Sorry, you need to enable JavaScript to visit this website.

ചോക്ലേറ്റ് ബാര്‍ കഴിച്ച്  ഇന്ത്യന്‍ ബാലന്‍ മരിച്ചു 

ലണ്ടന്‍-ചോക്ലേറ്റ് ബാര്‍ കഴിച്ചു ബ്ലാക്ക്‌ബേണിലെ ഇന്ത്യന്‍ ബാലന്‍ മരിച്ച സംഭവം പിതാവിനു പറ്റിയ അബദ്ധമെന്ന്.  ഡയറി ഉല്‍പന്നങ്ങള്‍ക്കു അലര്‍ജിയുള്ള ബ്ലാക്ക്‌ബേണിലെ 11 കാരന്‍ റാഫി പൗനാള്‍ പാലിന്റെ അംശം ഉള്ള ചോക്കളേറ്റ് ബാര്‍ കഴിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് മരിച്ച സംഭവത്തില്‍ ആണ് കൊറോണര്‍ കോടതി വിധി പുറപ്പെടുവിച്ചത്. മോറിസണില്‍ നിന്നും മകന് വാങ്ങി നല്‍കിയ ചോക്കളേറ്റ് ബാറില്‍ പാലിന്റെ അംശം ഉള്ളത് പിതാവ് ശ്രദ്ധിക്കാതെ വന്നതാണ് കുട്ടി മരിക്കാനിടയായത് എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. മില്‍ക്ക് ഫ്രീ പ്രൊഡക്ടാണെന്ന് തെറ്റിദ്ധരിച്ച് കുട്ടിയുടെ പിതാവ് തോമസ് പൗനാള്‍ ഗ്ലുട്ടന്‍ ഫ്രീ ചോക്കളേറ്റ് ബാര്‍ വാങ്ങി നല്‍കിയതിനെ തുടര്‍ന്നാണ് മരണത്തിന് കാരണമായതായതെന്നാണ് ബ്ലാക്ക്‌ബേണ്‍ കൊറോണര്‍ കോടതി വിധിച്ചിരിക്കുന്നത്.
ചോക്കളേറ്റ് കഴിച്ചതിനെ തുടര്‍ന്ന് മകന്‍ ഛര്‍ദിക്കുന്നത് കണ്ടപ്പോഴാണ് പിതാവ് ചോക്കളേറ്റിന്റെ ലേബല്‍ നോക്കുകയും പാലിന്റെ അംശം ഉണ്ടെന്നു മനസിലാക്കുകയും ചെയ്തത്. മില്‍ക്ക് പൗഡര്‍ അടങ്ങിയ ഗ്ലുട്ടന്‍ ഫ്രീ ബാറാണ് മകന്‍ കഴിച്ചിരിക്കുന്നതെന്ന് കണ്ട് അദ്ദേഹം ഉടനടി മകന് ഇന്‍ഹേലര്‍  നല്‍കി ആംബുലന്‍സ് വിളിക്കുകയായിരുന്നു. റോയല്‍ ബ്ലാക്ക്‌ബേണ്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു 
അന്ത്യം. പാല്‍ അലര്‍ജി മൂലമുള്ള ഗുരുതരാവസ്ഥയായ അനഫിലാക്‌സിസ് കാരണമാണ് റാഫി പെട്ടെന്ന് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍  വ്യക്തമായിരുന്നു. പാല്‍ ഉല്‍പന്നങ്ങളോട് ശരീരത്തിലെ പ്രതിരോധ സംവിധാനം അസാധാരണായ വിധത്തില്‍ പ്രതികരിക്കുന്നതാണ് ഡയറി അലര്‍ജി.
താന്‍ മകന് വാങ്ങിക്കൊടുത്ത ചോക്കളേറ്റ് പാല്‍ അടങ്ങിയതാണെന്ന് പിതാവ് തോമസ് അറിഞ്ഞിരുന്നില്ലെന്നും മകന്റെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം അങ്ങേയറ്റം ശ്രമിച്ചിരുന്നുവെന്നും വിചാരണക്കിടെ കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. പഠനത്തിലും പഠനേതര പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു റാഫി.

Latest News