ജീവിക്കുന്ന തലമുറ ഇതിനു മുമ്പ് കണ്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്തത്ര രൂക്ഷമായ പ്രകൃതി ദുരന്തമായിരുന്നു കഴിഞ്ഞ വർഷത്തെ പ്രളയം. സ്വന്തം നിലയിലോ, അടുത്ത ബന്ധുക്കളിലോ സുഹൃത്തുക്കളിലോ പെട്ടവരായോ ആ ദുരന്തത്തിന് ഇരയാവാത്ത ഒരാൾ പോലും കേരളത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കെടുതികളെ നേരിടാൻ മലയാളികൾ ഒറ്റക്കെട്ടായി നിന്നു. സർക്കാരിലേക്കും സന്നദ്ധ സംഘടനകളിലേക്കുമെല്ലാം രാജ്യത്തിനകത്തും പുറത്തും നിന്ന് ആളുകൾ കയ്യയച്ചു സഹായിച്ചു. കുടുക്ക പൊട്ടിച്ച് നൽകിയ കുട്ടികൾ തൊട്ട്, കോടികൾ കൈമാറിയ വ്യവസായ പ്രമുഖർ വരെ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ പ്രളയ കാലത്ത് നാട്ടിലുണ്ടായിരുന്ന ഈ ലേഖകനും എളിയ തോതിൽ ആ പ്രവർത്തനത്തിൽ പങ്കാളിയായി.
നാലായിരം കോടിയിലേറെ രൂപയാണ് കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒഴുകിയെത്തിയത്. വ്യക്തികളും സംഘടനകളും നൽകിയ സഹായങ്ങൾ തൊട്ട്, പൊതുമേഖലാ സ്ഥാപനങ്ങളും, വ്യവസായികളും നൽകിയതും, സാലറി ചാലഞ്ച് വഴി സർക്കാർ ജീവനക്കാരിൽ നിന്ന് പിരിച്ചതും, കേന്ദ്ര സർക്കാർ നൽകിയതുമെല്ലാം അതിൽ വരും. ഈ തുക ശരിയായി വിനിയോഗിച്ചോ, അർഹതപ്പെട്ടവർക്ക് സഹായം നൽകിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതികൾക്ക് ഇരയായ മിക്കവരും പറയുന്നത്. ഈ ലേഖകന്റെ റാന്നിയിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിൽ ഒന്നാം നിലയുടെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. വീട്ടുപകരണങ്ങളും ഫർണിച്ചറുകളുമൊക്കെ നശിച്ചു. റവന്യു ഉദ്യോഗസ്ഥർ  ആ പ്രദേശത്തെല്ലാം എത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തിരുന്നു. എന്നാൽ അടിയന്തര സഹായമായ പതിനായിരം രൂപ കിട്ടിയതല്ലാതെ പിന്നീട് സർക്കാരിന്റെ ഭാഗത്തു നിന്ന് സഹായമൊന്നുമുണ്ടായില്ലെന്ന് അവർ പറയുന്നു.
നാൽപതിനായിരം കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് കഴിഞ്ഞ പ്രളയ കാലത്ത് കേരളത്തിൽ മൊത്തത്തിൽ ഉണ്ടായതെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. ഈ നഷ്ടം മുഴുവൻ നികത്താൻ സർക്കാരിന് സാധ്യമല്ല താനും. എന്നാൽ കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കെങ്കിലും സഹായം നൽകാൻ സർക്കാരിന് കഴിയണം. ആ ലക്ഷ്യത്തോടെയാണ് ഉദാരമതികൾ സർക്കാരിനെ കയ്യയച്ചു സഹായിച്ചതും. എന്നാൽ അത്തരം ഉദ്യമങ്ങളല്ല പിന്നീട് നടന്നത്. ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ പണം മുഴുവൻ ചെലവഴിച്ചിട്ടില്ലെന്ന് തോമസ് ഐസക് തന്നെ സമ്മതിച്ച കാര്യമാണ്.
ഏതൊരു മനുഷ്യനും സാമ്പത്തിക ഞെരുക്കമുണ്ടാവുമ്പോൾ മുണ്ടു മുറുക്കിയുടുക്കും. അത്യാവശ്യത്തിനല്ലാതെ, സാധാരണ ആവശ്യങ്ങൾക്കു പോലും ചെലവഴിക്കില്ല. പാഴ്‌ചെലവിന്റെ കാര്യം പറയേണ്ടതില്ലല്ലോ. എന്നാൽ പ്രളയ ദുരന്തത്തിൽ പെട്ട് ജനങ്ങൾ നട്ടം തിരിയുമ്പോഴും, കേരള സർക്കാർ ധൂർത്തിന്റെ കാര്യത്തിൽ ലോഭമൊന്നും കാട്ടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്നതും, കേരള ഹൗസിൽ ഇതുവരെയില്ലാത്ത തസ്തികകൾ സൃഷ്ടിച്ച് കാബിനറ്റ് റാങ്കോടെ ആളുകളെ നിയമിക്കുന്നതുമൊക്കെ ഈ സർക്കാരിന് ചെറിയ ധൂർത്തുകൾ മാത്രം. കടത്തിൽ മുങ്ങിയ സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനമായ റബ്‌കോ അടക്കമുള്ളവയുടെ മുന്നൂറ് കോടിയിലേറെ രൂപയുടെ ബാധ്യത സർക്കാർ തന്നെ വീട്ടുന്നതിന് എന്തു ന്യായീകരണമാണുള്ളത്?
ഇതൊക്കെ ചോദിക്കുമ്പോൾ, ദുരിതാശ്വാസ ഫണ്ടിൽ നിന്നെടുത്തല്ല ഈ കാര്യങ്ങൾക്കെല്ലാം ചെലവഴിക്കുന്നതെന്ന മറുപടിയാണ് സർക്കാരിൽ നിന്നും മുഖ്യമന്ത്രി അടക്കമുള്ളവരിൽ നിന്നും ലഭിക്കുന്നത്. എന്നുവെച്ചാൽ സർക്കാർ ഖജനാവിൽനിന്ന് പണമെടുത്ത് എത്ര വേണമെങ്കിലും ധൂർത്തടിക്കാമെന്നാണോ? നാട് മുഴുവൻ സാമ്പത്തിക ഞെരുക്കത്തിൽ അമരുമ്പോൾ, സർക്കാർ അതിനനുസരിച്ച് ചെലവ് ചുരുക്കേണ്ടതല്ലേ? എങ്കിൽ മാത്രമല്ലേ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ സാധാരണ ജനങ്ങൾക്ക് വിശ്വാസമുണ്ടാവൂ.
ഏതായാലും കഴിഞ്ഞ പ്രളയ കാലം കഴിഞ്ഞ് ഒന്നു രണ്ട് മാസത്തിനുള്ളിൽ സർക്കാരിലേക്ക് വന്ന ദുരിതാശ്വാസ പ്രവാഹത്തിന്റെ കണക്ക് പുറത്തു വന്നിരുന്നു. ഇത്തവണയും അത്തരമൊരു കണക്ക് ജനം പ്രതീക്ഷിക്കുന്നുണ്ട്. അതു വരുമ്പോഴറിയാം ജനങ്ങൾ എത്രത്തോളം ഈ സർക്കാരിൽ വിശ്വാസമർപ്പിക്കുന്നു എന്ന്.

Latest News