Sorry, you need to enable JavaScript to visit this website.

ധാക്കയില്‍ ചേരി അഗ്നി വിഴുങ്ങി; പതിനായിരങ്ങള്‍ ഭവനരഹിതരായി

ധാക്ക- ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ചേരിയിലുണ്ടായ അഗ്നിബാധയില്‍ 1200 കുടിലുകള്‍ കത്തിച്ചാമ്പലായി. ചലന്തിക ചേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ ആളപായമില്ലെങ്കിലും നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ആയിരക്കണക്കിനാളുകളാണ് ഭവനരഹിതരായത്. മിക്ക കുടിലുകള്‍ക്കും പ്ലാസ്റ്റിക് മേല്‍ക്കൂര ആയതിനാലാണ് തീ വളരെ വേഗം ആളിപ്പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താമസക്കാരില്‍ ബഹുഭൂരിഭാഗവും തുഛവേതനക്കാരാണ്. പെരുന്നാളിനുശേഷം ആളകള്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല.
3000 മുതല്‍ 10000 വരെ ആളുകള്‍ ഭവനരഹിതരായെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1200 കുടിലുകളില്‍ 750 എണ്ണം പൂര്‍ണമായും ബാക്കി ഭാഗികമായും കത്തിയെന്നാണ് വിവരമെന്ന് ദുരന്തനിവാരണ, റിലീഫ് സഹമന്ത്രി ഇനാമുറഹ് മാന്‍ പറഞ്ഞു. രാപ്പാര്‍ക്കാന്‍ വീടില്ലാതായ ആയിരങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ 10,000 പേരെ വിവിധ വിദ്യാലയങ്ങളിലായി പാര്‍പ്പിച്ചു.
ആറു മണിക്കൂറെടുത്താണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ഫബ്രുവരിയില്‍ ധാക്കയില്‍ തന്നെ ഉണ്ടായ തീപ്പിടിത്തത്തില്‍ 80 പേര്‍ മരിച്ചിരുന്നു. ചിറ്റഗോംഗിലുണ്ടായ മറ്റൊരു ചേരി തീപ്പിടിത്തത്തില്‍ ഒമ്പതു പേരും മരിച്ചു.

 

Latest News