Sorry, you need to enable JavaScript to visit this website.

ആറു മാസത്തിനിടെ ഇന്ത്യയിൽ മലിനജലം വൃത്തിയാക്കുന്നതിടെ മരണപ്പെട്ടത് 50 പേർ

ന്യൂദൽഹി- മലിനജലം വൃത്തിയാക്കുന്നതിടെ ഇന്ത്യയിൽ ആറു മാസത്തിനിടെ അമ്പത് പേർ മരിച്ചതായി കണക്കുകൾ. ശുചീകരണത്തിനായി മാൻഹോളിൽ ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചവർ. ക്ലീനിംഗ് സ്റ്റാഫ് അംഗങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ (എൻ സി എസ് കെ) കണക്കുകളാണ് പുറത്ത് വന്നത്. യു പി, ഹരിയാന, ദൽഹി, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് തുടങ്ങിയ എട്ടു സംസ്ഥാനങ്ങളിലാണ് ഇത്രയും ആളുകൾ മാൻഹോൾ ദുരന്തത്തിൽ ആറു മാസത്തിനിടെ മരണപ്പെട്ടത്. 1993 മുതൽ ഇത് വരെയാണ് മാൻഹോൾ ദുരന്തത്തിൽ 817 തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വെച്ച് മരണപ്പെട്ടത്. എന്നാൽ, ചില സംസ്ഥാനങ്ങൾ ഇത്തരം ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നതാണ് വസ്‌തുത. 
       ഇതിനകം നടന്ന മരണങ്ങളിൽ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ മാൻഹോൾ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 156 മരണമാണ് തമിഴ്‌നാട്ടിൽ നിന്നും പുറത്ത് വന്നത്. തൊട്ടു പിന്നിലുള്ള ഉത്തർ പ്രദേശിൽ 77 ഉം, ഹരിയാനയിൽ 70 ഉം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആറു മാസത്തിനിടെ ഹരിയായനയിൽ മാത്രം മാൻഹോൾ ദുരന്തത്തിൽ 11 പേർ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. മാൻഹോൾ ദുരന്തത്തിൽ മരിച്ചവർക്ക് പത്ത് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകാനാണ് നിശ്ചയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ദുരന്തത്തിൽ മരിച്ചവരിൽ എഴുപത്തഞ്ചു ശതമാനം പേർക്കും സഹായ ധനം നൽകിയെങ്കിലും ഗുജറാത്ത് സർക്കാർ വെറും മുപ്പത് ശക്തമാനം ആളുകൾക്ക് മാത്രമാണ് ഇത് നൽകിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ദുരന്തത്തെ കുറിച്ചുള്ള അജ്ഞതയും സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപതതയുമാണ് മാൻഹോൾ ദുരന്തങ്ങൾ വർധിക്കാൻ കാരണം. 

Latest News