Sorry, you need to enable JavaScript to visit this website.

തൃശൂരിൽ നിന്ന് കൂടുതൽ  ഭാരത ദർശൻ ട്രെയിനുകൾ

തൃശൂർ, ഗുരുവായൂർ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് കൂടുതൽ ഭാരത ദർശൻ ട്രെയിനുകൾ ഉണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ലോക്‌സഭയെ അറിയിച്ചു. ഭാരത ദർശൻ ട്രെയിൻ സർവീസിന്റെ ഭാഗമായി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന നിലയ്ക്ക് തൃശൂരിനെയും ഇന്ത്യയുടെ മറ്റു സാംസ്‌കാരിക നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് അനുവദിക്കുമോ എന്ന ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന്റെ മറുപടിയായാണ് മന്ത്രി പറഞ്ഞത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനാണ് 2005 മുതൽ സർവീസ് ആരംഭിച്ചത്.
ഇത്, സ്ഥലങ്ങളുടെ പ്രശസ്തി, യാത്രക്കാരുടെ ആവശ്യം, സർവീസ് നടത്താനുള്ള സൗകര്യം എന്നിവ പരിഗണിച്ചാണ് നടപ്പിലാക്കുന്നത്. തൃശൂർ, ഗുരുവായൂർ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് 2018 ലും 2019 ലുമായി നാല് ഭാരത ദർശൻ ട്രെയിനുകൾ ഉണ്ടായിരുന്നു. തൃശൂർ സ്‌റ്റേഷൻ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒടുവിലത്തെ ഭാരത ദർശൻ സർവീസ് ഈ വർഷം ജനുവരിയിലായിരുന്നു. ഇത്തരം കൂടുതൽ സർവീസുകൾ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് തുടരും.
തൃശൂർ റെയിൽവേ സ്‌റ്റേഷന്റെ എൻ.എസ്.ജി 2 കാറ്റഗറി പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ മാർഗങ്ങൾ കണ്ടെത്തും. കുടിവെള്ളം ലഭ്യമാക്കാൻ നിലവിൽ സ്‌റ്റേഷനിൽ അറുപത് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലേക്കുള്ള വെള്ളം കേരള വാട്ടർ അതോറിറ്റിയാണ് പ്രധാനമായും നൽകുന്നത്. കൂടാതെ ഒരു കിണറും അതോടൊപ്പം ഒരു കുഴൽ കിണറും റെയിൽവേയുടേതായുണ്ട്. സ്‌റ്റേഷനിലേക്ക് ആവശ്യമായ വെള്ളം ഇങ്ങനെയൊക്കെ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും വേനൽക്കാലത്ത് ഉണ്ടാവുന്ന ജലക്ഷാമം പരിഹരിക്കാൻ ഒരു കിണർ കൂടി നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
സ്‌റ്റേഷനിലെ 1, 2, 3 പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ കുടിവെള്ളം ലഭ്യമാകുന്ന ഓട്ടോമാറ്റിക് മെഷീൻ സൗകര്യം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇതിലൊരെണ്ണം കമ്മീഷൻ ചെയ്തു കഴിഞ്ഞു. കൂടാതെ ഇതേ പ്ലാറ്റ്‌ഫോമിൽ മൂന്ന് പുതിയ ശൗചാലയങ്ങളും സൗകര്യപ്പെടുത്തും. ഇത് നിലവിൽ സ്‌റ്റേഷനിലുള്ള 27 ശൗചാലയങ്ങൾ കൂടാതെയാണിത്. വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യത്തിനായി നിലവിൽ സ്‌റ്റേഷൻ പരിസരത്തുള്ള സ്ഥലം പര്യാപ്തമാണെന്നും മന്ത്രി പറഞ്ഞു.


 

Latest News